വയനാട്: കനത്ത മഴയെ തുടർന്ന് വയനാട്ടിലെ വിവിധ ഭാഗങ്ങളിൽ ജനജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്. പുന്നപ്പുഴയിൽ ഒഴുക്ക് ശക്തമായതോടെ പ്രദേശവാസികൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. ഉരുൾപൊട്ടലിനെ തുടർന്ന് തയ്യാറാക്കിയ ബെയ്‌ലി പാലത്തിന് സമീപമായാണ് കുത്തൊഴുക്ക്. ഇന്നലെ വൈകുന്നേരം മുതൽ വയനാട്ടിൽ ശക്തമായ മഴയാണ് പെയ്യുന്നത്. വനമേഖലയിൽ 100 മില്ലീമീറ്റർ മഴ പെയ്‌തെന്നാണ് വിവരം.
ചില ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായോയെന്ന സംശയവും പ്രദേശവാസികൾക്കുണ്ടായിട്ടുണ്ട്. വനറാണി പ്രദേശത്തും മുണ്ടക്കൈയോട് ചേർന്നുളള പ്രദേശങ്ങളിലും ഇപ്പോൾ റവന്യൂ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. അതേസമയം മുണ്ടക്കൈ പ്രദേശങ്ങളിൽ ഉരുൾപൊട്ടിയോയെന്നുളള സംശയവും നാട്ടുകാർക്കുണ്ട്. ഇതുമായി ബന്ധപ്പെട്ടുളള പരിശോധനകളും മുണ്ടക്കൈയിൽ നടക്കുകയാണ്.
അതേസമയം, വയനാട്ടിൽ ഗുരുതര സാഹചര്യമൊന്നുമില്ലെന്നാണ് കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. ബെയ്ലി പാലത്തിനപ്പുറമുളള എസ്റ്റേറ്റ് തൊഴിലാളികളെ സുരക്ഷാ സ്ഥാനങ്ങളിലേക്കെത്തിക്കാനുളള ശ്രമവും തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. അതിനിടയിൽ സർക്കാരിനെതിരെ വലിയ രീതിയിലുളള പ്രതിഷേധവും ഈ ഭാഗങ്ങളിൽ നടക്കുന്നുണ്ട്. പ്രകൃതിദുരന്ത സാദ്ധ്യതയുളള മേഖലയിൽ ജീവിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ ഒന്നും ചെയ്തില്ലെന്നാണ് നാട്ടുകാരുടെ വിമർശനം. വില്ലേജ് ഓഫീസറെ മുണ്ടക്കൈ ഭാഗത്തേക്ക് പ്രവേശിപ്പിക്കാതെയാണ് നാട്ടുകാർ പ്രതിഷേധം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |