മലയാളികളുടെ ഏറ്റവും വലിയ ആഘോഷമാണ് ഓണം. ജാതിമതഭേദമെന്യേ കുടുംബാംഗങ്ങൾ ഒന്നിച്ചുകൂടി ആഘോഷത്തിമിർപ്പിലാറാടുന്ന നല്ല നാളുകളാണത്. ഉപജീവനത്തിനായി ലോകത്തിന്റെ നാനാഭാഗങ്ങളിലും പോയി പണിയെടുക്കുന്ന മലയാളികളുടെ ഒത്തുചേരലിനുള്ള അവസരം കൂടിയാണിത്. ഉള്ളവർക്കൊപ്പം ഇല്ലാത്തവരും തങ്ങളാലാവും വിധം ഓണത്തെ വരവേൽക്കാറുണ്ട്. കാണം വിറ്റും ഓണമുണ്ണണം എന്നൊരു ചൊല്ലുതന്നെയുണ്ട്. കുറെയധികം വർഷങ്ങളായി സംസ്ഥാന ഭരണകൂടവും ഓണനാളുകൾ പരമാവധി ആഘോഷപൂർണമാക്കാൻ വലിയ തോതിൽ ജനങ്ങൾക്കൊപ്പം നിൽക്കുന്നു. വിപണിയിൽ ഓണക്കാല വിലവർദ്ധന നിയന്ത്രിക്കുന്നത് സർക്കാരിന്റെ ഫലപ്രദമായ ഇടപെടലുകളിലൂടെയാണ്. സപ്ളൈകോ, ഹോർട്ടികോർപ്പ്, കെപ്‌കോ തുടങ്ങിയ സ്ഥാപനങ്ങളുടെ സേവനം ഇക്കൂട്ടത്തിൽ എടുത്തുപറയാം.
എന്നാൽ സർക്കാരിന്റെ കടുത്ത സാമ്പത്തിക ഞെരുക്കം കാരണം കുറച്ചുനാളായി ഈ സ്ഥാപനങ്ങളുടെ പ്രവർത്തനം മന്ദീഭവിച്ച നിലയിലാണ്. ദുരിതകാലത്ത് ജനങ്ങൾക്ക് ഉപകാരപ്പെടേണ്ട സപ്ളൈകോയുടെ പല സ്റ്റോറുകളും വെറുതേ തുറന്നുവയ്ക്കുന്നേയുള്ളൂ. അവിടെ ആളുകൾക്കു വേണ്ട സാധനങ്ങളൊന്നും ലഭ്യമല്ല. ഉപഭോക്‌തൃ സംസ്ഥാനമായ കേരളത്തിന് ഏതു സാധനവും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തണം. സാധനങ്ങൾ വാങ്ങിയ ഇനത്തിൽ കോടിക്കണക്കിനു രൂപ കുടിശികയിട്ടതോടെ അവരൊന്നും മുൻകൂർ സാധനങ്ങൾ നൽകാൻ സന്നദ്ധരല്ല. സപ്ളൈകോയിലെ റാക്കുകൾ കാലിയാകാനുള്ള കാരണം ഇതാണ്. ഓണത്തിന് ഇനി കഷ്ടിച്ച് ഒന്നര മാസമേയുള്ളൂ. ഓണനാളുകളിലെ വിപണി ഇടപെടലിന് സപ്ളൈകോ ഉഷാറായി രംഗത്തിറങ്ങേണ്ട സമയമാണിത്. പക്ഷേ ഭക്ഷ്യവകുപ്പിന് ധനവകുപ്പിൽ നിന്ന് ആവശ്യത്തിന് പണം കിട്ടിയാലേ സപ്ളൈകോയ്ക്ക് രംഗത്തിറങ്ങാനാവൂ. അഞ്ഞൂറു കോടി രൂപ ചോദിച്ചിടത്ത് ലഭിച്ചത് നൂറുകോടി രൂപ മാത്രം. ഈ നൂറുകോടികൊണ്ട് എന്തു ചെയ്യാനെന്ന വിഷമത്തിലാണ് ഭക്ഷ്യവകുപ്പ്. സംസ്ഥാന വ്യാപകമായി ഓണം ഫെയറുകൾ പതിവുള്ളതാണ്. അതിനാവശ്യമായ ഫണ്ട് ലഭ്യമായാലേ സ്റ്റാളുകൾ തുറക്കാനാവൂ.
ആവശ്യത്തിന് ഫണ്ട് ലഭിക്കുന്നില്ലെങ്കിൽ സപ്ളൈകോ സ്റ്റോറുകൾ ഓണക്കാലത്ത് പൂട്ടിയിടേണ്ടിവരുമെന്ന് ഭക്ഷ്യവകുപ്പ് ധനകാര്യ വകുപ്പിനെ അറിയിച്ചിട്ടും അനക്കമൊന്നുമില്ലെന്നാണ് കേൾക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ധനവകുപ്പിനെ പിന്നോട്ടുവലിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. ശമ്പളം നൽകാൻ പോലും എല്ലാ മാസവും വായ്പ എടുക്കേണ്ടിവരുന്ന ഗതികേടിലാണ് സർക്കാർ. സർക്കാരിന്റെ സാമ്പത്തിക ഞെരുക്കം യാഥാർത്ഥ്യമാണെങ്കിലും ഓണവിപണി ഇടപെടലിന് സപ്ളൈകോയ്ക്ക് ആവശ്യത്തിന് ഫണ്ട് അനുവദിക്കാൻ വഴി കണ്ടെത്തുക തന്നെ വേണം. സാധാരണക്കാരുടെ ആവശ്യമാണത്. പൊതുവിപണിയുടെ ചൂഷണത്തിൽ നിന്ന് ഒരു പരിധിവരെയെങ്കിലും സാധാരണക്കാരെ സംരക്ഷിക്കുന്നത് സർക്കാരിന്റെ ഓണ വിപണികളാണ്. അതിനു മുടക്കം വരുന്നത് അത്ര നല്ല കാര്യമല്ല. പല ചെലവുകളുടെയും കൂട്ടത്തിൽ പ്രഥമ പരിഗണന ലഭിക്കേണ്ട മേഖലയാണ് ജനങ്ങളുടെ ഭക്ഷ്യാവശ്യങ്ങൾ.
സപ്ളൈകോയിൽ നിന്ന് സമയത്തിന് പണം കിട്ടുമെന്ന് ഉറപ്പില്ലാത്തതുകൊണ്ടാണ് മറ്റു സംസ്ഥാനങ്ങളിലെ വ്യാപാരികൾ സപ്ളൈകോയുടെ ടെൻഡറുകൾക്ക് മറുപടി പോലും നൽകാത്തത്. 650 കോടി രൂപയുടെ കുടിശ്ശിക ഇപ്പോൾത്തന്നെയുണ്ട്. അതു കൊടുത്തുതീർക്കാനും സർക്കാർ കനിയേണ്ടിയിരിക്കുന്നു. കുടിശികയ്ക്ക് സാവകാശം ചോദിക്കാമെങ്കിലും ഓണവിപണയിൽ ചരക്കെത്തിക്കുന്നതിന് ഉടനടി പണം നൽകിയേ മതിയാവൂ. സപ്ളൈകോ ധനവകുപ്പിനോട് 500 കോടി രൂപ ചോദിച്ചത് ഈ പശ്ചാത്തലത്തിലാണ്. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രകൃതി ദുരന്തം നേരിടുന്ന സമയമാണിത്. ദുരിതവും കഷ്ടപ്പാടും ഭയാനകമായ തോതിലാണ്. ജനങ്ങൾ ഒന്നുചേർന്ന് ദുരിതബാധിതരെ സഹായിക്കേണ്ട സന്ദർഭം കൂടിയാണിത്. അതോടൊപ്പം ഓണാഘോഷങ്ങളുടെ പൊലിമ പരമാവധി വെട്ടിച്ചുരുക്കാനും കഴിയണം. എന്നാൽ അവശ്യസാധന വിപണിയിലെ സപ്ളൈകോ ഇടപെടലിന് ലോപമൊന്നും വരുത്തേണ്ടതില്ല. അതിനാവശ്യമായ പണം നൽകുകതന്നെ വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |