കൽപ്പറ്റ: മേപ്പാടി മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 264 ആയി ഉയർന്നിരിക്കുകയാണ്. വയനാട്ടിലെ മോശം കാലാവസ്ഥ രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കുകയാണെങ്കിലും ബെയ്‌ലി പാലത്തിന്റെ നിർമാണം പൂർത്തിയാക്കാനൊരുങ്ങുകയാണ് സൈന്യം. ഇന്ന് ഉച്ചയ്ക്ക് മുൻപ് പാലത്തിന്റെ നിർമാണം പൂർത്തിയാകുമെന്നാണ് സൈന്യം കരുതുന്നത്. പാലത്തിന്റെ നിർമാണം പൂർത്തിയായൽ ജെസിബികൾ അടക്കമുളള വാഹനങ്ങൾ മറുകരയിലേക്ക് എത്തിച്ച് രക്ഷാപ്രവർത്തനം സുഗമമാക്കാൻ സാധിക്കും.
അതേസമയം, വയനാട്ടിൽ അതിതീവ്ര മഴയെ തുടർന്ന് വീണ്ടും ഉരുൾപൊട്ടാനുളള സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ദുരന്തത്തിൽ മണ്ണിനടിയിലായ 240ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. ദുരന്തത്തിൽ കുടുംബങ്ങൾ അപ്പാടെയാണ് തുടച്ചുമാറ്റപ്പെട്ടത്. പരിക്കേറ്റ 195 പേർ മേപ്പാടിയിലും പരിസരങ്ങളിലും ആശുപത്രികളിലുമുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. 117 പേരെ ചികിത്സയ്ക്ക് ശേഷം ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.
കൂറ്റൻ പാറക്കല്ലുകൾ നിറഞ്ഞ, ചെളിക്കുണ്ടായ ദുരന്തഭൂമിയിൽ ഇന്നലെയും സൈന്യത്തിന്റെ നേതൃത്വത്തിൽ വിശ്രമമില്ലാതെ തെരച്ചിൽ തുടർന്നിരുന്നു. ഇടയ്ക്കിടയ്ക്ക് കോരിച്ചൊരിയുന്ന മഴയാണ് പ്രധാന തടസം. കര, വ്യോമസേന, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, പൊലീസ്, അഗ്നിരക്ഷാസേന എന്നിവർ സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. ഇവരെ സഹായിക്കാൻ ഒട്ടേറെ സന്നദ്ധപ്രവർത്തകരും വയനാട്ടിൽ എത്തിയിട്ടുണ്ട്.
തകർന്നുവീണ മേൽക്കൂരകൾ പൊട്ടിച്ചും ചെളിക്കുഴികളിൽ സാഹസികമായി ഇറങ്ങിയുമാണ് തെരച്ചിൽ.ഇന്നലെ മുണ്ടക്കൈയിൽ നിന്ന് പത്ത് മൃതദേഹങ്ങൾ പുറത്തെടുത്തു. ചാലിയാർ പുഴയിൽ പനങ്കയം ഭാഗത്തുനിന്ന് ഇതിനകം 80ലേറെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തിരിച്ചറിയാൻ കഴിയാത്തവിധം ചിതറിയ നിലയിലാണ് ശരീരങ്ങളേറെയും.
മലമുകളിലെ പുഞ്ചിരിമുട്ടത്ത് നിന്ന് കുലംകുത്തിയൊഴുകിയ മലവെള്ളം പിച്ചിച്ചീന്തിയ മനുഷ്യരുടെ ശേഷിപ്പുകൾ നാല്പത് കിലോമീറ്ററിനപ്പുറം ചാലിയാർ പുഴയിൽ പൊങ്ങുകയായിരുന്നു. നിലമ്പൂരിൽ നിന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷമാണ് മൃതദേഹങ്ങൾ മേപ്പാടിയിലെത്തിച്ചത്.അട്ടമലയിൽ കുടുങ്ങിയവരെ ചൂരൽമലയിൽ സൈന്യം നിർമ്മിച്ച താത്കാലിക പാലം വഴിയും വടം കെട്ടിയുമാണ് പുറത്തെത്തിച്ചത്. ഇതിനകം ആയിരത്തി അഞ്ഞൂറോളം പേരെ സൈന്യം രക്ഷപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |