കാസർകോട്: ഉദുമയിലും പരിസരത്തും വിഷപ്പാമ്പുകളെ കാണുമ്പോഴുള്ള ഭയം അകറ്റുന്ന ഒരു പേരാണ് കർണാടക സിർസിക്കാരൻ മുഹമ്മദിന്റേത്. ആയിരത്തോളം പാമ്പുകളെ പിടികൂടി കാട്ടിനുള്ളിൽ വിടുകയും വനംവകുപ്പിന് കൈമാറുകയും ചെയ്തിട്ടും ഒരിക്കൽ പോലും കടിയേറ്റിട്ടില്ലാത്ത ഈ അറുപതുകാരൻ സൈക്കിളിൽ പറന്നുവരുമെന്ന് അത്രയ്ക്ക് ഉറപ്പാണ് നാട്ടുകാർക്ക്.
ചെറുപ്രായത്തിൽ കർണാടക വനമേഖലയോട് ചേർന്നുള്ള നാട്ടിൽ പാമ്പുകളെ പിടികൂടിയ പരിചയമാണ് പതിനാറാം വയസിൽ കാസർകോട്ടെ മധൂരിലെത്തുമ്പോൾ മുഹമ്മദിന്റെ അനുഭവസമ്പത്ത്. ഒരു തോട്ടത്തിൽ ജോലി കിട്ടിയതിനെ തുടർന്നാണ് ഇദ്ദേഹം ഇവിടെയെത്തിയത്. പാമ്പുപിടിത്തത്തിലെ മികവ് കണ്ട് വനംവകുപ്പ് ആ ജോലി വച്ചുനീട്ടിയെങ്കിലും മുഹമ്മദ് താൽപര്യം കാട്ടിയില്ല. 25 ാം വയസിൽ ഉദുമ കുറുക്കൻകുന്നിലെ ബീവിയെ ജീവിതസഖിയാക്കിയതോടെ താമസം ഇവിടേക്ക് മാറ്റി. കുറുക്കൻ കുന്നിൽ വീടും പണിതു. നാട്ടിൽ എവിടെ പാമ്പുണ്ടെന്ന് അറിയിച്ചാലും മുഹമ്മദ് സൈക്കിൾ ചവിട്ടി കുതിച്ചെത്തും.
മാങ്ങാടെ ഒരു വീട്ടിലെ കിണറിൽ നിന്നു മൂർഖനെ പിടിച്ചായിരുന്നു തുടക്കം. പിടിച്ചതിൽ കൂടുതലും പുല്ലാനി മൂർഖൻ ആണെന്ന് മുഹമ്മദ് പറയുന്നു. കരിമൂർഖൻ, അണലി, വെളളിക്കെട്ടൻ, ശംഖുവരയൻ, തെയ്യം പാമ്പ്, പെരുമ്പാമ്പ് എന്നിവയും ലിസ്റ്റിലുണ്ട്. വേദനിപ്പിക്കുമ്പോൾ മാത്രമാണ് പാമ്പുകൾ കടിക്കുന്നത്. പക വെച്ചു കടിക്കുന്ന സ്വഭാവമൊന്നും അതിനില്ല- തന്റെ അനുഭവസമ്പത്തിൽ നിന്ന് മുഹമ്മദ് മനസിലാക്കിയ പാഠം ഇതാണ്.
അതിർത്തിമേഖലയിലും മലയോരത്തും വരെ മുഹമ്മദ് പാമ്പുപിടിക്കാൻ പോയിട്ടുണ്ട്. വാഹനം അയച്ചാൽ അതിൽ കയറി സ്ഥലത്തെത്തും. പാമ്പുകൾ ഓടിരക്ഷപ്പെടുന്നത് തടയാൻ മാത്രം ചെറിയ വടി ഉപയോഗിക്കും. പിടുത്തമെല്ലാം കൈകൾ കൊണ്ടുതന്നെയാണ്. നാട്ടുകാരുടെ അടിയേറ്റു ചാവുമെന്ന അവസ്ഥയിൽ നിന്ന് രക്ഷപ്പെട്ട് പാമ്പുകൾ ഇഴഞ്ഞു പോകുമ്പോൾ ആശ്വസിക്കുന്നത് മുഹമ്മദു കൂടിയാണ്.
അപകടകരമായ ദൗത്യമായിരുന്നിട്ടും ഭാര്യ ബീവിയും മക്കളായ ഫാത്തിമ, ജമീല, സൈനബ, സഫിയ, യാസർ എന്നിവരും മുഹമ്മദിനെ ഇന്നുവരെ തടഞ്ഞിട്ടില്ല. പലരുടെയും ജീവൻ രക്ഷിക്കാനുള്ള മാർഗമാണെന്ന് ഇവർ തിരിച്ചറിയുന്നു. പാമ്പിന് പുറമെ കടന്നലുകളെ പിടികൂടുന്നതിലും ഇദ്ദേഹം സമർത്ഥനാണ്.
രാത്രിയും പകലും ആളുകൾ വിളിക്കുന്നുണ്ട്. എപ്പോൾ വിളിച്ചാലും ഞാൻ പോയി പാമ്പുകളെ പിടിക്കാറുണ്ട്. മറ്റു പണിക്കൊന്നും പോകാൻ കഴിയാറില്ല.എന്നാലും പാമ്പിനെ പിടിച്ചതിന് പ്രതിഫലം ഇതുവരെ ആരോടും ചോദിച്ചു വാങ്ങാൻ മനസ് വന്നിട്ടില്ല. ജീവൻ രക്ഷിക്കാൻ ദൈവം തന്ന വഴിയല്ലേ.സ്നേഹം തോന്നി നൽകുന്നത് വാങ്ങിക്കും.- പാമ്പുപിടുത്തക്കാരൻ മുഹമ്മദ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |