വയനാട്: രക്ഷാപ്രവർത്തനത്തിന് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് മുണ്ടക്കൈയിലും ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തും കനത്ത മഴ. മണ്ണിടിച്ചിൽ ഭീതി ഉള്ളതിനാൽ പ്രദേശത്തുനിന്ന് രക്ഷാപ്രവർത്തകരെ അടക്കം തിരിച്ചിറക്കുകയാണ്. പുഞ്ചിരിമട്ടത്ത് രക്ഷാദൗത്യം തൽക്കാലത്തേക്ക് നിറുത്തിവച്ചു. കാലാവസ്ഥ അനുകൂലമായശേഷമായിരിക്കും ദൗത്യം പുനരാംഭിക്കുക. എന്നാൽ കനത്ത മഴയെ അവഗണിച്ച് ബെയ്‌ലിപാലത്തിന്റെ നിർമാണവുമായി സൈന്യം മുന്നോട്ടുപോവുകയാണ്. പാലം പൂർത്തിയായാലേ ചൂരൽമല ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ കൂടുതൽ യന്ത്രങ്ങൾ എത്തിച്ച് തിരച്ചിൽ ശക്തമാക്കാനാവൂ.
ഇന്ന് രാവിലെ മഴ മാറിനിന്നതിനാലും പുഴയിലെ ഒഴുക്കിന്റെ വേഗത കുറഞ്ഞതിനാലും രക്ഷാപ്രവർത്തനത്തിന് കൂടുതൽ വേഗം കൈവരിച്ചിരുന്നു. മഴ മാറിനിന്ന വേളയിൽ തന്നെ പ്രദേശമാകെ നിറഞ്ഞുനിൽക്കുന്ന ചെളി രക്ഷാപ്രവർത്തനത്തിയ് കടുത്ത പ്രതിസന്ധിയും സൃഷ്ടിച്ചിരുന്നു. ഇതിനിടയിലാണ് വീണ്ടും മഴ തുടങ്ങിയത്.
ഹിറ്റാച്ചികളുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ മുണ്ടക്കൈയിൽ നിന്ന് ഇന്ന് കൂടുതൽ മൃതദേഹങ്ങൾ ലഭിച്ചിരുന്നു. ചാലിയാർ പുഴയിൽ നടത്തിയ തിരച്ചിലിലും മൃതദേഹം കണ്ടെടുത്തു. മുണ്ടക്കൈ, ചൂരൽ മല ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവനോടെ ഇനി ആരുമില്ലെന്ന് സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മരണസംഖ്യ 284 ആയി ഉയർന്നു.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് യന്ത്രസഹായത്താേടെ പരിശോധന നടത്തുന്നുണ്ട്. കൂടുതൽ ഹിറ്റാച്ചികൾ എത്തിച്ചതോടെ തിരച്ചിലിന് വേഗത കൂടിയിട്ടുണ്ട്. മണ്ണിനടിയിൽ പെട്ടുകിടക്കുന്ന മൃതദേഹങ്ങൾ മണത്തുകണ്ടുപിടിക്കാൻ പരിശീലനം ലഭിച്ച നായ്ക്കളെയും തിരച്ചിലിന് ഉപയോഗിക്കുന്നു. ചൂരൽ മലയിൽ ഉൾപ്പടെ തിരച്ചിൽ കൂടുതൽ ശക്തമാകുന്നതോടെ മരണസംഖ്യ ഇനിയും ഉയരാൻ ഇടയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇപ്പോൾ മുണ്ടക്കൈയിൽ പതിനഞ്ച് ഹിറ്റാച്ചികളാണ് തിരച്ചിൽ നടത്തുന്നത്. കൂടുതൽ കട്ടിംഗ് മെഷീനുകളും ആംബുലൻസുകളും എത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |