ബംഗളൂരു: നീണ്ട കാത്തിരിപ്പിനൊടുവിലാണ് കേരളത്തിന്റെ മൂന്നാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്ക് സർവീസ് നടത്തി തുടങ്ങിയത്. രണ്ട് ദിവസം മുൻപാണ് സർവീസുകൾ ആരംഭിച്ചത്. ഐടി മേഖലകളിൽ ഉൾപ്പടെ വിവിധയിടങ്ങളിൽ ജോലി ചെയ്യുന്നവർക്കാണ് പുതിയ സർവീസ് ഗുണം ചെയ്തത്. ഇപ്പോഴിതാ ആൾ കേരള റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പുതിയ ആവശ്യവുമായി റെയിൽവേയെ സമീപിച്ചിരിക്കുകയാണ്.
എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്ക് ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലാണ് വന്ദേഭാരത് സർവീസ് നടത്തുന്നത്. അതിനുപകരം ഈ സർവീസ് സ്ഥിരമാക്കാനാണ് അസോസിയേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. എട്ട് കോച്ചുകളിൽ നിന്ന് 16 കോച്ചുകളായി ഉയർത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗളൂരുവിലെ മജസ്റ്റിക് ബസ് സ്റ്റാൻഡിന് സമീപത്തുളള കെഎസ്ആർ സ്റ്റേഷൻ വരെ സർവീസ് നടത്തണമെന്നും ആവശ്യമുണ്ട്. ഇത് യാത്രക്കാർക്ക് അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ സഹായകരമാകുമെന്നും അസോസിയേഷൻ പ്രസിഡന്റ് പോൾ മൺവെട്ടം പറഞ്ഞു.
06001 എന്ന ട്രെയിൻ ഉച്ചയ്ക്ക് 12.50 എറണാകുളത്ത് നിന്ന് പുറപ്പെട്ട് ബംഗളൂരു കന്റോൺമെന്റിൽ (ബിഎൻസി) രാത്രി പത്ത് മണിക്ക് എത്തിച്ചേരും. എല്ലാ ആഴ്ചയും ബുധൻ, വെളളി. ഞായർ എന്നീ ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്. അതേസമയം, 06002 എന്ന ട്രെയിൻ ബിഎൻസിയിൽ നിന്നും പുലർച്ചെ ആറ് മണിക്ക് പുറപ്പെടുകയും ചെയ്യും. തിരിച്ച് എറണാകുളത്ത് ഉച്ചയ്ക്ക് 2.20ഓടെ മടങ്ങിയെത്തും. വ്യാഴം, ശനി, തിങ്കൾ എന്നീ ദിവസങ്ങളിലാണ് തിരിച്ചുളള സർവീസുകൾ. തൃശൂർ, പാലക്കാട്, പോടന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലായിരിക്കും മൂന്നാം വന്ദേഭാരതിന് സ്റ്റോപ്പുണ്ടാവുക.
എറണാകുളം-ബംഗളൂരു എസി ചെയർ കാറിന് 1465 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിന് 2945 രൂപയുമാണ് നിരക്ക്. ബസ് ചാർജിനെക്കാൾ ഇത് അല്പം കൂടുതലാണെന്ന് തോന്നുമെങ്കിലും സമയ ലാഭവും സൗകര്യങ്ങളും വച്ചുനോക്കുമ്പോൾ ഏറെ ലാഭകരമാവും എന്നാണ് യാത്രക്കാർ സൂചിപ്പിക്കുന്നത്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് വന്ദേഭാരത് ട്രെയിനുകളുടെ നിർമാണം. എന്നാൽ കേരളത്തിലെ ട്രാക്കുകളുടെ പ്രശ്നങ്ങൾ മൂലം വേഗത കുറച്ചാണ് ഇപ്പോൾ സഞ്ചരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |