മേപ്പാടി: നൂറോളം മൃതദേഹങ്ങളാണ് ചാലിയാറിലൂടെ വയനാട്ടിൽ നിന്ന് ഇതിനകം ഒഴുകിയെത്തിയത്. തല, ഉടൽ, കൈകാലുകൾ. ചതഞ്ഞരഞ്ഞ ശരീരഭാഗങ്ങൾ...... ഭീതിയും വേദയുംകൊണ്ട് മരവിക്കുന്ന രംഗങ്ങളാണ് ചാലിയാർ നൽകുന്നത്. എല്ലാ കണ്ണുകളും ഇപ്പോൾ ഇതുവഴി ഒഴുകിയെത്തുന്ന മൃതദേഹങ്ങളിലേക്കാണ്. ഉറ്റവരും ഉടയവരും പുഴയിലൂടെ എത്തുന്നുണ്ടോ എന്നറിയാൻ വയനാട്ടിൽ നിന്ന് ചാലിയാറിന്റെ തീരത്തേക്ക് എത്തുന്നവരും കുറവല്ല.
വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടേതായി ചാലിയാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇതുവരെ ലഭിച്ചത് 58 മൃതദേഹങ്ങളും 95 ശരീരഭാഗങ്ങളുമാണ്. ബുധനാഴ്ച രാത്രി വൈകി രണ്ടു മൃതദേഹങ്ങളും ഇന്നലെ നാലു മൃതദേഹങ്ങളും കണ്ടെടുത്തു. 32 പുരുഷന്മാരുടെയും 23 സ്ത്രീകളുടെയും രണ്ട് ആൺകുട്ടികളുടെയും ഒരു പെൺകുട്ടിയുടെയും മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഇന്നലെ 11 ശരീരഭാഗങ്ങൾ കൂടി കണ്ടെടുത്തു. ചാലിയാർ പുഴയുടെ എടവണ്ണ കടവുകളിലും വ്യാഴാഴ്ച തെരച്ചിൽ നടത്തിയിരുന്നു. ബുധനാഴ്ച വാഴക്കാട് നിന്നും ഒരു മൃതദേഹം ലഭിച്ചതോടെയാണ് പരിശോധന വ്യാപിപ്പിച്ചത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഇന്നലെ ചാലിയാർ പുഴയിൽ എടവണ്ണ, ഒതായി, മമ്പാട്, കുണ്ടുതോട്, കൊളപ്പാടം, പാവണ്ണ തുടങ്ങിയ മേഖലകളിലും പരിശോധനകൾ നടത്തി.
കേരളത്തിലെ നാലാമത്തെ നീളമേറിയ നദിയാണ് ചാലിയാർ. കടലിനോടു ചേർന്ന് കിടക്കുന്നതിനാൽ ചൂളിക നദി, നിലമ്പൂർ നദി അല്ലെങ്കിൽ ബേപ്പൂർ നദി എന്നും ചാലിയാർ അറിയപ്പെടുന്നു. 169 കിലോമീറ്റർ നീളമുള്ള ഈ നദിയുടെ ഉദ്ഭവകേന്ദ്രം തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ നീലഗിരി പർവതനിരകളിലെ ഇളമ്പലേരി മലനിരകളാണ്. വയനാട് മലപ്പുറം ജില്ലകളുടെ അതിർത്തി പ്രദേശമാണിത്. പ്രധാനമായും ഈ നദി മലപ്പുറം ജില്ലയിലെ ഏറനാട് പ്രദേശത്തിലൂടെ ഒഴുകി, ഒടുവിൽ ബേപ്പൂർ തുറമുഖത്ത് ചാലിയം തുറമുഖത്തിന് എതിർവശത്ത് അറബിക്കടലിൽ പതിക്കുന്നു. പോത്തുകല്ല്, ചുങ്കത്തറ, നിലമ്പൂർ, മമ്പാട്, എടവണ്ണ, കാവനൂർ, പേരകമണ്ണ, അരീക്കോട്, കിഴുപറമ്പ്, എളമരം, ചീക്കോട്, വാഴക്കാട്, വാഴയൂർ, ചെറുവാടി, എടവണ്ണപ്പാറ, മാവൂർ പെരുവയൽ തുടങ്ങിയ സ്ഥലങ്ങളാണ് ചാലിയാറിന്റെ തീരങ്ങൾ. പ്രധാനമായും മലപ്പുറം ജില്ലയിലൂടെ ഒഴുകുന്ന ഇതിന്റെ കൈവഴികളും മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ ഒഴുകുന്നുണ്ട്. കേരളത്തിൽ സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരമാണ് ചാലിയാറിന്റേത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |