തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായി തിരുവനന്തപുരത്ത് നിന്ന് സമാഹരിച്ച അവശ്യവസ്തുക്കൾ ശശി തരൂർ എം പി ഇന്ന് കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖിന് കൈമാറും.
കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്താൽ ദുരിതമനുഭവിക്കുന്ന മേപ്പാടിയിലെ ജനങ്ങൾക്ക് തിരുവനന്തപുരത്തിന്റെ സ്നേഹ സാന്ത്വനമായാണ് ആവശ്യസാധനങ്ങൾ കല്പറ്റ കളക്ഷൻ സെന്ററിൽ എത്തിക്കുന്നത്.
തുടർന്ന് അദ്ദേഹം മേപ്പാടിയിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കും. മേപ്പാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ റിലീഫ് ക്യാമ്പും മറ്റു സ്ഥലങ്ങളും സന്ദർശിക്കും. ഉച്ചക്ക് രണ്ട് മണിക്ക് വിംസ് ആശുപത്രിയിൽ എത്തി ദുരന്തത്തിൽ പരിക്കേറ്റവരെ ആശ്വസിപ്പിക്കും.
അതേസമയം, വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരുവനന്തപുരം കോർപ്പറേഷനും രണ്ട് കോടി രൂപ സംഭാവന നൽകിയിരുന്നു. ഇത് കൂടാതെ മേയർ ആര്യാ രാജേന്ദ്രന്റെ ഒരു മാസത്തെ ഓണറേറിയവും സിറ്റിംഗ് ഫീസുമായ 17550 രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നൽകി.മേയർ ആര്യാ രാജേന്ദ്രൻ രണ്ട് കോടിയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തിയാണ് അദ്ദേഹത്തിന് കൈമാറിയത്. നഗരസഭ സെക്രട്ടറി ജഹാംഗീർ എസ്,ഡെപ്യൂട്ടി മേയർ പി കെ രാജു എന്നിവരും സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |