തിരുവനന്തപുരം : വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവരും ഒന്നിച്ചു നിൽക്കേണ്ട സമയമാണിതെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല പറഞ്ഞു. ദുരന്തത്തിൽപെട്ട ജനങ്ങളെ സഹായിക്കാൻ എല്ലാവരും ഒന്നിച്ചു നിൽക്കുകയാണ് വേണ്ടത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരു മാസത്തെ ശമ്പളം നൽകാനുള്ള തീരുമാനം ശരിയായ നിലപാട് തന്നെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ദുരിതാശ്വാസ നിധിയിലേക്ക് നൽകേണ്ടത് അങ്ങനെതന്നെ നൽകണം. എല്ലാ കോൺഗ്രസുകാരും ഒറ്റക്കെട്ടായി നിൽക്കണം. കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ നടത്തിയ പ്രസ്താവനയെ കുറിച്ചും ചെന്നിത്തല മറുപടി പറഞ്ഞു. സുധാകരൻ ഫോണിൽ വിളിച്ചിരുന്നു. അദ്ദേഹം എനിക്കെതിരെ ഒന്നും പറഞ്ഞില്ലെന്നാണ് അറിയിച്ചത്. സുധാകരൻ പറയുന്നത് വിശ്വസിക്കുന്നു.
യാതൊരു അഭിപ്രായ വ്യത്യാസവും കോൺഗ്രസിലില്ല. ദുരന്തത്തിന്റെ കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്, ഒന്നിലും രാഷ്ട്രീയം കാണേണ്ട ആവശ്യമില്ല. പണ്ടും ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റി ചെലവഴിച്ചതിനെ നമ്മൾ എതിർത്തിട്ടുണ്ട്. ലോകായുക്തയിൽ കേസ് വരെ നൽകിയിട്ടുണ്ട്. വകമാറ്റി ചെലവാക്കുമ്പോൾ പണ്ട് എതിർത്തതു പോലെ ഞങ്ങൾ എതിർക്കും. പക്ഷേ ഇപ്പോൾ അതിന്റെ അവസരമല്ല. പാർട്ടി ചെയ്യേണ്ടേ കാര്യങ്ങൾ പാർട്ടി ചെയ്യും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകേണ്ടത് ആ നിലയ്ക്ക് ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |