നിതിൻ അഗർവാൾ കേരള കേഡറിലേക്ക് മടങ്ങും
ന്യൂഡൽഹി: ജമ്മുകാശ്‌മീരിൽ ഭീകരാക്രമണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ബി.എസ്.എഫ് ഡയറക്‌ടർ ജനറൽ നിതിൻ അഗർവാളിനെയും സ്‌പെഷ്യൽ ഡയറക്‌ടർ വൈ.ബി. ഖുറാനിയയെയും പദവി റദ്ദാക്കി മാതൃകേഡർ സംസ്ഥാനത്തേക്ക് തിരിച്ചയച്ച് കേന്ദ്രസർക്കാർ. പാകിസ്ഥാൻ അതിർത്തിയിലെ സുരക്ഷാ ചുമതല ഖുറാനിയയ്‌ക്കായിരുന്നു. അതിർത്തിയിൽ ഭീകരരുടെ ഉൾപ്പെടെ നുഴഞ്ഞുകയറ്റം തടയുന്നതിൽ വീഴ്ചവരുത്തിയതിനാണ് അപൂർവവും അസാധാരണവുമായ അച്ചടക്ക നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശ ക്യാബിനറ്റ് അപ്പോയ്ന്റ്‌മെന്റ്സ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
1989 ബാച്ച് കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് നിതിൻ അഗർവാൾ. 1990 ബാച്ച് ഒഡീഷ കേഡർ ഉദ്യോഗസ്ഥനാണ് ഖുറാനിയ.
2023 ജൂൺ 12 നാണ് അഗർവാളിനെ ബി.എസ്.എഫ് മേധാവിയായി നിയമിച്ചത്. 2026 ജൂലായ് 30 വരെ കാലാവധി ഉണ്ടായിരുന്നു. ഡൽഹി ഐ.ഐ.ടിയിൽ നിന്ന് സിവിൽ എൻജിനിയറിംഗ് ബിരുദാനന്തര ബിരുദധാരിയായ അഗർവാൾ നേരത്തെ സി.ആർ.പി.എഫ് ഓപ്പറേഷൻസ് അഡിഷണൽ ഡയറക്‌ടർ ജനറൽ ആയി പ്രവർത്തിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |