ടെൽ അവീവ്: ഗാസയിലെ അഭയാർത്ഥി ക്യാമ്പിനു നേരെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. അൽ-നസ്‌റിന്റെയും ഹസ്സൻ സലാമയുടെയും സ്‌കൂളുകൾക്ക് നേരെയാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരിൽ കൂടുതലും കുട്ടികളാണെന്ന് ഗാസയിലെ സിവിൽ ഡിഫൻസ് അറിയിച്ചു. സ്കൂളുകൾ പൂർണമായി തകർന്നു. ആദ്യ ആക്രമണത്തെത്തുടർന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനിടയിൽ തുടർച്ചയായി ആക്രമണമുണ്ടാകുകയായിരുന്നു. എന്നാൽ ഹമാസിന്റെ കമാൻഡ് സെന്ററായി പ്രവർത്തിച്ചിരുന്ന സ്ഥലമാണ് ആക്രമിച്ചതെന്നാണ് ഇസ്രയേൽ അറിയിച്ചത്. കഴിഞ്ഞ ദിവസം അൽ അഖ്സ മാർട്ടിയേഴ്സ് ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു. 18 പേർക്ക് പരിക്കേറ്റു. ഇതോടെ ഇസ്രായേൽ ബോംബിട്ട് തകർത്ത ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം 1000 ആയി. റാഫയിലെ ഒരു വീടിനു നേരെ നടന്ന ആക്രമണത്തിൽ 6 പേരും കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിൽ രണ്ട് ആക്രമണങ്ങളിൽ ഹമാസിന്റെ ഒരു കമാൻഡർ ഉൾപ്പെടെ 9 പേർ കൊല്ലപ്പെട്ടു.
അതിർത്തിയിൽ നിന്ന്
പിന്മാറില്ലെന്ന് നെതന്യാഹു
ഗാസ-ഈജിപ്റ്റ് അതിർത്തിക്ക് സമീപത്ത് നിന്ന് സൈന്യം പിന്മാറില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
വടക്കൻ ഗാസ മുനമ്പിലേക്ക് ആയുധങ്ങളും അക്രമികളും കടക്കുന്നത് തടയാൻ ഹമാസ് മുൻകൈയെടുക്കുന്നില്ല. തട്ടിക്കൊണ്ട് പോയവരെ മോചിപ്പിക്കുന്നതിനുള്ള കരാർ ഹമാസ് അംഗീകരിക്കുന്നില്ല. എല്ലാവരെയും തിരിച്ചയക്കുന്നതു വരെ ഹമാസിന് നേരെ സൈനിക സമ്മർദ്ദം ചെലുത്തുമെന്നും എക്സിൽ പങ്കുവച്ച വീഡിയോയിൽ നെതന്യാഹു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |