
ന്യൂഡൽഹി: 12 വർഷത്തിലേറെയായി ചലനമറ്റ് ഒറ്രക്കിടപ്പിലായ ഡൽഹി സ്വദേശി 32കാരൻ ഹരീഷ് റാണയ്ക്ക് ദയാവധം അനുവദിക്കുന്ന കാര്യത്തിൽ സുപ്രീംകോടതി വിധി പറയുന്നത് മാറ്റി. ഇന്നലെ വിഷയം പരിഗണിച്ച ജസ്റ്റിസുമാരായ ജെ.ബി. പർദിവാല,കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് മാതാപിതാക്കളുടെ അഭിഭാഷകരുടെ അടക്കം വാദം കേട്ടു. ദയാവധം ആവശ്യപ്പെട്ട് ഹരീഷ് റാണയുടെ മാതാപിതാക്കൾ കഴിഞ്ഞ ഒക്ടോബറിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ മെഡിക്കൽ ബോർഡുകളുടെ റിപ്പോർട്ടുകൾ തേടുകയായിരുന്നു. യുവാവിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ച ഡോക്‌ടർമാർ, പരിതാപകരമായ സാഹചര്യമാണെന്ന് വിലയിരുത്തി. അന്തസോടെ മരണം എന്ന അവകാശത്തെ സുപ്രീംകോടതി എങ്ങനെ ഉറപ്പിക്കുമെന്നത് നിർണായകമാണ്.
വേദന കാണാതിരിക്കാൻ
കഴിയില്ല
2013 ആഗസ്റ്റ് 20ന് രക്ഷാബന്ധൻ ദിനത്തിലാണ് പഞ്ചാബ് സർവകലാശാലയിലെ എൻജിനിയറിംഗ് വിദ്യാർത്ഥിയായിരുന്ന ഹരീഷ് റാണ അവിടുത്തെ പേയിംഗ് ഗസ്റ്റ് ഹൗസിന്റെ നാലാം നിലയിൽ നിന്നു താഴേക്കു വീണത്. തലയ്‌ക്ക് ഗുരുതര ക്ഷതമേറ്റു. ചലനശേഷി പൂർണമായും നഷ്‌ടപ്പെട്ടു. ബോധം തിരിച്ചുകിട്ടിയില്ല. ജീവൻരക്ഷാ ഉപകരണങ്ങൾ മുഖേനയാണ് ശ്വാസമെടുക്കുന്നത്. ട്യൂബ് വഴി ഭക്ഷണം നൽകുന്നു. മകന് വേണ്ടി സമ്പത്തിന്റെ പരമാവധി ചെലവഴിച്ചു. ഡൽഹി മഹാവീർ എൻക്ലേവിലെ വീടു വിറ്രു. ഗാസിയാബാദിലെ കുഞ്ഞുവീട്ടിലേക്ക് മാറി. ഹരീഷിന്റെ രണ്ട് സഹോദരങ്ങളും സഹായിക്കുന്നു. ഹരീഷ് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും പൂർണമായും നഷ്‌ടമായിരിക്കുന്നു. ഇനിയും അനുഭവിക്കാതെ സ്വച്ഛവും ശാന്തവുമായ മരണം 32കാരൻ അർഹിക്കുന്നുവെന്ന് അവർ പറയുന്നു. 2024 ജൂലായിൽ ദയാവധത്തിനായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളി. തുടർന്ന് കുടുംബം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
അരുണയുടെ കേസിലെ വിധി
1973ൽ മുംബയിലെ കെ.എം.ഇ ആശുപത്രിയിൽ ലൈംഗികാതിക്രമത്തിന് ഇരയായ നഴ്സ് അരുണ ഷാൻബാഗിന്റെ കേസ് പരിഗണിക്കവെ 2011ൽ സുപ്രീംകോടതി ദയാവധം അംഗീകരിച്ചിരുന്നു. അന്തസോടെയുള്ള മരണം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ജീവൻരക്ഷാ ഉപകരണങ്ങൾ എടുത്തുമാറ്റാമെന്നാണ് വിധിച്ചത്. എന്നാൽ ഉപകരണങ്ങൾ എടുത്തുമാറ്റാൻ ആശുപത്രി അധികൃതർ തയ്യാറായില്ല. 2015ൽ ന്യൂമോണിയ ബാധിച്ച് അരുണ ഷാൻബാഗ് ഭൂമിയോട് വിടപറഞ്ഞു. 42 വർഷത്തിലധികമാണ് അരുണ കോമയിൽ കിടന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |