മേപ്പാടി: തിങ്കളാഴ്ച പുലർച്ചയാണ് മുണ്ടക്കൈയിൽ ഉരുൾപൊട്ടിയത്. ശനിയാഴ്ച രാത്രി പുഴയിൽ വെള്ളം കലങ്ങിമറിഞ്ഞ് ഒഴുകിയിരുന്നു. മലയിൽ ഉണ്ടായ മണ്ണിടിച്ചിലിന്റെ തെളിവാണ് മലവെള്ളം വൻതോതിൽ ഒഴുകിയെത്തിയത്. പ്രദേശവാസികൾ അധികൃതരെ വിവരം അറിയിച്ചു. ദുരന്തസാദ്ധ്യത പ്രദേശവാസികളിൽ ചിലർ മാദ്ധ്യമങ്ങളെയും അറിയിച്ചു. എന്നാൽ, അടിസ്ഥാന രഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കരുത് എന്നായിരുന്നു അധികൃതരുടെ പ്രതികരണം. ഔദ്യോഗികമായി ഒരറിയിപ്പും പുറപ്പെടുവിച്ചതുമില്ല.
മുണ്ടക്കൈ സ്വദേശി പ്രശാന്തൻ ഉൾപ്പെടെയുള്ളവരാണ് മാദ്ധ്യമങ്ങളോട് അപകട സാദ്ധ്യത സംബന്ധിച്ച് പ്രതികരിച്ചത്. അത്തരം ഒരു പ്രതികരണം നടത്തിയതിന് തനിക്കെതിരെ നടന്നത് ക്രൂരമായ ആക്രമണം ആയിരുന്നുവെന്ന് പ്രശാന്തൻ പറയുന്നു. പ്രശാന്തന്റെ അമ്മയും സഹോദരി ഉൾപ്പെടെ ദുരന്തത്തിൽ മരിച്ചു. ഔദ്യോഗികമായി ഒരറിയിപ്പ് ഉണ്ടായിരുന്നെങ്കിൽ ഒരാൾപോലും വീടുകളിൽ കഴിയുമായിരുന്നില്ല. മുൻവർഷങ്ങളിൽ അത്തരം നടപടികൾ സ്വീകരിച്ചതിനാലാണ് കൂടുതൽ അപകടങ്ങൾ ഒഴിവായത്. മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ചവരുത്തിയവർക്കെതിരെ നടപടിവേണമെന്നും പ്രശാന്തൻ ആവശ്യട്ടു. 2020 ൽ നടന്ന മുണ്ടക്കൈ ഉരുൾപൊട്ടലിൽ പ്രശാന്തന്റെ വീട് തകർന്നിരുന്നു.ആ അനുഭവത്തിൽ നിന്ന് പാഠം ഉൾക്കൊണ്ടുകൊണ്ടാണ് ഇത്തവണ നേരത്തെ തന്നെ ആളുകൾക്ക് മുന്നറിയിപ്പ് നൽകിയത്.
ഏറ്റവും കൂടുതൽ വീടുകൾ തകർന്ന സ്‌കൂൾ റോഡ് ഉൾപ്പെടുന്ന പന്ത്രണ്ടാം വാർഡ് മെമ്പർ നൂറുദ്ദീൻ സ്വന്തം നിലയ്ക്ക് വാർഡിലെ ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ദുരന്തം നടക്കുന്ന ദിവസം രാത്രിയിലായിരുന്നു മുന്നറിയിപ്പ് നൽകിയത്.സ്‌കൂളിൽ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആളുകൾ മാറി താമസിക്കണം എന്നും 'പുഴവക്കിൽ താമസിക്കരുത് എന്നുമായിരുന്നു നിർദ്ദേശം. കുറെ ആളുകൾ മാറി താമസിച്ചില്ലെങ്കിലും ചിലർ രാത്രിയയതിനാൽ അറിയിപ്പ് കണ്ടിരുന്നില്ല. ഇതും ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |