ചാലിയാർ പുഴയ്‌ക്ക് വയനാട്ടിലുള്ള 150 ചതുരശ്ര കിലോമീറ്റർ വൃഷ്ടിപ്രദേശത്ത് ഉൾപ്പെടുന്നതാണ് മുണ്ടക്കൈ,പുത്തുമല,ചൂരൽമല,കള്ളാടി,അട്ടമല,കടൂർ എന്നീ സ്ഥലങ്ങൾ. ഉരുൾപൊട്ടലുണ്ടായ മലത്തലപ്പിൽ നിന്നും സമീപമലമടക്കിൽ നിന്നും ഉദ്ഭവിക്കുന്ന അരുവികൾ ചേർന്ന പുന്നപ്പുഴ ചൂരൽമല വഴി ഒഴുകി കള്ളാടിപ്പുഴയിലും തുടർന്ന് മീനാക്ഷിപ്പുഴയുമായി ചേർന്ന് ചോലാടിപ്പുഴയിലൂടെ ചാലിയാറിലുമെത്തുന്നു.
ചൂരൽമലയിൽ നിന്ന് 5 കിലോമീറ്റർ ആകാശദൂരത്തിൽ 1145 മീറ്റർ ഉയരത്തിലാണ് ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം. സമുദ്രനിരപ്പിൽ നിന്ന് 1983 മീറ്റർ ഉയരമുള്ള ഈ മലത്തലപ്പ് വയനാട്-കോഴിക്കോട് ജില്ലാ അതിർത്തിയാണ്. ഉരുൾപൊട്ടിയ മലയിടുക്കിൽ നിന്ന് ഉദ്ഭവിക്കുന്ന മുണ്ടക്കൈ തോട് 4.20 കി.മീ താഴോട്ടൊഴുകി, സമാന്തരമായി ഇടതുവശത്തു നിന്നും, 1935 മീറ്റർ ഉയരത്തിലുള്ള മലയിടുക്കിൽ നിന്നും ഉദ്ഭവിച്ച് 4.90 കി.മീ ഒഴുകി വരുന്ന തോട്ടിലേക്ക് കൂടിച്ചേർന്ന് പുന്നപ്പുഴയെന്ന പേരിൽ 1.75 കി.മീ ഒഴുകി ചൂരൽമല അങ്ങാടിക്ക് താഴെയെത്തുന്നു.
467 ഹെക്ടറാണ് മുണ്ടക്കൈ തോടിന്റെ വൃഷ്ടിപ്രദേശം. താഴെ ഭാഗങ്ങളിൽ ചരിവുകുറഞ്ഞ സ്ഥലങ്ങളിലും പുഴയുടെയും തോടിന്റെയും കരയോടു ചേർന്ന സ്ഥലങ്ങളിലുമാണ് നാട്ടുകാരിലേറേയും താമസിച്ചിരുന്നത്. ഉരുളൻപാറ നിറഞ്ഞ തോടിന് പലയിടങ്ങളിലും ആഴം കുറവായതിനാൽ കാലവർഷങ്ങളിൽ പുഴ കരകവിഞ്ഞൊഴുകുന്നത് സാധാരണയാണ്. ഉരുൾപൊട്ടലിന്റെ തലേന്ന് ജൂലായ് 29ന് 200.20 മി.മി മഴയും 30ന് 377 മി.മി മഴയും രേഖപ്പെടുത്തി.
ചുരുങ്ങിയ സമയദൈർഘ്യത്തിൽ അതിതീവ്രമഴ പെയ്യുന്നത് മണ്ണിനെ ദുർബലപ്പെടുത്തി സ്ഥാനഭ്രംശത്തിന് വഴിവയ്‌ക്കും. ഉരുൾപൊട്ടൽ പ്രഭവകേന്ദ്രവും സമീപസ്ഥലങ്ങളും വൃക്ഷ നിബിഡമായിരുന്നത് ഉയർന്ന നിരക്കിലുള്ള ജലാഗീരണത്തിന് ഇടയാക്കി. കളിമണ്ണ് കലർന്ന കറുത്ത ലാറ്ററൈറ്റ് മൺ തരമാണിവിടെ. മണ്ണിനകം ചെറു സുഷിരങ്ങൾ ധാരാളമുള്ളതിനാൽ ജലാഗീരണം കൂടുതലായിരിക്കും. തീവ്രമഴ പെയ്യുമ്പോഴുള്ള അതിമർദ്ദത്താൽ മണ്ണിൽ സംഭരിച്ച വെള്ളം അതിവേഗം താഴേക്ക് തള്ളപ്പെടും. അതുവഴി താഴെയുള്ള ഉറച്ച പ്രതലത്തിൽ നിന്നും മേൽമണ്ണിന് സ്ഥാനഭ്രംശം സംഭവിക്കും. സ്വാഭാവിക വനങ്ങളിൽ കാണുന്ന സോയിൽ പൈപ്പിംഗും ചെറുസുഷിരനാളികൾ വഴിയുള്ള ജല നിർഗമനവുമുണ്ടാകും. ഇങ്ങനെ കുതിർന്ന മലകളുടെ അകത്തട്ടുകളിൽ സംഭരിച്ച വെള്ളം അതിശക്തമായ മർദ്ദത്താൽ പുറന്തള്ളും. മണ്ണ് ദുർബലപ്പെട്ട് സ്ഥാനഭ്രംശം സംഭവിക്കുന്ന വേളയിൽ മലയിൽ സംഭരിച്ച വെള്ളവും ജലബോംബ് കണക്കെ പൊട്ടിത്തെറിക്കും. ഇത്തരത്തിലുള്ള പ്രതിഭാസമാണ് മുണ്ടക്കൈയിൽ സംഭവിച്ചത്.
സ്ഥാനഭ്രംശം സംഭവിച്ച മണ്ണ് ജലബോംബിൽ പുറന്തള്ളിയ വെള്ളത്തോടൊപ്പം അതിവേഗം താഴേക്ക് നീങ്ങി മരങ്ങളും പാറകളും ഇളക്കിയെടുത്തു. ചരിവ് കൂടിയ തോടിന്റെ നീളവും കൂടുതലുള്ളതുകൊണ്ട് ലക്ഷക്കണക്കിന് ടൺ മണ്ണും പാറയും മരങ്ങളും താഴേക്ക് പതിച്ച് ആഘാതം വർദ്ധിപ്പിച്ചു. പുഴ ഗതി മാറി പുഴയോരത്തും സമീപത്തുമുള്ള വീടുകളും സ്‌കൂളും ചൂരൽമല അങ്ങാടിയും തകർത്തെറിഞ്ഞ് ഒരു പ്രദേശം തന്നെ ഇല്ലാതാക്കി.
പൊതു നിരീക്ഷണങ്ങൾ
ലഭിച്ച മഴ : ജൂലായ് 29 ന് 200.22 മി.മീ, 30ന് 377 മി.മീ.
ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം മുണ്ടക്കൈ തോടിന്റെ ഉദ്ഭവസ്ഥാനം
സമുദ്രനിരപ്പിൽ നിന്നും 1983 മീറ്റർ ഉയരത്തിൽ
തോടിന് 25 മുതൽ 80 ശതമാനം വരെ ചരിവ്. 4.20 കി.മീ നീളം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |