ന്യൂയോർക്ക്: യാത്രക്കാരിയുടെ തലയിൽ പേനുകൾ കണ്ടതിനെ തുടർന്ന് വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. ലോസ് ഏഞ്ചൽസിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനമാണ് അരിസോണയിലെ ഫീനിക്‌സ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇറക്കിയത്. ടിക്‌ടോക് താരമായ ഒരു യാത്രക്കാരനാണ് നേരത്തേ നടന്ന സംഭവത്തെക്കുറിച്ചുള്ള ഈ വിവരങ്ങൾ പങ്കുവച്ചത്.
മറ്റൊരിടത്ത് അടിയന്തര ലാൻഡിംഗ് നടത്തുന്ന വിവരം വിമാനത്തിലെ ജീവനക്കാർ യാത്രക്കാരെ അറിയിച്ചിരുന്നില്ല. ഇത് അവർക്കിടയിൽ ആശയക്കുഴപ്പത്തിന് കാരണമായി. എന്താണ് സംഭവിക്കുന്നതെന്ന് അവർക്ക് മനസിലായിരുന്നില്ല. വിമാനം ലാൻഡ് ചെയ്‌ത ശേഷം മറ്റ് യാത്രക്കാരുമായും ജീവനക്കാരുമായും സംസാരിച്ചപ്പോഴാണ് അടിയന്തരമായി ലാൻഡ് ചെയ്‌തതിന്റെ കാരണം വ്യക്തമായത്.
ഒരു സ്‌ത്രീയുടെ തലയിൽ പേൻ കണ്ടതോടെ അടുത്ത സീറ്റിലിരുന്ന രണ്ട് സ്‌ത്രീകളാണ് വിമാനത്തിലെ ജീവനക്കാരെ വിവരം അറിയിച്ചത്. തുടർന്ന് അവർ പൈലറ്റിനെ വിവരമറിയിക്കുകയും ഉടൻ തന്നെ അടിയന്തര ലാൻഡിംഗിന് വേണ്ട സൗകര്യം ഒരുക്കുകയുമായിരുന്നു. സംഭവത്തെത്തുടർന്ന് 12 മണിക്കൂറിലധികം യാത്ര വൈകിയെന്നാണ് വിവരം. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. വിമാനം ലാൻഡ് ചെയ്‌ത ഉടൻ തന്നെ അമേരിക്കൻ എയർലൈൻസ് അധികൃതർ യാത്രക്കാർക്ക് ഹോട്ടലിൽ താമസിക്കുന്നതിനുള്ള വൗച്ചറുകൾ കൈമാറി.
ആരോഗ്യ അടിയന്തരാവസ്ഥ കാരണം വിമാനം വഴിതിരിച്ചുവിടേണ്ടി വന്നു എന്നാണ് വിമാന കമ്പനിയുടെ ഔദ്യോഗിക അറിയിപ്പ്. ഒരു ഉപഭോക്താവിന്റെ ആരോഗ്യകരമായ പ്രശ്‌നങ്ങൾ കാരണം ലോസ് ഏഞ്ചൽസിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള വിമാനം ഫീനിക്‌സിലേക്ക് വഴിതിരിച്ച് വിട്ടുവെന്നും കമ്പനി വ്യക്തമാക്കി. യാത്രക്കാരെ പിന്നീട് ലോസ് ഏഞ്ചൽസിൽ എത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |