'മനുഷ്യത്വത്തിന്റെ മാതാവ്' എന്നാണ് ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിലെ അണികൾ അവരുടെ പത്താമത്തെ പ്രധാനമന്ത്രിയെ വിശേഷിപ്പിക്കുന്നത്.
ബംഗ്ലാദേശിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തിയായിയെന്ന നിലയിലും ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ വനിതാ ഭരണാധികാരി എന്ന നിലയിലും ഹസീനെ ലോകം അറിഞ്ഞിരുന്നു. നീണ്ട 20 വർഷത്തെ ഭരണത്തിൽ നിന്നാണ് ഹസീന പടിയിറങ്ങിയത്.
19 തവണ വധശ്രമം നേരിട്ട ഹസീന ഒരു രാഷ്ട്രീയ പ്രതിഭാസമെന്നാണ് അറിയപ്പെടുന്നത്.
1947 സെപ്റ്റംബർ 28-ന് കിഴക്കൻ ബംഗാളിലെ തുങ്കിപ്പാറയിൽ ബംഗാളി ഷെയ്ഖ് കുടുംബത്തിൽ ബംഗാൾ ദേശീയ നേതാവ് ഷെയ്ഖ് മുജീബുർ റഹ്‌മാന്റെയും ബീഗം ഫാസില തുന്നീസ മുജീബിന്റെയും മകളായി ജനിച്ച ഹസീന പഠനകാലത്ത് തന്നെ സ്റ്റുഡന്റ്സ് ലീഗിലൂടെ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചിരുന്നു. 1975 ഓഗസ്റ്റ് 15-ന് മുജീബുർ റഹ്‌മാന്റെ കൊലപാതകതോടെ ഹസീനയുടെ ഭർത്താവും മക്കളും സഹോദരി ഷെയ്ഖ് രഹനയും ജർമ്മനിയിലെ ബംഗ്ലാദേശ് അംബാസഡറുടെ വീട്ടിൽ അഭയം തേടി. പിന്നാലെ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അഭയം വാഗ്ദാനം ചെയ്തതോടെ കുടുംബത്തിലെ ശേഷിക്കുന്ന അംഗങ്ങളോടൊപ്പം ആറ് വർഷത്തോളം ഡൽഹിയിൽ താമസിച്ചു. സിയാവുർ റഹ്‌മാന്റെ സൈനിക ഭരണകൂടം ഹസീനയെ ബംഗ്ലാദേശിൽ പ്രവേശിക്കുന്നതിൽനിന്ന് വിലക്കിയിരുന്നു. സിയാവുർ റഹ്‌മാൻ കൊല്ലപ്പെട്ടതോടെ 1981ൽ അവാമി ലീഗിന്റെ പ്രസിഡന്റായി ഹസീന തിരഞ്ഞെടുക്കപ്പെട്ടു. മെയ് 17-ന് രാജ്യത്ത് തിരിച്ചെത്തിയ ഹസീനയെ 1984ലും 1985ലും സൈന്യം വീട്ടുതടങ്കലിലാക്കി. 1986-ലെ ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ച ഹസീന 1986-1987 കാലഘട്ടത്തിൽ പാർലമെന്റിൽ പ്രതിപക്ഷ നേതാവായി സേവനമനുഷ്ടിച്ചു.
1987 ഡിസംബറിൽ എർഷാദ് പാർലമെന്റ് പിരിച്ചുവിടുകയും പിന്നാലെ സിയാവുർ റഹ്‌മാന്റെ വിധവ ഖാലിദ സിയയുടെ കീഴിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുമായി (ബി.എൻ.പി.) ചേർന്ന് അവാമി ലീഗ് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനം തുടർന്നു. 1991-ൽ നടന്ന പാർലമെന്റ് പൊതുതിരഞ്ഞെടുപ്പിൽ ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ഭൂരിപക്ഷം നേടി. അവാമി ലീഗ് ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായി മാറി. എന്നാൽ മൂന്ന് മണ്ഡലങ്ങളിൽ ഒന്നിൽ മാത്രമേ ഹസീനയ്ക്ക് വിജയം കൈവരിക്കാൻ കഴിഞ്ഞൊള്ളൂ. പാർട്ടി അധ്യക്ഷസ്ഥാനം രാജിവെച്ചെങ്കിലും പാർട്ടി നേതാക്കളുടെ അഭ്യർത്ഥനയിൽ സ്ഥാനത്ത് തുടർന്നു. 1994-ൽ ബി.എൻ.പി. സ്ഥാനാർഥി കൃത്രിമത്വത്തിലൂടെയാണ് വിജയിച്ചുവെന്ന് തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാനെത്തിയ നിഷ്പക്ഷ നിരീക്ഷകൻ വെളിപ്പെടുത്തിയതിന് പിന്നാലെ പാർലമെന്റ് ബഹിഷ്‌കരിക്കാന്‍ ഹസീന നേതൃത്വം നൽകി. ഇതോടെ ഹസീനയും ഖാലിദ സിയയും തമ്മിലുള്ള ബന്ധം വഷളായി.
1996-ലാണ് ഹസീന ആദ്യമായി ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയാകുന്നത്. 17 കോടി ജനസംഖ്യയുള്ള ഒരു രാജ്യത്തെ ഒന്നുമില്ലായ്മയിൽ നിന്ന് ഏഷ്യ-പസഫിക്കിലെ അതിവേഗം വികസിച്ചുകൊണ്ടിരുന്ന സമ്പദ് വ്യവസ്ഥയിലേക്ക് വഴിനടത്തിയ കരുത്തുറ്റ വനിതയ്ക്ക് പക്ഷെ 2001-ലെ തിരഞ്ഞെടുപ്പിൽ വിജയം നിലനിർത്താൻ കഴിഞ്ഞില്ല. പിന്നീട് സൈന്യം അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തപ്പോൾ 2007ൽ അഴിമതി ആരോപിച്ച് ഹസീനയെ ജയിലിലടച്ചു. എന്നാൽ 2009ൽ നടന്ന തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ തിരികെ അധികാരത്തിലെത്തി. ആ വിജയം 2014ലും 2019ലും ആവർത്തിച്ചു. സർക്കാർ വിരുദ്ധ വികാരം രൂക്ഷമായിരുന്ന ബംഗ്ളാദേശിൽ ഈ വർഷം ജനുവരിയിൽ വിജയം ആവർകത്തിച്ചപ്പോൾ ഹസീനയ്ക്ക് അടിതെറ്റി തുടങ്ങി.
ഏകപക്ഷീയമായിരുന്നു ബംഗ്ലാദേശിൽ നടന്ന ആ തിരഞ്ഞെടുപ്പെന്നും വിശ്വാസ്യതയില്ലെന്നു പറഞ്ഞ് പ്രധാന പ്രതിപക്ഷകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും (ബി.എൻ.പി.) സഖ്യകക്ഷികളും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. അതോടെ വോട്ടെടുപ്പ് നടന്ന 299 മണ്ഡലങ്ങളിൽ 223-ലും ഭരണകക്ഷിയായ അവാമി ലീഗ് വിജയിച്ചു. അനുയായികള്‍ക്ക് അവർ 'ഉരുക്കുവനിത' ആയിരുന്നെങ്കിൽ വിമർശകർക്ക് അവർ 'ഏകാധിപതി'യായിരുന്നു. എതിർശബ്ദങ്ങളെ അടിച്ചമർത്തുന്ന ഭരണാധികാരി. അതിനാൽ തന്നെയാണ് തിരഞ്ഞെടുപ്പിന് ശേഷം ഷെയ്ഖ് ഹസീനയ്ക്ക് എതിരായ വികാരം ബംഗ്ലാദേശിൽ വ്യാപകമായി.
ഇതിനിടെ വലിയ അഴിമതി ആരോപണമാണ് അവർക്കെതിരേ ഉയർന്നത്. പിന്നാലെ സർക്കാർ തൊഴിൽ മേഖലയിൽ സംവരണത്തിനെതിരെ പ്രക്ഷോഭം രൂക്ഷമായി. സർക്കാർ ജോലികൾക്കുള്ള സംവരണം നിറുത്തലാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യർത്ഥികളുൾപ്പെടെ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത് . ജൂണിൽ തുടങ്ങിയ പ്രക്ഷോഭത്തിൽ ഇതുവരെ മുന്നൂറോളം പേരാണ് കൊല്ലപ്പെട്ടത്. പിന്നാലെ സൈന്യത്തിന്റെ സമ്മർധത്തിലാണ് ഹസീന അധികാരത്തിൽ നിന്ന് പുറത്താകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |