തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ ഇനിയും തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും ആരുടേതെന്നറിയാൻ ഡി.എൻ.എ പരിശോധന ഇന്നു മുതൽ തുടങ്ങും. ഉറ്റവരെ തേടിയെത്തിയവരിൽ നിന്ന് ശേഖരിച്ച നൂറിലധികം രക്തസാമ്പിളുകളുമായി ഇത് ഒത്തുനോക്കും. കേരള പൊലീസിന്റെ കണ്ണൂർ റീജിയണൽ ഫോറൻസിക് ലാബിലാണ് പരിശോധന. ശരീരഭാഗങ്ങളിൽ നിന്നുൾപ്പെടെ 400ഓളം സാമ്പിളുകൾ ലാബിലെത്തിച്ചു.
ദുരന്തത്തിൽപെട്ടവരുടെ മജ്ജയെല്ലാം അഴുകിപോയതിനാൽ കൃത്യമായ ഫലം ലഭിക്കണമെങ്കിൽ എല്ലുകൾ പരിശോധിക്കണം. അതിനാൽ പരമാവധി എല്ലുകൾ അയയ്ക്കാൻ ആരോഗ്യപ്രവർത്തകരോട് നിർദ്ദേശിച്ചിട്ടുണ്ട്. എല്ലിൽ നിന്ന് ഡി.എൻ.എ വേർതിരിക്കുന്നത് എളുപ്പമല്ല. സാമ്പിളുകൾ ലാബിലെ ഫ്രീസറിലേക്ക് മാറ്റും. തുടർന്ന് എല്ലുകൾ കഴുകി വൃത്തിയാക്കും. ഈ ഘട്ടത്തിൽ എല്ലുകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഫലം മാറും. അതിനാൽ ജാഗ്രതയോടെയാണ് ചെയ്യുന്നത്. തുടർന്ന് ഇതുപൊടിച്ച് ഒരു രാത്രി രാസലായനിയിൽ സൂക്ഷിക്കും.
അടുത്തദിവസം രാവിലെ മൂന്നുഘട്ടങ്ങളായി അഞ്ചുമണിക്കൂറിലേറെ സമയമെടുക്കുന്ന വ്യത്യസ്ത ഘട്ടങ്ങളിലൂടെ ഡി.എൻ.എ വേർതിരിച്ച് പ്രൊഫൈൽ തയ്യാറാക്കും. ഇത് തുടങ്ങിയിട്ടുണ്ട്. ഉറ്റവരുടെ രക്തസാമ്പിളുകളിൽ നിന്ന് ഡി.എൻ.എ വേർതിരിച്ച് അത് ഇന്നുമുതൽ ഒത്തുനോക്കും. രക്തത്തിൽ നിന്ന് ഡി.എൻ.എ വേർതിരിക്കാൻ പരമാവധി രണ്ടുമണിക്കൂർ മതി.
രാപകലില്ലാതെ ദൗത്യം
ഡി.എൻ.എ പരിശോധനയ്ക്ക് 30 അംഗ സംഘം
ഒരു അസി.ഡയറക്ടറും ഏഴ് സയന്റിഫിക്ക് ഓഫീസർമാരും നേതൃത്വം
മറ്റുജില്ലകളിലെ ലാബ് ജീവനക്കാരെയും കണ്ണൂരിൽ നിയോഗിച്ചു
പുലർച്ചെ അഞ്ചിന് തുടങ്ങും, അർദ്ധരാത്രി രണ്ടുവരെ പരിശോധന
ഉറ്റ ബന്ധുക്കളുടെ
രക്തസാമ്പിൾ മാത്രം
മക്കൾ, പേരക്കുട്ടികൾ,മാതാപിതാക്കൾ, മുത്തച്ഛൻ, മുത്തശ്ശി,അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങൾ, ഫസ്റ്റ് കസിൻ തുടങ്ങി അടുത്ത ബന്ധുക്കളുടെ സാമ്പിളുകൾ മാത്രമേ ഡി.എൻ.എ പരിശോധനയ്ക്ക് എടുക്കൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |