തിരുവനന്തപുരം:വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കായി നബാർഡിൽ നിന്ന് 2100 കോടി രൂപ വായ്പയെടുക്കും.ഇതിന് സർക്കാർ ഗ്യാരന്റി നൽകാൻ ഇന്നലെ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം അനുമതി നൽകി.നബാർഡ് നൽകിയ വായ്പാ അനുമതി കത്തിലെ വ്യവസ്ഥകളും നിബന്ധനകളും ഭേദഗതികളോടെ അംഗീകരിക്കും.നേരത്തെ ഇതേ കാര്യത്തിന് ഹഡ്കോയിൽ നിന്ന് വായ്പയെടുക്കാൻ സർക്കാർ നൽകിയ ഗ്യാരന്റി റദ്ദാക്കും.
നബാർഡുമായി കരാറുകൾ ഒപ്പു വയ്ക്കുന്നതിന് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർക്ക് അനുമതി നൽകും. നബാർഡിൽ നിന്നും എടുക്കുന്ന വായ്പയുടെ പലിശ സർക്കാർ വഹിക്കും. 8.4% ആണ് പലിശ.ആദ്യ ഗഡുവായ 700 കോടി ഒരു മാസത്തിനുള്ളിൽ ലഭിക്കും .തിരിച്ചടവിന് 2 വർഷം മൊറട്ടോറിയമുണ്ട്. പുലിമുട്ട് നിർമിച്ച വകയിൽ അദാനി പോർട്സിന് 400ഹകോടിയിലേറെ നൽകാനുണ്ട്. നിർമ്മാണത്തിനുള്ള 1463 കോടിരൂപ നാലു ഗഡുക്കളായി കൊടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്. മറ്റു നിർമ്മാണങ്ങളുടെയും ബില്ലുകൾ കുടിശികയാണ്. ഇതെല്ലാം നൽകുന്നതിനാണ് 2100കോടി വായ്പയെടുക്കുന്നത്.
കേരള കൈത്തറി വികസന കോർപ്പറേഷന് കേരള ബാങ്കിൽ നിന്നും വായ്പ എടുക്കുന്നതിന് 5 വർഷത്തേയ്ക്ക് 8 കോടിയുടെ സർക്കാർ ഗ്യാരന്റി വ്യവസ്ഥകൾക്ക് വിധേയമായി അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
മറ്റ് തീരുമാനങ്ങൾ
□ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്‌സേഷൻ ഡയറക്ടറായുള്ള ഡോ.കെ.ജെ. ജോസഫിന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു.
□ സർവ്വെയും ഭൂരേഖയും വകുപ്പിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ തസ്തിക പൊതുഭരണ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിക്ക് തുല്യമായി സൃഷ്ടിക്കും
□ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണറായി കോട്ടയം, ഗാന്ധിനഗർ സ്വദേശി ഡോ.പി.റ്റി. ബാബുരാജിനെ നിയമിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |