ആലപ്പുഴ: ആലപ്പുഴയിൽ സ്കൂളിന് മുന്നിൽ പ്ളസ് വൺ വിദ്യാർത്ഥിക്കുനേരെ വെടിവയ്പ്പ്. സഹപാഠിയാണ് വെടിവച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ നഗരത്തിലെ സർക്കാർ സ്കൂളിന് മുന്നിലായിരുന്നു സംഭവം. സ്‌കൂളിലേക്ക് എയർഗണ്ണുമായി എത്തി പ്ലസ് വൺ വിദ്യാർത്ഥി സഹപാഠിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. അസഭ്യം പറഞ്ഞതിനെച്ചൊല്ലി പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് സംഭവം. ഭാഗ്യത്തിന് ആർക്കും പരിക്കേറ്റിട്ടില്ല.
അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തർക്കം അടിപിടിയിലെത്തിയിരുന്നു.ഇതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുന്നിൽ പിന്നീട് ഉച്ചഭക്ഷണ സമയത്ത് സ്‌കൂളിന് പുറത്തുവച്ചാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തിൽ സ്‌കൂളിലെ അദ്ധ്യാപകർ പരാതി നൽകിയതിനെത്തുടർന്ന് ബുധനാഴ്ച ആലപ്പുഴ സൗത്ത് പൊലീസ് വെടിയേറ്റ വിദ്യാർത്ഥിയുടെ മൊഴിയെടുത്തു.
വെടിവച്ച വിദ്യാർത്ഥിയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ എയർഗണ്ണും കത്തിയും കണ്ടെടുത്തു. മറ്റ് രണ്ടു വിദ്യാർത്ഥികളും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. മൂന്നുപേർക്കും പ്രായപൂർത്തിയാകാത്തതിനാൽ പൊലീസ് ജുവനൈൽ കോടതിക്ക് റിപ്പോർട്ട് നൽകി. കുട്ടികൾ ജുവനൈൽ കോടതിയിൽ ഹാജരാകണം. ഇവർക്ക് എവിടെനിന്നാണ് തോക്ക് കിട്ടിയതെന്ന് വ്യക്തമല്ല.
അടുത്തിടെ തലസ്ഥാനത്ത് വനിതാ ഡോക്ടർ യുവതിയെ എയർഗൺ കൊണ്ട് വെടിവച്ചുകൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. നിരവധി തവണ വെടിയുതിർത്തെങ്കിലും യുവതിയുടെ കൈയ്ക്ക് മാത്രമാണ് പരിക്കേറ്റത്. യുവതിയുടെ ഭർത്താവും വനിതാ ഡോക്ടറും തമ്മിൽ അടുപ്പമുണ്ടായിരുന്നു. എന്നാൽ അടുത്തിടെയായി ഇയാൾ ഡോക്ടറുമായി അകന്നു. അതിനുള്ള പ്രതികാരമാണ് വെടിവയ്പ്പിൽ കലാശിച്ചത്. ഡോക്ടറുടെ വീട്ടിൽ നിന്ന് പൊലീസ് കഴിഞ്ഞദിവസം തോക്ക് കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |