പാരീസ്: പാരീസ് ഒളിമ്പിക്സിൽ ഭാരക്കൂടുതലിനെത്തുടർന്ന് ഫൈനലിന് അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് അന്താരാഷ്ട്ര കായിക കോടതിയിൽ നൽകിയ അപ്പീലിൽ വിധി ചൊവ്വാഴ്ച വരെ വൈകും. ഇന്ന് വിധിയുണ്ടായേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും കോടതി മാറ്റുകയായിരുന്നു. വെള്ളി മെഡൽ പങ്കുവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് വിനേഷ് അപ്പീൽ നൽകിയിരിക്കുന്നത്. ഒളിമ്പിക്സ് നാളെയാണ് സമാപിക്കുന്നത്.
വിനേഷിന്റെ അപ്പീലിൽ മൂന്ന് മണിക്കൂറോളം വാദിപ്രതിവാദങ്ങൾ നടന്നു.എല്ലാവരുടേയും ഭാഗം ആർബിറ്റേറ്റർ അന്നാബെൽ ബെന്നറ്റ് വിശദമായി കേട്ടു. മത്സരങ്ങൾക്കിടയിൽ ചെറിയ ഇടവേളകൾ മാത്രമേയുള്ളൂവെന്നും ഇതുകാരണം ഭാരപരിശോധനയിൽ പരാജയപ്പെടാനുള്ള സാധ്യത വളരെയധികമാണെന്നും വിനേഷിനായി ഹാജരായ ഹരീഷ് സാൽവേ വാദിച്ചു. ഒളിമ്പിക്സ് വില്ലേജും ഗുസ്തി വേദിയും തമ്മിലുള്ള ദൂരം ഉൾപ്പെടെയുളള കാര്യങ്ങൾ സാൽവെ ചൂണ്ടിക്കാട്ടി. ആദ്യ ദിവസം മൂന്ന് മത്സരങ്ങൾ ജയിച്ച വിനേഷ് തനിക്ക് സംയുക്ത വെള്ളി മെഡലിന് അർഹതുയണ്ടെന്ന് കാട്ടിയാണ് അപ്പീൽ നൽകിയിരിക്കുന്നത്.
അതേസമയം മെഡൽ വേട്ടയിൽ ചൈനയും യു.എസും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. തുടക്കം മുതൽ മുന്നിലായിരുന്ന ചൈനയെ മറികടന്ന് ഇടയ്ക്ക് യു.എസ് മുന്നിലെത്തിയെങ്കിലും ഇപ്പോൾ ചൈനയാണ് മുന്നിൽ. ഒടുവിൽ റിപ്പോർട്ടുകിട്ടുമ്പോൾ ചൈനയ്ക്ക് 34 സ്വർണവും യു.എസിന് 33 സ്വർണവുമാണുള്ളത്. 27 വെള്ളിയും 23 വെങ്കലവുമടക്കം ചൈനയ്ക്ക് 84 മെഡലുകളാണ് ആകെയുള്ളത്. എന്നാൽ ആകെ മെഡൽ നേട്ടത്തിൽ യു.എസ് സെഞ്ച്വറി തികച്ച് ഏറെ മുന്നിലാണ്. 41 വെള്ളിയും 39 വെങ്കലവുമടക്കം 113 മെഡലുകളാണ് യു.എസ് ആകെ നേടിയത്.മെഡൽപ്പട്ടികയിൽ 69-ാം സ്ഥാനത്താണ് ഇന്ത്യ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |