തിരുവനന്തപുരം: കോഴിയിറച്ചി വില കുറഞ്ഞെങ്കിലും,ഹോട്ടലുകളിലെ ചിക്കൻ വിഭവങ്ങൾക്ക് പൊള്ളുന്ന വിലയാണ്. മൂന്ന് പീസ് അടങ്ങുന്ന ഒരു പ്ളേറ്റ് ചിക്കൻ കറിക്ക് ഹോട്ടലുകളിൽ 120-160 രൂപ കൊടുക്കണം. ഫ്രൈക്ക് 200. രണ്ടു പീസ് അടങ്ങുന്ന ബിരിയാണിക്ക് 160ന് മുകളിൽ.
ഒരു കിലോ കോഴിയിറച്ചിക്ക് ഇപ്പോൾ 90- 95 രൂപയാണ്. രണ്ട് മാസം മുൻപ് ഇത് 180 -200 രൂപവരെയായിരുന്നു. അന്ന് ചിക്കൻ വില 200ലെത്തിയപ്പോൾ കൂട്ടിയ നിരക്ക് ഹോട്ടലുകൾ തുടരുകയാണ്. ബേക്കറികളിലും കൂട്ടിയ വിലയാണ് ഈടാക്കുന്നത്.
വിഭവങ്ങളുടെ അളവും വിലയും തീരുമാനിക്കാനുള്ള അധികാരം ഹോട്ടൽ ഉടമകൾക്കാണ്. വിഭവങ്ങളുടെ വില പ്രദർശിപ്പിക്കണമെന്നു മാത്രമേ നിലവിൽ നിയമമുള്ളൂ. അതിനാൽ സാധനവില കൂടുമ്പോൾ വിഭവങ്ങൾക്ക് ഇവർ വിലകൂട്ടുമെങ്കിലും പിന്നീട് കുറയ്ക്കാറില്ല. ഹോട്ടൽ വിഭവങ്ങൾക്ക് ഏകീകൃത വില നിർണയ സംവിധാനം വരാത്തിടത്തോളം ചൂഷണം തുടരുമെന്നാണ് ഉപഭോക്താക്കൾ പറയുന്നത്.
180 രൂപയുടെ രണ്ട് കിലോ കോഴിയിൽ നിന്ന് 1.3 കിലോ മാംസമാണ് ലഭിക്കുന്നത്. 1.3 കിലോയിൽ നിന്ന് അഞ്ച് ഫുൾ ഫ്രൈ. ഒരു ഫൈക്ക് 200 രൂപ വച്ച് ഒരു കോഴിയിൽ നിന്ന്1000 രൂപ. എണ്ണ,മസാൽ,ജോലിക്കൂലി എന്നിവ മാറ്റിയാലും കൊള്ള ലാഭം.
തമിഴ്നാട് തിരുപ്പൂർ ജില്ലയിലെ പല്ലടമാണ് കോഴിവളർത്തലിന്റെ പ്രധാന കേന്ദ്രം. ഓണത്തിന് മുൻപ് വിപണി കീഴടക്കാൻ ഇവർ ആദ്യം വില കുറയ്ക്കും. പിന്നീട് ഒണത്തിന് വില കൂട്ടുകയും ചെയ്യും. അതേസമയം,ഒരുകിലോ കോഴിക്ക് തീറ്റയടക്കം കേരളത്തിൽ വളർത്തു ചെലവ് 80-85 രൂപയാകും. നഷ്ടം കാരണം കേരളത്തിലെ കർഷകർ കോഴി വളർത്തൽ നിറുത്തും. ഇതോടെ ഓണമാകുമ്പോൾ കേരളത്തിലെ കർഷകർക്ക് വിൽക്കാൻ കോഴിയുണ്ടാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |