ന്യൂഡൽഹി: രാഷ്ട്രീയം, സാഹിത്യം, നയതന്ത്രം എന്നീ മേഖലകളിൽ സംഭാവന ചെയ്തയാളായിരുന്നു ഇന്നലെ അന്തരിച്ച മുൻ കോൺഗ്രസ് നേതാവും മുൻ വിദേശകാര്യമന്ത്രിയുമായ കെ നട്‌വർ സിംഗ് (93). ദീർഘനാളത്തെ അസുഖത്തെ തുടർന്ന് ഗുഡ്‌ഗാവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
1931ൽ രാജസ്ഥാനിലെ ഭരത്പൂരിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1953ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്നു. ചൈന, പാകിസ്ഥാൻ, അമേരിക്ക,യുകെ അടക്കമുള്ള രാജ്യങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1983 ലെ കോമൺവെൽത്ത് ഗവൺമെന്റ് തലവന്മാരുടെ യോഗത്തിന്റെ ചീഫ് കോർഡിനേറ്ററായും അദ്ദേഹം സുപ്രധാന പങ്കുവഹിച്ചു.
1984ലാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേരുകയും ഭരത്പൂർ മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലെത്തുകയും ചെയ്തു. 1989 വരെ സഹമന്ത്രിയായി. 2004ൽ മൻമോഹൻ സിംഗ് മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായും സേവനമനുഷ്ഠിച്ചു.
2005ൽ, ഇറാഖി എണ്ണ കുംഭകോണത്തിൽ ആരോപണ വിധേയനായി. തുടർന്ന് മന്ത്രിസഭയിൽ നിന്നും കോൺഗ്രസ് പാർട്ടിയിൽ നിന്നും രാജിവയ്‌ക്കേണ്ടി വന്നു. 2006ൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് 'ഓയിൽ ഫോർ ഫുഡ്' അഴിമതിയുമായി ബന്ധപ്പെട്ടുള്ള എട്ട് കോടി രൂപയുടെ ഇടപാടിനെപ്പറ്റി അന്വേഷണം നടത്തി. ലണ്ടൻ ആസ്ഥാനമായുള്ള എൻആർഐ വ്യവസായി ആദിത്യ ഖന്നയുടെ ഡൽഹി അക്കൗണ്ടിൽ നിന്ന് പണം കണ്ടെത്തുകയും മുൻ വിദേശകാര്യ മന്ത്രി നട്‌വർ സിംഗ് ഉൾപ്പെടെയുള്ളവർക്ക് പങ്കുള്ളതായും കണ്ടെത്തിയിരുന്നു.
മുൻ പ്രധാനമന്ത്രിമാരായ ഇന്ദിര ഗാന്ധിയും, രാജീവ് ഗാന്ധിയുമായും അടുത്ത ബന്ധമുണ്ടായിരുന്നെങ്കിലും അഴിമതിയുടെ പേരിൽ സോണിയ ഗാന്ധിയുമായി കലഹിച്ചു. രാജിയെ തുടർന്ന് സിംഗ് ബഹുജൻ സമാജ് പാർട്ടിയിൽ ചേർന്നെങ്കിലും മാസങ്ങൾക്കകം പുറത്താക്കപ്പെട്ടു.1984ൽ അദ്ദേഹത്തിന് പത്മഭൂഷൺ ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |