പാരീസ്: നവ്യവും വിചിത്രവുമായ ഒരുപാട് ഓർമ്മകൾ ലോകത്തിന് സമ്മാനിച്ച് ആധുനിക ഒളിമ്പിക്സിന്റെ 33-ാം പതിപ്പിന് പാരീസിൽ കൊടിയിറക്കം. പാരീസിലെ സ്റ്റേഡ് ഡി ഫ്രാൻസിൽ ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 12.30 മുതലാണ് സമാപനച്ചടങ്ങുകൾ ആരംഭിച്ചത്. പി.ആർ ശ്രീജേഷും മനു ഭാക്കറും സമാപനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്തി.
അവസാന ദിവസത്തെ അവസാന മത്സരമായ വനിതകളുടെ ബാസ്കറ്റ് ബാളിൽ ആതിഥേയരായ ഫ്രാൻസിനെ തോൽപ്പിച്ച് അമേരിക്ക ഒളിമ്പിക് ചാമ്പ്യൻപട്ടം നിലനിറുത്തി. 17 ദിവസം നീണ്ടു നിന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ചൈനയെ മറികടന്നാണ്അ മേരിക്ക ജേതാക്കളായത്. 40 സ്വർണം വീതമാണ് അമേരിക്കയും ചൈനയും പാരീസിൽ നിന്ന് സ്വന്തമാക്കിയത്. 44 വെള്ളിയും 42 വെങ്കലവുമടക്കം 126 മെഡലുകൾ അമേരിക്കയുടെ അക്കൗണ്ടിലെത്തിയപ്പോൾ 27 വെള്ളിയും 24 വെങ്കലവുംകൂട്ടി ആകെ 91 മെഡലുകളാണ് ചൈന നേടിയത്. ആദ്യദിവസം മുതൽ ലീഡ് ചെയ്തിരുന്നത് ചൈനയായിരുന്നു. ഒരു വെള്ളിയും 5 വെങ്കലവുമുൾപ്പെടെ 6 മെഡലുകളാണ് പാരീസിൽ നിന്ന് ഇന്ത്യയ്ക്ക് നേടാനായത്.71-ാം സ്ഥാനത്താണ് ഇന്ത്യ.
രണ്ടര മണിക്കൂർ നീണ്ട സമാപനച്ചടങ്ങിൽ അടുത്ത ഒളിമ്പിക്സിനു വേദിയാകുന്ന യു.എസിലെ ലൊസാഞ്ചലസ് നഗരത്തിന്റെ മേയർ കരൻ ബാസ്, പാരിസ് മേയർ ആനി ഹിഡാൽഗോയിൽനിന്ന് ഒളിമ്പിക് പതാക ഏറ്റുവാങ്ങി. 2028 ലാണ് ലൊസാഞ്ചലസിൽ ഒളിമ്പിക്‌സിന് തിരിതെളിയുക.
മെഡൽ ടേബിൾ
സ്ഥാനം, രാജ്യം സ്വർണം, വെള്ളി, വെങ്കലം, ആകെ എന്ന ക്രമത്തിൽ
1.യു.എസ്.എ 40-44-42-126
2. ചൈന 40-27-24-91
3.ജപ്പാൻ 20-12-13-45
4.ഓസ്ട്രേലിയ 18-19-16-53
5.ഫ്രാൻസ് 16-26-22-64
..........................................................
71. ഇന്ത്യ 0-1-5-6
ഇന്ത്യയുടെ മെഡൽ നേട്ടങ്ങൾ
ജാവലിൻ ത്രോ
നീരജ് ചോപ്ര -വെള്ളി
ഷൂട്ടിംഗ്
മനു ഭാക്കർ -വെങ്കലം
10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത വിഭാഗം
മനു , സരബ്‌ജീത്ത് -വെങ്കലം
10മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം
സ്വപ്നിൽ കുസാലെ -വെങ്കലം
50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ
ഹോക്കി
ഇന്ത്യൻ പുരുഷ ടീം - വെങ്കലം
ഗുസ്തി
അമൻ ഷെറാവത്ത് - വെങ്കലം
ഫ്രീസ്റ്റൈൽ 75 കി.ഗ്രാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |