കാന്തൻപാറ വനത്തിൽ മൂന്നു ശരീരഭാഗങ്ങൾ
ചാലിയാറിൽ ഇന്നും നാളെയും തെരച്ചിൽ
കൽപ്പറ്റ: വയനാട് ദുരന്തത്തിൽ കാണാതായവർക്കു വേണ്ടി മലപ്പുറം ജില്ലയിൽ ചാലിയാറിൽ ഇന്നും നാളെയും അഞ്ചിടങ്ങളിൽ തെരച്ചിൽ നടത്തുമെന്ന് മന്ത്രിസഭാ ഉപസമിതി അംഗം പി.എ. മുഹമ്മദ് റിയാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മുണ്ടേരി ഫാം മുതൽ പരപ്പൻപാറ വരെ അഞ്ചുകിലോമീറ്ററിലാവും ഒരു സംഘത്തിന്റെ തെരച്ചിൽ. രാവിലെ ഏഴു മുതൽ ഉച്ചയ്ക്കു രണ്ട് വരെ. എൻ.ഡി.ആർ.എഫ്, അഗ്നിസേന, സിവിൽ ഡിഫൻസ് സേന, പൊലീസ്, വനംവകുപ്പ് എന്നവരുടെ 60 അംഗ സംഘമായിരിക്കും തെരച്ചിൽ നടത്തുക. വൈദഗ്ദ്ധ്യം വേണ്ടതിനാൽ ചാലിയാർ പുഴയുടെ ഈ ഭാഗത്തെ തെരച്ചിലിന് സന്നദ്ധപ്രവർത്തകരെ അനുവദിക്കില്ല.
വനമേഖലയായ പാണൻകായത്തിൽ 10 സന്നദ്ധപ്രവർത്തകർ ഉൾപ്പെടെ 50 അംഗ സംഘം തെരച്ചിലിനിറങ്ങും. പാണൻകായ മുതൽ പൂക്കോട്ടുമന വരെയും പൂക്കോട്ടുമന മുതൽ ചാലിയാർ മുക്ക് വരെയും 20 സന്നദ്ധപ്രവർത്തരും 10 പൊലീസുകാരും അടങ്ങുന്ന 30 അംഗ സംഘങ്ങളും ഇരുട്ടുകുത്തി മുതൽ കുമ്പളപ്പാറ വരെ 40 അംഗ സംഘവും തെരച്ചിൽ നടത്തും.
ക്യാമ്പിൽ കഴിയുന്നവരുടെ താത്ക്കാലിക പുനരധിവാസത്തിനായി 253 വാടകവീടുകൾ കണ്ടെത്തി. നൂറോളം വീടുകൾ സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. ക്യാമ്പുകളിലും ആശുപത്രികളിലും കഴിയുന്നവരുടെ അഭിപ്രായങ്ങൾ പരിഗണിച്ചായിരിക്കും പുനരധിവാസം. ഇതിനായി 14 ക്യാമ്പുകളിൽ 18 സംഘങ്ങൾ സർവേ നടത്തുന്നുണ്ട്. ഏതു പഞ്ചായത്തിൽ താമസിക്കണമെന്ന് ക്യാമ്പിൽ കഴിയുന്നവർക്കു തീരുമാനിക്കാം. ഒറ്റയ്ക്കായി പോയവരെ തനിച്ചു താമസിപ്പിക്കില്ല.
ഞായറാഴ്ച ജനകീയ തെരച്ചലിൽ സന്നദ്ധപ്രവർത്തകരും പ്രദേശവാസികളും ക്യാമ്പിൽ കഴിയുന്നവരും ജനപ്രതിനിധികളുമടക്കം രണ്ടായിരം പേർ പങ്കെടുത്തു. കാന്തൻപാറ വനത്തിൽ മൂന്നു ശരീരഭാഗങ്ങൾ കണ്ടെത്തി. പോസ്റ്റ്‌മോർട്ടത്തിലേ മനുഷ്യശരീരമാണോ എന്നു വ്യക്തമാകൂ. അട്ടമലയിൽ അസ്ഥി കണ്ടെത്തി. ഇതും മനുഷ്യന്റേതാണോ ദുരന്തത്തിന്റെ ഭാഗമാണോ എന്നും പരിശോധിക്കും.
ഇതുവരെ 229 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 178 പേരെ തിരിച്ചറിഞ്ഞു. 51 പേരെ തിരിച്ചറിയാനുണ്ട്. ശരീരഭാഗങ്ങൾ തിരിച്ചറിയാനുള്ള ഡി.എൻ.എ. പരിശോധന ഉടൻ പൂർത്തിയാകും. കളക്ടറേറ്റിൽ നടന്ന വാർത്താസമ്മേളനത്തിൽ കളക്ടർ ഡി.ആർ മേഘ്രശീയും പങ്കെടുത്തു.
15ക്യാമ്പുകളിൽ 1770 പേർ
15 ദുരിതാശ്വാസ ക്യാമ്പുകളിലായി 599 കുടുംബങ്ങളിലെ 658 പുരുഷൻമാരും 673 സ്ത്രീകളും 439 കുട്ടികളും ഉൾപ്പെടെ 1770 പേരുണ്ട്. ഉരുൾ ദുരന്തത്തിന്റെ 14 ക്യാമ്പുകളും കാലവർഷക്കെടുതിയുടെ ഭാഗമായി കടച്ചിക്കുന്നിൽ ആരംഭിച്ച ഒരു ക്യാമ്പുമാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |