കൊച്ചി : സൽമാൻ ഖാൻ ഉൾപ്പെടെ ഹോളിവുഡ് താരങ്ങൾ സുഹൃത്തുക്കളാണെങ്കിലും സൂപ്പർതാരം മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോൾ വിജി വെങ്കിടേഷ് തെല്ലൊന്നുമല്ല പരിഭ്രമിച്ചത്. ഡയലോഗ് വരെ മറന്നു. തോളിൽ തട്ടി ധൈര്യം പകർന്ന മമ്മൂട്ടിയെപ്പറ്റി പറയാൻ നൂറുനാവാണ് ക്യാൻസർ സാന്ത്വനരംഗത്ത് ലോകമെങ്ങും പ്രവർത്തിക്കുന്ന മാക്‌സ് ഫൗണ്ടേഷന്റെ ഏഷ്യൻ മേധാവി കൂടിയായ വിജി എന്ന വിജയലക്ഷ്‌മി.
അച്ഛൻ തിരുവനന്തപുരം സ്വദേശിയും അമ്മ തൃശൂരുകാരിയും ഭർത്താവ് തൃപ്പൂണിത്തുറ സ്വദേശിയുമാണെങ്കിലും പതിറ്റാണ്ടുകളായി മുംബയിലാണ് വിജി. ഗൗതം മേനോൻ സംവിധാനം ചെയ്ത് മമ്മൂട്ടിക്കമ്പനി നിർമ്മിക്കുന്ന സിനിമയിൽ അഭിനയിക്കുകയാണ് വിജി. ''എന്തൊരു സൗന്ദര്യവും സ്നേഹവുമാണ് മമ്മൂട്ടിക്ക്. അഭിനയിക്കാൻ വിളിച്ചത് തന്നെ അത്ഭുതമായി. ഒപ്പം അഭിനയിക്കുമ്പോൾ പരിഭ്രമം തോന്നും. മലയാളം തീരെയറിയില്ല. ഡയലോഗ് പലതവണ മറന്നു. അതൊക്കെ പറഞ്ഞുതന്നത് അദ്ദേഹമാണ്. എന്തൊരു വ്യക്തിത്വമാണ് മമ്മൂക്കയ്ക്ക്."" വിമൻസ് എൻട്രപ്രണേഴ്സ് നെറ്റ്‌വർക്ക് (വെൻ) സംഘടിപ്പിച്ച സംരംഭകസമ്മേളനം ഉദ്ഘാടനം ചെയ്തശേഷം വിജി വെങ്കിടേഷ് കേരളകൗമുദിയോട് പറഞ്ഞു.
തൃപ്പൂണിത്തുറയിലും പരിസരങ്ങളിലുമായിരുന്നു ഷൂട്ടിംഗ്. ആദ്യഘട്ടം പൂർത്തിയാക്കി മുംബയിലേയ്ക്ക് മടങ്ങിയ വിജി വീണ്ടുമെത്തും. 71-ാം വയസിൽ വിജി ആദ്യമായി സിനിമയിൽ അഭിനയിച്ചത് യാദൃശ്ചികമാണ്. അഖിൽ സത്യൻ സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കുമാണ് ആദ്യസിനിമ. ഫഹദ് ഫാസിലിനൊപ്പം പ്രധാനവേഷം അഭിനയിച്ചു. ഇൻസ്റ്റഗ്രാമിലെ ഫോട്ടോ കണ്ടാണ് അഖിൽ വിജിയെ ക്ഷണിച്ചത്. ബാന്ദ്രയിലെ വീട്ടിലെത്തി സഹസംവിധായിക ഗായത്രി സ്‌മിത കഥ പറഞ്ഞു.
താൻ മനസിൽ കണ്ടയാളാണ് വിജിയെന്ന് അഖിൽ പറഞ്ഞതോടെ സമ്മതം അറിയിച്ചു. മലയാളം പഠിപ്പിക്കാൻ ആളെ ഏർപ്പാടാക്കിയതും അഖിലാണ്. ഉമ്മച്ചിയുടെ വേഷം കൈയടിച്ച് പ്രേക്ഷകർ സ്വീകരിച്ചതോടെ സിനിമാ നടിയുമായി. സംവിധായകൻ ജയരാജും ക്ഷണിച്ചതായി വിജി പറഞ്ഞു.
ക്യാൻസറിനെതിരെ പോരാളി
ഇംഗ്ളീഷ് ബിരുദംനേടിയാണ് ഭർത്താവിനൊപ്പം വിജി അമേരിക്കയിലെത്തുന്നത്. 37-ാം വയസിൽ മുംബയിൽ തിരിച്ചെത്തി അദ്ധ്യാപികയായി. യാത്രയ്ക്കിടയിലാണ് ക്യാൻസർ രോഗികളുടെ ദുരിതങ്ങൾ അറിയുന്നത്. ചികിത്സാസഹായം സമാഹരിച്ചും പ്രതിരോധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചും പ്രവർത്തനം തുടങ്ങി. പിന്നീട് ടാറ്റാ ഹോസ്‌പിറ്റലിൽ ചേർന്നു. ഉന്നതപദവികൾ വഹിച്ചശേഷം 23 വർഷം മുമ്പ് മാക്‌സ് ഫൗണ്ടേഷനിൽ ചേർന്നു. സൽമാൻഖാൻ ഉൾപ്പെടെ സഹകരിക്കുന്ന മാക്‌സിന്റെ ചുക്കാൻ പിടിക്കുന്നതിനിടെയാണ് അഭിനയവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |