നിത്യഹരിതനായകൻ പ്രേംനസിറിനെക്കുറിച്ച് അധികമാർക്കുമറിയാത്ത ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ആലപ്പി അഷ്റഫ്. നാളെ അദ്ദേഹത്തിന്റെ ഓർമദിനമാണ്. പ്രേംനസിറീനെവച്ച് താൻ മൂന്ന് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ടെന്ന് ആലപ്പി അഷ്റഫ് പറയുന്നു.
'എട്ട് വയസ് പ്രായം. പ്രേംനസീർ എന്ന അബ്ദുൾ ഖാദർ കൂട്ടുകാരുമൊത്ത് സ്‌കൂളിൽ നിന്ന് വരുമ്പോൾ ഒരു കശുവണ്ടി കാട്ടിലേക്ക് കയറുന്ന പതിവുണ്ട്. അതിനടുത്തുതന്നെ ഒരു കാവുമുണ്ട്. ആ കാവിൽ ഒരു വിശ്വാസമുണ്ട്. ചൊവ്വാഴ്ചയും വെള്ളിയാഴ്ചയുമൊക്കെ കാലിൽ ചിലമ്പണിഞ്ഞ ദേവി കൈയിലൊരു വാളുമായി ആ വഴി പോകും. അവിടെ ആൾക്കാരെ കണ്ടാൽ അവരുടെ നേരെ ഭസ്മം എറിയും, ആ ഭസ്മം വീണാൽ അവർ മരിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നു.
അങ്ങനെ അബ്ദുൾ ഖാദറും കൂട്ടുകാരും കശുവണ്ടി ശേഖരിക്കുകയാണ്. അബ്ദുൾ ഖാദർ മരത്തിന്റെ മുകളിൽ കയറി കശുവണ്ടി ശേഖരിച്ച് താഴെ വന്നപ്പോൾ കൂട്ടുകാരെല്ലാം പോയിക്കഴിഞ്ഞിരിക്കുന്നു. ഒരു ചിലമ്പിന്റെ ശബ്ദം ആ കുഞ്ഞുകാതുകളിൽ കേട്ടു. ഇന്ന് വെള്ളിയാഴ്ചയാണല്ലോയെന്ന് ഓർത്തപ്പോൾ ഒരു ചെലമ്പിന്റെ ശബ്ദം. അതടുത്തുവരികയാണ്. ഓടാൻ ശ്രമിച്ചപ്പോൾ രക്തം എരച്ചുകയറുമ്പോലെ ആ കുട്ടിക്ക് തോന്നി. ഓടാൻ പറ്റുന്നില്ല. ബോധം കെട്ടുവീണു. മൂന്ന് ദിവസം കഴിഞ്ഞാണ് ആ കുട്ടിക്ക് ബോധം വന്നത്. കണ്ണുതുറന്നുനോക്കുമ്പോൾ കട്ടിലിൽ കിടക്കുകയാണ്. മൂന്ന് ദിവസമായി മല, മൂത്ര വിസർജനമെല്ലാം കട്ടിലിൽ തന്നെ. ആ കുട്ടിക്ക് ശബ്ദം പുറത്തേക്ക് വരുന്നില്ല. എന്തോ മാരക രോഗം പിടിപെട്ടിരിക്കുകയാണ്.
പരിഭ്രാന്തനായ പിതാവ് അലോപ്പതിയും ആയൂർവേദവുമൊക്കെ പരീക്ഷിച്ചുനോക്കി. ഒരു ഫലവും കണ്ടില്ല. ഈ കുട്ടി മരിച്ചുപോകുമെന്ന് അവരെല്ലാം വിധിയെഴുതി. ചിറയിൻകീഴിലെ നാട്ടുകാർക്കെല്ലാം ആ കുട്ടിയോട് വാത്സല്യമായിരുന്നു. ആരെ കണ്ടാലും കുശലും ചോദിക്കുന്ന പ്രകൃതക്കാരനായിരുന്നു അവൻ. അബ്ദുൾ ഖാദർ മരിച്ചുപോകുമെന്ന വാർത്ത നാടുമുഴുവൻ പരന്നു. മരിക്കാൻ കിടക്കുന്ന ആ കുട്ടിയെ കാണാനും തൊട്ടുരുമ്മിയിരുന്നു കരയാനുമായി ആയിരക്കണക്കിന് നാട്ടുകാർ വന്നുകൊണ്ടേയിരുന്നു. ഇതിനിടയിൽ ശ്രീനാരായണ സ്വാമിയുടെ ഒരു ശിഷ്യൻ വർക്കലയിൽ ഉണ്ടെന്നും ഒറ്റമൂലി പ്രയോഗം കൊണ്ട് പല രോഗങ്ങളും മാറ്റുന്നുണ്ടെന്നും ബാപ്പ അറിഞ്ഞു. അദ്ദേഹത്തെ പോയി കണ്ടു. അദ്ദേഹം ചികിത്സയും നിശ്ചയിച്ചു. 1001 തുടം മുലപ്പാൽ ഒപ്പിച്ചുതരാമെങ്കിൽ ബാക്കി മരുന്നുകൾ എന്റെ കൈയിലുണ്ടെന്ന് ആ സന്ന്യാസി പറഞ്ഞു. ചികിത്സാ വിധികൾ കേട്ടപ്പോൾ ബാപ്പ ഞെട്ടിപ്പോയി. ആർക്കും ഒരിക്കലും സാധിക്കാത്ത ചികിത്സാവിധി. 1001 തുടം മുലപ്പാൽ എവിടുന്ന് ഒപ്പിക്കും. അദ്ദേഹം കണ്ണീരോടെ വീട്ടിലേക്ക് തിരിച്ചു.
ഈ വിവരം വീട്ടിലുള്ളവരും നാട്ടിലുള്ളവരുമെല്ലാം അറിഞ്ഞു. ഇതറിഞ്ഞ മുലപ്പാൽ ഉള്ള സ്ത്രീകൾ ജാതിമത ഭേദമന്യേ ആ വീട്ടിലേക്ക് ഒഴുകിയെത്തി. അങ്ങനെ വൈദ്യൻ കൽപിച്ച 1001 തുടം മുലപ്പാൽ ശേഖരിച്ചുകഴിഞ്ഞു. ആ വൈദ്യൻ വന്ന് ചികിത്സ തുടങ്ങി. 41മത്തെ ദിവസം അബ്ദുൾ ഖാദർ എഴുന്നേറ്റ് നടക്കാനും തുടങ്ങി.'- അദ്ദേഹം പറഞ്ഞു. ഈ സംഭവം നസീർ സാറിന്റെ ഓർമക്കുറിപ്പിൽ അദ്ദേഹം തന്നെ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ആലപ്പി അഷ്റഫ് കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |