കൊച്ചി: താര സംഘടനയായ അമ്മയുടെ ട്രഷറർ സ്ഥാനത്ത് നിന്ന് രാജിവയ്ക്കുകയാണെന്ന് അറിയിച്ച് നടൻ ഉണ്ണി മുകുന്ദൻ. ഒരുപാട് ആലോചിച്ച ശേഷമാണ് ഇങ്ങനെ ഒരു വിഷമകരമായ തീരുമാനം എടുത്തതെന്നും ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ അറിയിച്ചു. ഈ സ്ഥാനത്ത് ഇരിക്കുന്ന സമയം ഞാൻ ശരിക്കും ആസ്വദിച്ചു, അത് ആവേശകരമായ അനുഭവമാണ് എനിക്ക് സമ്മാനിച്ചതെന്ന് ഉണ്ണി പറഞ്ഞു. മാർക്കോയുടെ വിജയത്തിന് ശേഷമുണ്ടായ സിനിമ തിരക്കുകളെ തുടർന്നാണ് ഉണ്ണി ട്രഷറർ സ്ഥാനം രാജിവയ്ക്കുന്നത്.
'കഴിഞ്ഞ കുറച്ച് മാസങ്ങളായി ജോലിത്തിരക്ക് വർദ്ധിക്കുകയാണ്. മാർക്കോയുടെയും മറ്റ് സിനിമ പ്രോജക്ടുകളുടെയും തിരക്കുകൾ എന്റെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചു. പ്രൊഫഷണൽ ജീവിതത്തിലെ സമ്മർദ്ദങ്ങൾ വലിയ തോതിൽ വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിൽ മറ്റു ഉത്തരവാദിത്തങ്ങൾ ബാലൻസ് ചെയ്തു കൊണ്ടുപോകാൻ സാധിക്കുന്നില്ല. എന്റെയും എന്റെ കുടുംബത്തിന്റെയും ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ പിന്നോട്ട് പോകുന്നതായി ഇപ്പോൾ തിരിച്ചറിയുന്നു.
അമ്മയിലെ പദവി നിർവഹിക്കുന്നതിൽ ഞാൻ എല്ലായ്‌പ്പോഴും മികച്ച് നിന്നിട്ടുണ്ടെന്നാണ് വിശ്വാസം. എന്നാൽ വരാനിരിക്കുന്ന പുതിയ പ്രതിബദ്ധതകൾ കണക്കിലെടുത്ത് എനിക്ക് എന്റെ ചുമതലകൾ ഫലപ്രദമായി നിറവേറ്റാൻ കഴിയില്ലെന്ന് തിരിച്ചറിയുന്നു.ഇപ്പോൾ ഹൃദയവേദനയോടെയാണ് ഞാൻ രാജി സമർപ്പിക്കുന്നത്. രാജിവച്ച സ്ഥാനത്ത് പുതിയ അംഗത്തെ നിയമിക്കുന്നത് വരെ എന്റെ സേവനം ഞാൻ തുടരും. എന്റെ ഭരണകാലത്ത് എനിക്ക് ലഭിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്, ഈ പദവിയിൽ ഉത്തരവാദിത്തങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്ന എന്റെ പിൻഗാമിക്ക് എല്ലാ വിജയങ്ങളും നേരുന്നു'- ഉണ്ണി മുകുന്ദൻ പറഞ്ഞു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ വിവാദത്തിന് ശേഷം അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടിരുന്നു. ജനറൽ സെക്രട്ടറി സിദ്ദിഖിനെതിരെ ആരോപണം ഉയരുകയും കേസെടുക്കുകയും ചെയ്തതോടെയാണ് ഭരണസമിതി പിരിച്ചുവിട്ടത്. നിലവിൽ അഡ്‌ഹോക്ക് കമ്മിറ്റിക്കാണ് സംഘടനയുടെ ചുമതല. ഈ വർഷം ജൂൺ വരെ അഡ്‌ഹോക്ക് കമ്മിറ്റിക്ക് തുടരാൻ സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |