ദുബായ്: പ്രവാസ ലോകത്ത് താമസിക്കുന്നവർ അധികം അവധി എടുക്കാൻ മുതിരില്ല. കാരണം, നാട്ടിലേക്ക് വരാൻ വേണ്ടി എല്ലാ അവധിയും സ്വരുക്കൂട്ടി വയ്ക്കാറാണ് പതിവ്. എന്നാൽ ചില വിശേഷ ദിവസങ്ങളിൽ കമ്പനി അവരുടെ ജീവനക്കാർക്ക് അവധി നൽകും. അന്നേ ദിവസം അവർക്ക് ജോലിയിൽ പ്രവേശിക്കേണ്ടി വരില്ല. യുഎഇയിൽ ശമ്പളത്തോടെ പ്രവാസികൾക്കും സ്വദേശികൾക്കും 30 ദിവസത്തെ അവധിയാണുള്ളത്. നിർബന്ധമായും കമ്പനികൾ ഈ ദിവസം ജീവനക്കാർക്ക് അവധി നൽകണം. അങ്ങനെ യുഎഇയിലുള്ളവർക്ക് ലഭിക്കുന്ന അവധികൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
അവധികൾ വിവിധ തരത്തിൽ
സ്ത്രീകൾക്ക് പ്രസവാവധി മുതൽ ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കാൻ വരെ അവധി ലഭിക്കും. നിലവിൽ ഒമ്പത് തരത്തിലുള്ള പെയ്ഡ് ലീവാണ് അനുവദിച്ചിരിക്കുന്നത്. സ്വകാര്യ കമ്പനികളിൽ ചില മാറ്റങ്ങളുണ്ടാകും. എന്നാൽ ഇത്തരത്തലുള്ള അവധി നിർബന്ധമായും ജീവനക്കാർക്ക് നൽകണമെന്നാണ് യുഎഇ തൊഴിൽ നിയമത്തിൽ അനുശാസിക്കുന്നത്.
വാർഷിക അവധി
ഒരു ജീവനക്കാരന് വാർഷിക അവധി ലഭിക്കണമെങ്കിൽ ജോലി ചെയ്യുന്ന കമ്പനിയിൽ ആറ് മാസം പൂർത്തിയാക്കണം. യുഎഇ തൊഴിൽ നിയമം 2021ലെ 33ാം നമ്പർ ഫെഡറൽ ഡിക്രി അനുസരിച്ചാണ് ഇത് അനുവദിച്ചിരിക്കുന്നത്. ഈ സമയത്ത് ജീവനക്കാർക്ക് പൂർണമായും ശമ്പളം ലഭിക്കും. ഒരു വർഷം സർവീസ് പൂർത്തിയാക്കിയവർക്ക് 30 ദിവസം അവധി ലഭിക്കും. ആറ് മാസം സർവീസ് പൂർത്തിയായവർക്ക് മാസത്തിൽ രണ്ട് തവണ ശമ്പളത്തോടെയുള്ള അവധി ലഭിക്കും. ഒരു ജീവനക്കാരൻ വാർഷിക അവധി എടുക്കാതെ സേവനം അവസാനിപ്പിച്ചാൽ, അവർക്ക് സേവനത്തിന്റെ അവസാന വർഷത്തിൽ അവധി ലഭിക്കും. പാർട്ട് ടൈം ജീവനക്കാർക്ക് അവർ ജോലി ചെയ്ത മണിക്കൂറിന്റെ അടിസ്ഥാനത്തിലായിരിക്കും അവധി.
അസുഖ അവധി
പ്രൊബേഷണറി കാലയളവ് അവസാനിച്ചതിന് ശേഷം മാത്രം, ഒരു ജീവനക്കാരന് വർഷത്തിൽ 90 ദിവസത്തിൽ കൂടാത്ത അസുഖ അവധി എടുക്കാൻ യുഎഇയിൽ സാധിക്കും. 90 ദിവസത്തെ അസുഖ അവധി തുടർച്ചയായോ ഇടയ്ക്കിടെയോ എടുക്കാവുന്നതാണ്. ഈ സമത്ത് ശമ്പളം ഇനിപ്പറയുന്ന രീതിയിലാണ് നൽകുക.
പ്രൊബേഷണറി സമയത്ത് ജീവനക്കാരന് അവധി എടുക്കുമ്പോൾ ശമ്പളം ലഭിക്കാനുള്ള അർഹതയില്ല. ചില സമയങ്ങളിൽ ജീവനക്കാരന്റെ മെഡിക്കൽ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് അവധി അനുവദിക്കുക.
ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ ശമ്പളത്തോടുകൂടിയ അസുഖ അവധിക്ക് ജീവനക്കാർക്ക് അർഹതയില്ല:
യുഎഇ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 31 അനുസരിച്ച്, ജീവനക്കാർ അവരുടെ രോഗത്തെക്കുറിച്ച് പരമാവധി മൂന്ന് ദിവസത്തിനുള്ളിൽ തൊഴിലുടമയെ അറിയിക്കണം. തന്റെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള മെഡിക്കൽ റിപ്പോർട്ട് ഉടൻ തന്നെ സമർപ്പിക്കുകയും വേണം.
പ്രസവാവധി
യുഎഇയിലുള്ള സ്ത്രീകൾക്ക് 60 ദിവസം ശമ്പളത്തോടെയുളള പ്രസവാവധി ലഭിക്കും. 45 ദിവസത്തേക്കാണെങ്കിൽ മുഴുവൻ ശമ്പളം ലഭിക്കും. ബാക്കിയുള്ള 15 ദിവസം പകുതി ശമ്പളം ലഭിക്കും. പ്രസവം നിശ്ചയിച്ച തീയതിക്ക് 30 ദിവസം മുമ്പ് സ്ത്രീകൾക്ക് അവധി എടുക്കാവുന്നതാണ്. പ്രസവത്തിന് ശേഷം കുട്ടിയുടെ ആരോഗ്യാവസ്ഥയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ 30 ദിവസത്തേക്ക് കൂടി അവധി എടുക്കാവുന്നതാണ്. ഈ സമയത്ത് ശമ്പളം ലഭിക്കില്ല. കുട്ടിയുടെ ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട മെഡിക്കൽ റിപ്പോർട്ട് നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അധികാരികൾക്ക് സമർപ്പിക്കുകയും വേണം.
രക്ഷാകർതൃ അവധി
യുഎഇയിലെ സ്വകാര്യ മേഖലയിലുള്ള ജീവനക്കാർക്ക് അവരുടെ കുഞ്ഞ് ജനിച്ച ദിവസം മുതൽ ആറ് മാസം വരെ അഞ്ച് പ്രവൃത്തി ദിവസങ്ങളുടെ രക്ഷാകർതൃ അവധിക്ക് അർഹതയുണ്ട്. കുട്ടിയുടെ അച്ഛനും അമ്മയ്ക്കും ഈ അവധിക്ക് അപേക്ഷിക്കാവുന്നതാണ്. ഈ അവധി എടുക്കുന്ന ജീവനക്കാർക്ക് ശമ്പളം നൽകേണ്ടതുണ്ട്. 2020ൽ തൊഴിൽ നിയമങ്ങളുടെ ഭേദഗതയിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സയ്യിദ് അൽ നഹ്യാനാണ് ഈ നിയമം കൊണ്ടുവന്നത്. ഗൾഫ് രാജ്യങ്ങളിൽ യുഎഇയാണ് ആദ്യമായി മാതാപിതാക്കൾക്ക് കുട്ടികളെ പരിചരിക്കാൻ അവധി നൽകാൻ നിയമം കൊണ്ടുവന്നത്.
വിയോഗ അവധി
ജീവനക്കാരന്റെ ജീവിതപങ്കാളി മരണപ്പെട്ടാൽ അഞ്ചുദിവസവും രക്ഷിതാവ്, കുട്ടി, സഹോദരൻ, പേരക്കുട്ടി, മുത്തശ്ശി എന്നിവരുടെ മരണത്തിൽ മൂന്നുദിവസവും ശമ്പളത്തോടുകൂടിയ വിയോഗ അവധിക്ക് ജീവനക്കാർക്ക് അർഹതയുണ്ട്.
ഹജ്ജ് അവധി
ഹജ്ജ് കർമ്മം നിർവഹിക്കാൻ യുഎഇയിലുള്ളവർക്ക് പ്രത്യേക അവധി ലഭിക്കും. ശമ്പളമില്ലാതെയാണ് ഈ അവധി ജീവനക്കാർക്ക് എടുക്കാൻ സാധിക്കുക. 30 ദിവസത്തിൽ കൂടുതൽ ഈ അവധി എടുക്കാൻ ജീവനക്കാർക്ക് സാധിക്കില്ല. നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ എത്ര നാളത്തെ സർവീസുണ്ടെന്ന കാര്യം പരിഗണിച്ചാണ് ഈ അവധി ലഭിക്കുക. തൊഴിലുടമയാണ് ഈ അവധി നൽകണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
ഔദ്യോഗിക അവധി
യുഎഇ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 21 അനുസരിച്ച്, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് തൊഴിൽ കരാറിലോ കമ്പനിയുടെ തൊഴിൽ ചട്ടങ്ങളിലോ വ്യക്തമാക്കിയ പ്രകാരം ആഴ്ചയിൽ ഒരു ദിവസമെങ്കിലും ശമ്പളത്തോടുകൂടിയ വിശ്രമത്തിന് അർഹതയുണ്ട്. ഇത് നിർബന്ധമായും നൽകേണ്ടതുണ്ട്. കമ്പനിക്ക് വേണമെങ്കിൽ ഈ അവധിയുടെ എണ്ണം ആഴ്ചയിൽ വർദ്ധിപ്പിക്കാം. പൊതു അവധി ദിവസങ്ങളിലും ജീവനക്കാർക്ക് ശമ്പളം നൽകേണ്ടതുണ്ട്. ഏതെങ്കിലും അവധി ദിവസങ്ങളിൽ ജീവനക്കാർക്ക് ജോലി ചെയ്യേണ്ട സാഹചര്യം വന്നാൽ മറ്റോരു ദിവസം നിർബന്ധമായും അവധി നൽകേണ്ടതുണ്ട്.
വിദ്യാഭ്യാസത്തിനായുള്ള അവധി
യുഎഇയിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നിൽ പഠിക്കുന്ന ഒരു ജീവനക്കാരന് പരീക്ഷ എഴുതുന്നതിന് പ്രതിവർഷം 10 ദിവസത്തെ ശമ്പളത്തോടെയുള്ള അവധിക്ക് അർഹതയുണ്ട്. ഈ അവധി ലഭിക്കണമെങ്കിൽ ജീവനക്കാരൻ ജോലി ചെയ്യുന്ന കമ്പനിയിൽ രണ്ട് വർഷം പൂർത്തിയാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |