ആലപ്പുഴ: തകഴിയിൽ ദുരൂഹസാഹചര്യത്തിൽ കുഴിച്ചിട്ട നിലയിൽ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ അമ്മ പൂച്ചാക്കൽ ഉളവയ്പ് ആനമുട്ടിച്ചിറ ഡോണ ജോജി (22) ഗർഭഛിദ്രത്തിന് ശ്രമിച്ചിരുന്നു.
ഗുളിക കഴിച്ചപ്പോൾ ഗർഭം അലസിപ്പോയെന്ന് കരുതി. പിന്നീടാണ് ഗർഭഛിദ്രം പരാജയപ്പെട്ടെന്ന് മനസിലായത്. തുടർന്ന് രഹസ്യമായി പ്രസവിച്ച ശേഷം എന്തുചെയ്യാമെന്ന് ഡോണയും കാമുകൻ തകഴി കുന്നുമ്മ വിരിപ്പാല പുത്തൻ പറമ്പിൽ തോമസ് ജോസഫും(24) ചേർന്ന് തീരുമാനിച്ചത്രേ.
ഈ മാസം ഏഴിന് പുലർച്ചെ 1.30ന് സ്വന്തം വീട്ടിലാണ് ഡോണ പ്രസവിച്ചത്. കുട്ടിയുടെ മരണം കൊലപാതകമാണോയെന്ന് സംശയിക്കുന്നുണ്ട്. കുഞ്ഞിന് മുലപ്പാൽ നൽകിയിരുന്നില്ല. പോളിത്തീൻ കവറിലാക്കി കുഞ്ഞിനെ ഡോണ കാമുകന് നൽകി. തുടർന്ന് തോമസും സുഹൃത്ത് തകഴി കുന്നുമ്മ വിരുപ്പാല മുട്ടച്ചിറ കോളനിയിൽ അശോക് ജോസഫും (30) ചേർന്ന് കുഞ്ഞിനെ തകഴി വണ്ടേപ്പുറം പാടശേഖരത്തിന്റെ ബണ്ടിൽ കുഴിച്ചിടുകയായിരുന്നു.
യുവതിക്ക് ബ്ലീഡിംഗ് ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അപ്പോഴാണ് പ്രസവിച്ച വിവരം അറിയുന്നത്. കുഞ്ഞെവിടെ എന്ന് ഡോക്ടർമാർ ചോദിച്ചപ്പോൾ യുവതി കാമുകന് കൊടുത്തുവിട്ട കാര്യം പറഞ്ഞു. പ്രസവിച്ചയുടൻ കുഞ്ഞ് കരഞ്ഞിരുന്നെന്ന് യുവതി പറഞ്ഞതായി ഡോക്‌ടർ മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യം ചോദിച്ചപ്പോൾ പ്രസവിച്ചയുടൻ കരഞ്ഞെന്നും പിന്നെ കരഞ്ഞില്ലെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ കുഞ്ഞിന്റെ മരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |