ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനുവേണ്ടിയുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. മുങ്ങൽ വിദഗ്ദ്ധനായ ഈശ്വർ മാൽപെ ഗംഗാവലി പുഴയിൽ ഇറങ്ങി നടത്തിയ പരിശോധനയിൽ ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹ ഭാഗം കണ്ടെത്തി. ലോറിയിൽ ഉപയോഗിച്ചിരുന്ന ഹെെഡ്രോളിക് ജാക്കിയാണ് കണ്ടെത്തിയത്. ഇത് അർജുൻ ഉപയോഗിച്ചിരുന്ന ലോറിയുടെതാണെന്ന് ലോറി ഉടമ മനാഫ് തിരിച്ചറിഞ്ഞു. പുതിയ ജാക്കിയാണ് ലോറിയിലുണ്ടായിരുന്നത്. ഈശ്വർ മാൽപെ മുങ്ങിയെടുത്തതും പുതിയ ജാക്കിയായിരുന്നു.
വെള്ളത്തിന്റെ അടിത്തട്ട് നല്ലപോലെ കാണാൻ കഴിയുന്നുണ്ടെന്നും നാളെ രാവിലെ എട്ട് മണി മുതൽ വെെകുന്നേരം വരെ തെരച്ചിൽ വീണ്ടും നടത്തുമെന്നും ഈശ്വർ മാൽപെ അറിയിച്ചു. മൂന്ന് ദിവസം തെരച്ചിൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് പുഴയുടെ വശങ്ങളിലാണ് പരിശോധന നടത്തിയത്. ലോറി കണ്ടെത്തുമെന്ന് പ്രതീക്ഷയുണ്ടെന്നും ഈശ്വർ മാൽപെ പറഞ്ഞു.
കാലാവസ്ഥ തെരച്ചിലിന് അനുകൂലമാണെന്ന് കാർവാർ എം എൽ എ സതീശ് കൃഷ്ണ സെയ്ൽ നേരത്തെ അറിയിച്ചിരുന്നു. പ്രദേശത്ത് രണ്ട് ദിവസമായി മഴ ഇല്ല. ഗംഗാവലി പുഴയിലെ ഒഴുക്ക് രണ്ട് നോട്സിന് അടുത്തെത്തിയെന്നും എം എൽ എ പറഞ്ഞു. ക്ഷുഭിതനായിട്ടാണ് എം എൽ എ മാദ്ധ്യമങ്ങളോട് സംസാരിച്ചത്. കേരള സർക്കാർ തങ്ങളോട് ഒരു തരത്തിലും സഹകരിക്കുന്നില്ലെന്ന് എം എൽ എ കുറ്റപ്പെടുത്തി. ഡ്രഡ്ജർ അടക്കം കൊണ്ടുവന്ന് തെരച്ചിൽ നടത്താൻ തങ്ങൾ തയ്യാറായിരുന്നു. പല തവണ ആവശ്യപ്പെട്ടു. അതിനുവേണ്ട വാടകയടക്കം മുൻകൂട്ടി നൽകാമെന്ന് പറഞ്ഞിട്ടും ശ്രമിക്കുന്നുണ്ടെന്ന മറുപടി മാത്രമാണ് കേരള സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടയതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |