തൃശൂർ:പത്മശ്രീ ജേതാവും തിരുവമ്പാടി ദേവസ്വം പ്രസിഡന്റുമായ ടി.എ.സുന്ദർ മേനോൻ പ്രതിയായ ധനകാര്യ സ്ഥാപനങ്ങളിലെ കോടികളുടെ തട്ടിപ്പ് കേസിൽ കെ.പി.സി.സി സെക്രട്ടറിയും തൃശൂർ കോർപ്പറേഷൻ മുൻ കൗൺസിലറുമായ സി.എസ്. ശ്രീനിവാസനും (54) അറസ്റ്റിൽ. അന്നമനട പാലിശേരി സ്വദേശി ചാത്തോത്തിൽ വീട്ടിൽ ശ്രീനിവാസനെ തൃശൂർ സിറ്റി ജില്ലാ ക്രൈം ബ്രാഞ്ച് സംഘം കാലടിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
മുൻകൂർ ജാമ്യാപേക്ഷ നൽകിയ ശ്രീനിവാസൻ ഒളിവിലായിരുന്നു.
ടി.എ. സുന്ദർ മേനോൻ ചെയർമാനായിരുന്ന തൃശൂർ ഹീവാൻ നിധി ലിമിറ്റഡ്, ഹീവാൻ ഫിനാൻസ് എന്നീ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടറായിരുന്നു ശ്രീനിവാസൻ. സുന്ദർ മേനോനെ നാലിന് അറസ്റ്റ് ചെയ്തിരുന്നു.
62 നിക്ഷേപകരുടെ 7.78 കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട 18 കേസുകളിലാണ് ടി.എ.സുന്ദർ മേനോനെ അറസ്റ്റ് ചെയ്തത്. അതിന്റെ തുടർച്ചയാണ് ശ്രീനിവാസന്റെ അറസ്റ്റ്. മറ്റൊരു പ്രതിയായ പുതൂർക്കര പുത്തൻ വീട്ടിൽ ബിജു മണികണ്ഠനും ജയിലിലാണ്.
പ്രതികളുടെയും മറ്റ് ഡയറക്ടർമാരുടെയും സ്വത്ത് മരവിപ്പിച്ചിരുന്നു. സ്വത്ത് കണ്ടുകെട്ടാനുള്ള നടപടി തുടരുകയാണ്.
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും റിസർവ് ബാങ്ക് നിബന്ധനകൾക്ക് വിരുദ്ധമായും നിക്ഷേപം സ്വീകരിച്ചെന്നും കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നൽകാതെ വിശ്വാസ വഞ്ചന നടത്തിയെന്നുമാണ് വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
വിവിധ ജില്ലകളിലായി 300 നിക്ഷേപകർ പല ഘട്ടങ്ങളിലായി പരാതി നൽകിയിട്ടുണ്ട്. ഹൈക്കോടതിയിലും ഹർജി സമർപ്പിച്ചിരുന്നു. 17 കോടി രൂപ തിരികെ കൊടുക്കാനുണ്ടെന്നാണ് അനൗദ്യോഗിക വിവരം. വെസ്റ്റ് പൊലീസ് അന്വേഷിച്ചിരുന്ന കേസുകൾ പരാതികൾ കൂടിയതോടെ ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു.
ജമ്മു ആസ്ഥാനമാക്കിയാണ് കേരളത്തിൽ ഇവർ സ്ഥാപനം തുടങ്ങിയത്. ജമ്മുവിൽ ഓഫീസില്ലെന്ന് വ്യക്തമായി. കേരളത്തിൽ പ്രധാനമായും നാല് ബ്രാഞ്ചുകളായിരുന്നു. മാസങ്ങൾക്ക് മുമ്പേ സ്ഥാപനം പൂട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |