ബംഗളൂരു: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനുവേണ്ടിയുള്ള തെരച്ചിൽ ഇന്ന് രാവിലെ പത്തുമണിയോടെ പുനഃരാരംഭിക്കുമെന്ന് കാർവാർ എസ് പി നാരായണ അറിയിച്ചു. പ്രാദേശിക മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപെയുടെ നേതൃത്വത്തിലാണ് ഗംഗാവലി പുഴയിൽ തെരച്ചിൽ നടത്തുന്നത്. നാവികസേനയുടെ ഒരു ഡൈവിംഗ് സംഘവും ഉൾപ്പെടെ 50 പേരടങ്ങുന്ന സംഘമാണ് തെരച്ചിലിനിറങ്ങുന്നത്. ഇന്ന് പൂർണതോതിൽ തെരച്ചിൽ നടത്തുമെന്നും എസ് പി നാരായണ പറഞ്ഞു.
ഈശ്വർ മാൽപെക്കൊപ്പം മത്സ്യത്തൊഴിലാളി സംഘവും എസ്.ഡി.ആർ.എഫ്, എൻ.ഡി.ആർ.എഫ് സംഘവും തെരച്ചിലിൽ പങ്കാളികളാവും. ഷിരൂരിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ടെങ്കിലും കാലാവസ്ഥ അനുകൂലമാണെന്നാണ് വിവരം. മാൽപെക്കൊപ്പം മൂന്ന് മുങ്ങൽ വിദഗ്ധരും പുഴയിലിറങ്ങും. അർജുനൊപ്പം മണ്ണിടിച്ചിലിൽ കാണാതായ ലോകേഷ്, ജഗന്നാഥ് എന്നീ കർണാടക സ്വദേശികൾക്കായും തെരച്ചിൽ നടത്തും. നിരീക്ഷണത്തിനായി കരസേനയുടെ ഹെലികോപ്‌ടറും ഉണ്ടാവും.
ഇന്നലെ നടത്തിയ തെരച്ചിലിൽ അർജുന്റെ ട്രക്കിന്റെ ഹൈഡ്രോളിക് ജാക്കി കണ്ടെടുത്തിരുന്നു. ഗംഗാവലി നദിയിൽ ഈശ്വർ മൽപ്പെയുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് വൈകിട്ട് നാലരയോടെ ജാക്കിയും ഒരു ഇരുമ്പ് കഷണവും കണ്ടെടുത്തത്. ജാക്കി അർജുൻ ഓടിച്ച ട്രക്കിന്റേത് തന്നെയെന്ന് ഉടമ മനാഫ് തിരിച്ചറിഞ്ഞു. ട്രക്കിന്റെ ചുവപ്പ് നിറമായിരുന്നു ജാക്കിയുടേതും. ജാക്കി ലഭിച്ചിടത്തുതന്നെ ലോറിയും ഉണ്ടാകുമെന്നും മനാഫ് പറഞ്ഞു.
മുങ്ങി തിരയാൻ പറ്റിയ കാലാവസ്ഥയായിട്ടും കർണാടകം തെരച്ചിൽ വൈകിപ്പിച്ചെന്ന് ഇന്നലെ ഇവിടെ എത്തിയ അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ ആരോപിച്ചിരുന്നു. രാവിലെ തെരച്ചിൽ നടത്തുമെന്ന് പറഞ്ഞെങ്കിലും ഉച്ചയായിട്ടും ആരും എത്തിയില്ല. വൈകിയാൽ ഷിരൂരിൽ പ്രതിഷേധിക്കാനായിരുന്നു കുടുംബത്തിന്റെ തീരുമാനമെന്നും ജിതിൻ വ്യക്തമാക്കി. തെരച്ചിൽ പുനരാരംഭിച്ചതോടെ അർജുനെ കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്ന് സഹോദരി അഞ്ജു കോഴിക്കോട്ട് പറഞ്ഞു. ഞങ്ങൾ മാനസികമായി തകർന്നു. കാത്തിരിപ്പിന് ഒരവസാനം വേണമെന്നും സഹോദരി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |