കൊൽക്കത്ത: കൊൽക്കത്തയിലെ സർക്കാർ മെഡിക്കൽ കാേളേജിൽ ട്രെയിനി ഡാേക്ടർ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണത്തിനായി സിബിഐ സംഘം എത്തി. ഡൽഹിയിൽ നിന്നുള്ള സംഘമാണ് കൊൽക്കത്തിയിലെത്തിയത്. ഇവർക്കൊപ്പം ഫോറൻസിക് , മെഡിക്കൽ വിദഗ്‌ധരുമുണ്ട്. സംഭവസ്ഥലം സന്ദർശിച്ചശേഷം ഇവർ കൊൽക്കത്ത പൊലീസുമായി വിശദമായ കൂടിക്കാഴ്ച നടത്തിയേക്കും എന്നും റിപ്പോർട്ടുണ്ട്. സംഭവത്തിന്റെയും ഇതുവരെയുള്ള അന്വേഷണത്തിന്റെയും പുരോഗതി വിലയിരുന്നതിനാണിത്.
ഇന്നലെ കേസ് സിബിഐയ്ക്ക് വിടാൻ കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് വന്ന് മണിക്കൂറുകൾക്കുള്ളിൽ സിബിഐ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. കോടതിവിധിയെ സ്വാഗതം ചെയ്ത ബിജെപി സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി മമത ബാനർജിക്കും ശക്തമായ തിരിച്ചടിയാണെന്നും പറഞ്ഞു. അതേസമയം വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പശ്ചിമബംഗാളിലും രാജ്യത്തിന്റെ മറ്റുപല സംസ്ഥാനങ്ങളിലും ഡോക്ടർമാർ ഇന്നും പണിമുടക്കുകയാണ്.
അതിനിടെ പ്രതി സഞ്ജയ് റോയ് ബോക്‌സാറാണെന്ന വിവരം പുറത്തുവന്നു. നാലുവിവാഹം കഴിച്ചെങ്കിലും കൊടിയ പീഡനം സഹിക്കാൻ കഴിയാതെ ഭാര്യമാർ ഇയാളെ ഉപേക്ഷിക്കുകയായിരുന്നു എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
സംസ്ഥാന സർക്കാരിനെയും പൊലീസിനെയും അതിരൂക്ഷമായി വിമർശിച്ചുകൊണ്ടാണ് കോടതി കേസ് സിബിഐയ്ക്ക് വിട്ടത്. പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിന്റെ രാജി സ്വീകരിക്കാതെ അദ്ദേഹത്തെ കൽക്കട്ട നാഷണൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി മാറ്റിയ നടപടി പുരസ്കാരത്തിന് സമാനമാണെന്ന് കോടതി കുറ്റപ്പെടുത്തുകയുംചെയ്തു. പ്രിൻസിപ്പലിനോട് അവധിയിൽ പോകാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
അസ്വാഭാവിക മരണമായി കേസ് രജിസ്റ്റർ ചെയ്തത് ഞെട്ടിക്കുന്നു. ആശുപത്രി അധികൃതർ ഇരയ്‌ക്കും കുടുംബത്തിനും ഒപ്പമല്ല എന്നുപറഞ്ഞ കോടതി പ്രിൻസിപ്പൽ പരാതി നൽകാത്തത് ആശ്ചര്യമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷ് ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവച്ചെങ്കിലും 12 മണിക്കൂറിനകം കൊൽക്കത്ത നാഷണൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പലായത് ഗുരുതരമായ വിഷയമാണ്. ആരും നിയമത്തിന് അതീതരല്ല. ഈ പ്രിൻസിപ്പൽ വീട്ടിലിരുന്നാൽ മതിയെന്നും കോടതി വ്യക്തമാക്കുകയും ചെയ്തു.
അന്വേഷണത്തിലെ പോരായ്‌മകൾ ചൂണ്ടിക്കാട്ടി വനിതാഡോക്‌ടറുടെ മാതാപിതാക്കൾ ഉൾപ്പെടെ സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം, ജസ്റ്റിസ് ഹിരൺമയി ഭട്ടാചാര്യ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.മാതാപിതാക്കൾക്ക് നീതി ഉറപ്പാക്കാനും, പൊതുജനത്തിന് ആത്മവിശ്വാസം പകരാനും സി.ബി.ഐക്ക് അന്വേഷണം കൈമാറുകയാണെന്ന് ഹൈക്കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |