ബംഗളുരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനായുള്ള തെരച്ചിലിന് ഗോവയിൽ നിന്ന് ഡ്രഡ്ദർ എത്തിക്കും. തിങ്കളാഴ്ചയോടെ ഡ്രഡ്‌ജർ എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്,. ജലമാർഗമായിരിക്കും ഡ്രഡ്ജർ കൊണ്ടുവരുന്നത്. ഇതിന് 50 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഈ തുക കർണാടക സർക്കാർ വഹിക്കും. കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ, മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷറഫ്, ഉത്തരകന്നഡ ജില്ലാ കളക്ടർ, എസ്.പി എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.
ട്രാൻ്സ്പോർട്ടേഷൻ ചെലവ് കഴിഞ്ഞാൽ ബാക്കി ദിനംപ്രതി നാല് ലക്ഷം രൂപയാണ് ഡ്രഡ്ജറിന് വാടക. ഗോവയിലെ മണ്ഡോവി നദിയിലൂടെ കൊണ്ടുവരുന്ന ഡ്രഡ്‌ജർ ഗംഗാവലി പുഴയിലേക്ക് എത്തിക്കണമെങ്കിൽ രണ്ട് പാലങ്ങൾ കടക്കണം. അതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കേണ്ടതുണ്ട്. ഡ്രഡ്ജർ എത്തിക്കുന്നതോടെ ഗംഗാവലി പുഴയിലെ വലിയ കല്ലും മണ്ണും മരങ്ങളും നീക്കം ചെയ്ത് തെരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. നേരത്തെ തൃശൂരിൽ നിന്ന് ഡ്രഡ്ജർ എത്തിക്കാൻ ശ്രമിച്ചെങ്കിലും പുഴയിലെ അടിയൊഴുക്ക് കൂടിയതിനാൽ എത്തിക്കാൻ സാധിച്ചിരുന്നില്ല.
അതേസമയം നാളെ സ്വാതന്ത്ര്യദിനം ആയതിനാൽ തെരച്ചിൽ ഉണ്ടാകില്ല. തിങ്കളാഴ്ച ഡ്രഡ്ജർ എത്തുന്നതുവരെ നാവികസേനയുടെയും മുങ്ങൽ വിദഗ്ദ്ധൻ ഈശ്വർ മാൽപെയുടെയും നേതൃത്വത്തിൽ തെരച്ചിൽ തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |