ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദ്ദിക് പാണ്ഡ്യയും സെർബിയൻ നടിയും മോഡലുമായ നടാഷ സ്റ്റാൻകോവിച്ചും കഴിഞ്ഞ ജൂലായിലാണ് തങ്ങൾ വേർപിരിയുകയാണെന്ന വാർത്ത ആരാധകരെ അറിയിച്ചത്. 2020ലാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ ഹാർദ്ദിക് ബ്രിട്ടീഷ് ഗായികയായ ജാസ്‌മിൻ വാലിയയുമായി പ്രണയത്തിലാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ഇരുവരും ഒരേ സ്ഥലത്തുനിന്നുള്ള വെക്കേഷൻ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചതാണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. ഹാർദ്ദിക്കും ജാസ്‌മിനും ഗ്രീസിൽ അവധിക്കാലം ആഘോഷിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
ഗായികയ്ക്ക് പുറമെ ടെലിവിഷൻ താരം കൂടിയാണ് ജാസ്‌മിൻ വാലിയ. 29കാരിയായ ജാസ്‌മിൻ ഇംഗ്ളണ്ടിലെ എക്‌സെസിലാണ് ജനിച്ചത്. മാതാപിതാക്കൾ ഇന്ത്യൻ വംശജരാണ്. കുട്ടിക്കാലം മുതൽ തന്നെ ജാസ്‌മിൻ സംഗീതത്തിൽ താത്‌പര്യം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് പിതാവ് സംഗീത ക്ളാസുകളിൽ ചേർത്തു. ഇന്ത്യൻ സംഗീതത്തോടും ബോളിവുഡ് സിനിമകളോടും ചെറുപ്പം മുതൽ ജാസ്‌മിന് പ്രിയം തോന്നിയിരുന്നു.
പഠനത്തിനുശേഷം കുറച്ചുകാലം ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്തിരുന്നു. 2010ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് റിയാലിറ്റി പരമ്പരയായ 'ദി ഒൺലി വേ ഈസ് എക്‌സെസി'ലൂടെയാണ് ജാസ്‌മിൻ ശ്രദ്ധനേടുന്നത്. ആദ്യം കുറച്ച് എപ്പിസോഡുകളിൽ മാത്രം പ്രത്യക്ഷപ്പെട്ട ജാസ്‌മിൻ 2012ഓടെ മുഴുനീള കഥാപാത്രം ചെയ്‌താണ് പ്രശസ്തിയിലേയ്ക്കുയർന്നത്.
2014ൽ ജാസ്‌മിൻ സ്വന്തമായി യുട്യൂബ് ചാനൽ തുടങ്ങുകയും പാട്ടുകൾ പാടി പങ്കുവയ്ക്കുകയും ചെയ്തു. പിന്നാലെ ദേസി റാസ്‌കൽസ് 2, ദി എക്‌സ് ഫാക്‌ടർ, ഡിന്നർ ഡേറ്റ്, കാഷ്വാലിറ്റി, ഡോക്‌ടേഴ്‌സ് തുടങ്ങിയ ഷോകളുടെ ഭാഗമായി.
2016ൽ സാക്ക് നൈറ്റ് എന്ന ഗായകനൊപ്പം ജാസ്മിൻ തന്റെ ആദ്യ ഗാനം 'ദം ഡീ ഡീ ദം' പുറത്തിറക്കി. അതേവർഷം തന്നെ തന്റെ യുട്യൂബ് ചാനലിൽ 'ഗേൾ ലൈക്ക് മീ' എന്ന രണ്ടാമത്തെ സിംഗിളും പുറത്തിറക്കി. 2017ൽ പുറത്തിറങ്ങിയ 'ബോം ഡിഗ്ഗി' എന്ന പാട്ടാണ് ഇന്ത്യക്കാർക്കിടയിൽ ജാസ്‌മിനെ പ്രശസ്‌തയാക്കിയത്. 2018ൽ ബോളിവുഡ് ചിത്രമായ 'സോനു കെ ടിറ്റു കി സ്വീറ്റിയുടെ' സൗണ്ട് ട്രാക്കിനായി ഈ പാട്ട് റീമേക്ക് ചെയ്തത് സൂപ്പർ ഹിറ്റായിരുന്നു. ബോം ഡിഗ്ഗി 2017ൽ ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിന്റെ ഔദ്യോഗിക ഏഷ്യൻ മ്യൂസിക് ചാർട്ടിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. സംഗീതത്തിനുപുറമെ 2014ലും 15ലും ഈസ്റ്റേൺ ഐയുടെ ടോപ്പ് 50 സെക്സിയസ്റ്റ് ഏഷ്യൻ വുമൺ പട്ടികയിലും ജാസ്‌മിൻ ഇടംനേടി.
2020ൽ ജാസ്‌മിന്റെ 'വാണ്ട് സം' എന്ന ഗാനം ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയർ ബിൽബോർഡിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത്തരത്തിൽ ബിൽബോർഡിൽ എത്തുന്ന ആദ്യ വനിത ബ്രിട്ടീഷ് ഇന്ത്യൻ ഗായികയാണ് ജാസ്‌മിൻ.
ജാസ്‌മിൻ ഹാർദ്ദിക്കിനെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്. മാത്രമല്ല ഹാർദ്ദിക്ക് ജാസ്‌മിന്റെ പോസ്റ്റുകൾ ലൈക്ക് ചെയ്തിട്ടുമുണ്ട്. മുംബയ് ഇന്ത്യൻസ് ഐപിഎൽ മത്സരത്തിനിടെ ജാസ്‌മിൻ പങ്കുവച്ച പഴയ സെൽഫിയും ആരാധകർ പ്രണയ വാർത്തകളോട് ചേർത്തുവായിക്കുന്നുണ്ട്. ഇരുവർക്കും ഒരുപോലെയുള്ള ടാറ്റൂ ഉള്ളതായും ചിലർ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |