ന്യൂഡൽഹി: യാത്രക്കാരുടെ സുരക്ഷയ്ക്കായി ട്രെയിനുകളിൽ സിസിടിവി സ്ഥാപിക്കാനുള്ള തീരുമാനവുമായി ഇന്ത്യൻ റെയിൽവേ. പാസഞ്ചർ കോച്ചുകളിൽ സിസിടിവി ക്യാമറകൾ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചത് വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. യാത്രക്കാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി, വാതിലുകൾക്ക് സമീപമായാണ് സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയെന്ന് റെയിൽവേ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഇന്നലെ നടന്ന റെയിൽവേ യോഗത്തിലാണ് തീരുമാനം. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്നീത് സിംഗ് ബിട്ടുവും ലോക്കോമോട്ടീവുകളിലും കോച്ചുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ പുരോഗതി അവലോകനം ചെയ്തു. രാജ്യമെമ്പാടും പദ്ധതി നടപ്പിലാക്കാനുള്ള നീക്കത്തിലാണ് റെയിൽവേ. ഉത്തര റെയിൽവേയിലെ ലോക്കോ എഞ്ചിനുകളിലും കോച്ചുകളിലും സിസിടിവി വിജയകരമായി പരീക്ഷിച്ചതായി റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.
360 ഡിഗ്രി ക്യാമറയാണ് ട്രെയിനുകളിൽ സ്ഥാപിക്കുന്നത്. 74,000 കോച്ചുകളിലും 15,000 ലോക്കോമോട്ടീവുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനാണ് കേന്ദ്ര റെയിൽവേ മന്ത്രി അനുമതി നൽകിയിരിക്കുന്നത്. ഓരോ റെയിൽവേ കോച്ചിലും നാല് ഡോം സിസിടിവി ക്യാമറകൾ ഉണ്ടായിരിക്കും. ഓരോ പ്രവേശന വഴിയിലും രണ്ട് വീതവും ഓരോ ലോക്കോമോട്ടീവിലും ആറ് സിസിടിവി ക്യാമറകളും ഉണ്ടായിരിക്കും. ഇതിൽ ലോക്കോമോട്ടീവിന്റെ മുൻവശത്തും പിൻവശത്തും ഇരുവശത്തുമായി ഓരോ ക്യാമറയും ഉണ്ടായിരിക്കും. ലോക്കോമോട്ടീവിന്റെ ഓരോ ക്യാബിലും (മുൻവശത്തും പിൻവശത്തും) ഒരു ഡോം സിസിടിവി ക്യാമറയും രണ്ട് ഡെസ്ക് മൗണ്ടഡ് മൈക്രോഫോണുകളും ഘടിപ്പിക്കും.
സിസിടിവി ക്യാമറകൾക്ക് ഏറ്റവും പുതിയ സ്പെസിഫിക്കേഷനുകൾ ഉണ്ടായിരിക്കുമെന്നും മികച്ച നിലവാരത്തെ സൂചിപ്പിക്കുന്ന എസ്‌ടിക്യൂസി സർട്ടിഫൈഡ് ആയിരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. 100 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ ഓടുന്ന ട്രെയിനുകൾക്കും കുറഞ്ഞ വെളിച്ചമുള്ള സാഹചര്യങ്ങളിലും ഉയർന്ന നിലവാരമുള്ള ദൃശ്യങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് റെയിൽവേ ഉദ്യോഗസ്ഥരോട് കേന്ദ്രമന്ത്രി നിർദേശിച്ചു. ഇന്ത്യഎഐ മിഷനുമായി ചേർന്ന് സിസിടിവി ക്യാമറകൾ പകർത്തുന്ന ഡാറ്റയിൽ എഐയുടെ ഉപയോഗം പര്യവേക്ഷണം ചെയ്യാനും കേന്ദ്ര റെയിൽവേ മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |