ചെന്നൈ: മുൻ കരസേന മേധാവി ജനറൽ എസ്. പത്മനാഭൻ ചെന്നൈയിൽ അന്തരിച്ചു. 83 വയസ്സായിരുന്നു. ആർട്ടിലറി റെജിമെന്റിൽ കമ്മിഷൻ ചെയ്യപ്പെട്ട പത്മനാഭൻ 2000 സെപ്തംബർ 30ന് 20ാമത് കരസേന മേധാവിയായി ചുമതലയേറ്റു. 2002 വരെ പദവിയിൽ തുടർന്നു.
1940 ഡിസംബർ 5ന് തിരുവനന്തപുരത്ത് തമിഴ് ബ്രാഹ്മണകുടുംബത്തിൽ ജനിച്ച പത്മനാഭൻ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ഇന്ത്യൻ മിലിട്ടറി കോളേജിൽ ചേർന്നു. പൂനെയിലെ നാഷണൽ ഡിഫൻസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയാണ് സേനയുടെ ഭാഗമായത്. വെല്ലിംഗ്ടൺ ഡിഫൻസ് അക്കാഡമിയിൽ നിന്നും ഡൽഹിയിലെ നാഷണൽ ഡിഫൻസ് കോളേജിൽ നിന്നും ഉന്നത ബിരുദവും നേടി.
43 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിരനധി കമാൻഡ്, സ്റ്റാഫ് ഇൻസ്ട്രക്ഷണൽ പോസ്റ്റുകൾ വഹിച്ചിട്ടുണ്ട്. 1988 ഡിസംബർ മുതൽ 1991 ഫെബ്രുവരി വരെ റാഞ്ചി, ബീഹാർ, പഞ്ചാബ് എന്നിവിടങ്ങളിൽ അദ്ദേഹം ഇൻഫൻട്രി ബ്രിഗേഡിന് നേതൃത്വം നൽകി. 1991 മാർച്ച് മുതൽ 1992 ഓഗസ്റ്റ് വരെ പഞ്ചാബിലെ ഇൻഫൻട്രി ഡിവിഷന്റെ ജനറൽ ഓഫീസർ കമാൻഡറായി. തുടർന്ന് കാശ്മീർ താഴ്വരയിലെ 15 കോർപ്സിന്റെ കമാൻഡറായി. അവിടത്തെ സേവനങ്ങൾക്ക് വിശിഷ്ട സേവാ മെഡൽ ലഭിച്ചു. 1996 സെപ്തംബറിൽ നോർത്തേൺ കമാൻഡന്റിന്റെ കമാൻഡിംഗ് ഇൻ ചീഫ് ആയി. 2002 ഡിസംബർ 31ന് വിരമിച്ചു. ശേഷം ചെന്നൈയിലായിരുന്നു താമസം. സംസ്കാരം ഇന്ന് വൈകിട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |