SignIn
Kerala Kaumudi Online
Wednesday, 21 August 2024 4.49 AM IST

'ഹേമ കമ്മിറ്റിയുടെ ശുപാർശ നടപ്പിലാക്കാൻ ശ്രമിക്കും'; സർക്കാർ  ചൂഷണം  നേരിടുന്നവർക്കൊപ്പമെന്ന് മുഖ്യമന്ത്രി

pinarayi-vijayan

തിരുവനന്തപുരം: ചലച്ചിത്രമേഖലയിലെ വനിതകളുടെ പ്രശ്നങ്ങളെപ്പറ്റി ജസ്റ്റിസ് ഹേമ കമ്മിറ്റി നൽകിയ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിനിമ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റി വച്ചത് ഇന്ത്യയിൽ തന്നെ ആദ്യമാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഉയർന്ന ഗൗരവകരമായ പ്രശ്നങ്ങളുടെ തുടർച്ചയായിട്ടായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട്. കമ്മിറ്റിയുടെ ശുപാ‌ർശകൾ നടപ്പാക്കാൻ സർക്കാർ ഗൗരവപൂർവം ശ്രമിച്ചു. ഹേമ കമ്മിറ്റി പുഴ്ത്തി വച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്മിറ്റി ശുപാർശ നടപ്പാക്കുന്നതിന് പൊതു മാർഗരേഖ കൊണ്ട് വരാൻ സർക്കാരിന് അവകാശമുണ്ടോ എന്നത് പരിഗണിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

'സർക്കാർ ചൂഷണം നേരിടുന്നവർക്കൊപ്പമാണ്. കോൺക്ലേവ് അടക്കം ചർച്ചകൾ നടത്തി പ്രശ്നപരിഹാരം കണ്ടെത്താൻ ശ്രമിക്കും. റിപ്പോർട്ടിൽ പലരുടെയും സ്വകാര്യതയെ ബാധിക്കുന്ന കാര്യങ്ങളുണ്ട്. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. സിനിമ മേഖലയിൽ ഐസിസി രൂപീകരിക്കുന്നത് അടിയന്തര സ്വഭാവത്തോടെ നടപ്പാക്കി എന്ന് ഉറപ്പാക്കി. സിനിമാ സീരിയൽ രംഗത്തെ ചൂഷണം തടയാൻ ട്രെെബ്യൂണൽ രൂപീകരിക്കണമെന്ന് നിർദേശമുണ്ട്. ഭാരിച്ച സാമ്പത്തിക ബാദ്ധ്യത വരുന്ന നിർദ്ദേശം ആണിത്. ട്രെെബ്യൂണൽ ഗൗരവമായി തന്നെ പരിഗണിക്കും. സിനിമാമേഖലയാകെ മോശമെന്ന് അഭിപ്രായം സർക്കാരിനില്ല. സിനിമാ മേഖലയെ ആകെ ചെളിവാരി എറിയരുത്. സിനിമക്കുള്ളിൽ സിനിമയെ വെല്ലുന്ന തിരക്കഥ പാടില്ല. മാന്യമായ തൊഴിലവസരം ഉണ്ടാക്കാൻ സിനിമ മേഖലയിൽ നിന്നുള്ളവർ തന്നെ മുൻകെെയെടുക്കണം',- മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ

മദ്യം, മയക്കുമരുന്ന് പോലെയുളള ആശ്വാസകരമല്ലാത്ത പ്രവ്യത്തികൾ തടയണം, ലൈംഗിക അതിക്രമങ്ങൾ തടയണം തുടങ്ങിയ ഗൗരവമേറിയ കാര്യങ്ങളാണ് റിപ്പോർട്ടിലെ മറ്റു ശുപാർശകൾ. അതിനെല്ലാം ഇപ്പോള്‍ തന്നെ ക്രമസമാധാന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ക്ക് ഫലപ്രദമായി ഇടപ്പെടാന്‍ കഴിയും. ഇടപെടുന്നുമുണ്ട്. ഷൂട്ടിംഗ് സ്ഥലങ്ങളിലെല്ലാം ഇ ടോയിലറ്റുകള്‍, സുരക്ഷിതമായ ഡ്രസ് ചേഞ്ചിംഗ് മുറികള്‍, സിനിമയുമായി ബന്ധപ്പെട്ട് താമസിക്കുകയും യാത്ര ചെയ്യുകയും ചെയ്യേണ്ടിവരുന്ന സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ചകാര്യങ്ങള്‍ എന്നിവയിലെല്ലാം സര്‍ക്കാരിന് മാത്രമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നതല്ല. സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കോണ്‍ക്ലേവില്‍ ഇത് ചര്‍ച്ച ചെയ്യും.

സിനിമാ മേഖല കുത്തഴിഞ്ഞതാണെന്നോ, അതിലെ സാങ്കേതിക പ്രവര്‍ത്തകരും നടീ നടന്‍മാരും ആകെ അസാന്‍മാര്‍ഗിക സ്വഭാവം വെച്ച് പുലര്‍ത്തുന്നവരാണെന്നോ ഉളള അഭിപ്രായം സര്‍ക്കാരിന് ഇല്ല. ഒരു റിപ്പോര്‍ട്ടിന്‍റെ ഭാഗമായി സിനിമയിലെ ചിലര്‍ക്ക് ഉണ്ടായ തിക്താനുഭവങ്ങള്‍ വെച്ച് 94 വര്‍ഷത്തെ പൈതൃകമുളള മലയാള സിനിമ രംഗത്തെ വിലയിരുത്തരുത്. പ്രമേയത്തിന്‍റെ ശക്തിസ്ഥിരത കൊണ്ട് മനുഷ്യകഥാനുഗായികളായ എത്രയോ നല്ല ചലച്ചിത്രങ്ങള്‍ ജനിച്ച മണ്ണാണിത്. ലോകസിനിമാ ഭൂപടത്തില്‍ മലയാളത്തിന്‍റെ ശക്തിയും സൗന്ദര്യവും എത്രയോ വട്ടം അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. നൂതനമായ പരീക്ഷണങ്ങള്‍ കൊണ്ട് വ്യതിരിക്തമായ സിനിമാഭാഷക്ക് വ്യാകരണം ചമച്ച നാടാണ് കേരളം. അത്തരം ഒരു ഭാഷയിലെ ചലച്ചിത്രരംഗത്തെ ആകെ ചെളിവാരിയെറിയുന്ന തരം ആക്ഷേപങ്ങള്‍ ഈ നാടിന്‍റെ സിനിമ പുരോഗതിക്ക് ചേരില്ല. എന്നാല്‍ അനഭിലഷണീയമായ പ്രവണതകളോട് യാതൊരു സന്ധിയും പാടില്ല. വിദ്യാസമ്പന്നരും, പുരോഗമന വീക്ഷണവും ഉള്ളവരാണ് നമ്മുടെ നാട്ടിലെ മഹാഭൂരിപക്ഷം സിനിമാ പ്രവര്‍ത്തകരും. സിനിമാ തിരക്കഥയുടെ ഭാഗമായി വില്ലന്‍മാരുണ്ടാകാം. പക്ഷെ സിനിമാ വ്യവസായത്തില്‍ വില്ലന്‍മാരുടെ സാനിധ്യം ഉണ്ടാവാന്‍ പാടില്ല.

സിനിമയില്‍ അഭിനയിക്കാന്‍ വരുന്ന ചെറുപ്പക്കാരും, ചെറുപ്പക്കാരികളും പുതിയ കാലഘട്ടത്തിന്‍റെ പ്രതിനിധികളാണ്. അപ്രഖ്യാപിതമായ വിലക്കുകള്‍ കൊണ്ട് ആര്‍ക്കും ആരെയും ഇല്ലാത്താക്കാന്‍ കഴിയില്ലന്നാണ് ഈ തലമുറ നമ്മളോട് പറയുന്നത്. സിനിമക്കുളളിലെ അനഭലഷണീയമായ പ്രവണതകളെ ചോദ്യം ചെയ്യാനും എടുക്കുന്ന ജോലിക്ക് മാന്യമായ വേതനവും ഉറപ്പ് വരുത്താനും സിനിമയിലെ സംഘടനകള്‍ മുന്‍കൈ എടുക്കണം. സിനിമക്കുളളില്‍ സിനിമാക്കഥയെ വെല്ലുന്ന തിരക്കഥകള്‍ പാടില്ല. മാന്യമായ പെരുമാറ്റവും, മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷവും ഉറപ്പ് വരുത്തുന്നില്ലെങ്കില്‍ മലയാളസിനിമക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. ലോബിയിംഗിന്‍റെ ഭാഗമായി കഴിവുളള നടീ നടന്‍മാരെ ഒറ്റപ്പെടുത്തുകയോ അവരുടെ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമോ ഉണ്ടാവരുത്. ആശയപരമായ അഭിപ്രായഭിന്നതകള്‍ സിനിമയെ ശക്തിപെടുത്താന്‍ വേണ്ടിയുളളതാവണം. ആരേയും ഫീല്‍ഡ് ഔട്ട് ആക്കാനോ, കഴിവില്ലാത്തവര്‍ക്ക് അവസരം നല്‍കാനോ സിനിമക്കുള്ളിലെ ആരും തങ്ങളുടെ അധികാരങ്ങള്‍ ഉപയോഗിക്കരുത്.

കഴിവും, സര്‍ഗ്ഗാത്മകതയും തന്നെയായിരിക്കണം സിനിമയിലെ എല്ലാ തരം സാങ്കേതിക പ്രവര്‍ത്തനത്തിന്‍റെയും മാനദണ്ഡം. ഗ്രൂപ്പുകളോ,കോക്കസുകളൊ ഭരിക്കുന്നതാവരുത് സിനിമ. സമൂഹത്തിന്‍റെ പരിച്ഛേദമാണ് സിനിമാവ്യവസായത്തിന്‍റെ ഭാഗമാകുന്നത് എന്നത്കൊണ്ടുതന്നെ സമൂഹത്തിലെ തെറ്റായ പ്രവണതകള്‍ സിനിമയിലും എത്തുക സ്വഭാവികമാണ്. സിനിമക്കുളളിലെ ചൂഷണം അത് ലൈംഗികമായ ചൂഷണമാണെങ്കിലും, സാമ്പത്തികമായതാണെങ്കിലും മാനസികമായ ചൂഷണമാണെങ്കിലും ചൂഷകർക്ക് ഒപ്പമല്ല, മറിച്ച് ചൂഷണം ചെയ്യപ്പെടുന്നവരോട് ഒപ്പമാണ് സര്‍ക്കാര്‍. ഇരക്ക് നിരുപാധികമായ ഐക്യദാര്‍ഢ്യവും വേട്ടക്കാരനെതിരെ സന്ധിയില്ലാത്ത പോരാട്ടവുമാണ് ഈ സര്‍ക്കാരിന്‍റെ മുഖമുദ്ര. അത് ഒരിക്കലല്ല, പല തവണ ഈ സര്‍ക്കാര്‍ സ്വന്തം പ്രവര്‍ത്തി കൊണ്ട് അടയാളപ്പെടുത്തിയിട്ടുളളതാണ്ട

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.