ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ പ്രൊഫഷണലുകളുടെ സുരക്ഷാ സംവിധാനത്തിലെ പോരായ്മകൾ കണ്ടെത്തി പരിഹാരം നിർദേശിക്കാൻ നാവിക സേനയിലെ മെഡിക്കൽ സർവീസസ് ഡയറക്ടർ ജനറൽ അദ്ധ്യക്ഷയായി ഒൻപതംഗ ദൗത്യസംഘത്തെ സുപ്രീം കോടതി നിയോഗിച്ചു. വൈസ് അഡ്മിറൽ ഡോ. ആർതി സരിനാണ് സംഘം മേധാവി. അനൗദ്യോഗിക അംഗങ്ങളായി കേന്ദ്ര കാബിനറ്റ് സെക്രട്ടറി ഉൾപ്പെടെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി.
മെഡിക്കൽ പ്രൊഫഷണലുകളുടെ സുരക്ഷയും ക്ഷേമവും രാജ്യതാത്പര്യവുമായി ബന്ധപ്പെട്ട വിഷയമാണെന്നും ഇനിയൊരു ബലാത്സംഗമോ കൊലപാതകമോ സംഭവിക്കുന്നതുവരെ നോക്കിയിരിക്കാനാവില്ലെന്നും കോടതി നിലപാടെടുത്തു.
കൊൽക്കത്തയിൽ പി.ജി ഡോക്ടർ മാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഇടപെടൽ.
പ്രശ്നമുണ്ടായ ആശുപത്രിക്കും ഹോസ്റ്റലിനും സി.ഐ.എസ്.എഫ് സുരക്ഷ ഏർപ്പെടുത്താനുള്ള നടപടികൾ ഉടൻ സ്വീകരിക്കാമെന്ന് കേന്ദ്രം അറിയിച്ചു.
അന്വേഷണപുരോഗതി വ്യക്തമാക്കി സി.ബി.ഐ നാളെ തൽസ്ഥിതി റിപ്പോർട്ട് നൽകണം
ആശുപത്രിയിലെ അക്രമസംഭവത്തിൽ ബംഗാൾ സർക്കാരും നാളെ റിപ്പോർട്ട് നൽകണം
സംഭവവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടികൾ. നാളെ വീണ്ടും പരിഗണിക്കും.
`പ്രൊഫണലുകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനും സ്വത്ത് നശിപ്പിക്കുന്നത് നേരിടാനും കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ നിയമം കൊണ്ടുവന്നെങ്കിലും പ്രശ്‌നങ്ങൾ പരിഹരിക്കാൻ പര്യാപ്‌തമല്ല.'
-സുപ്രീംകോടതി
മെഡിക്കൽ
പ്രൊഫഷണലുകൾ
ഡോക്‌ടർമാർ, ഇന്റേൺഷിപ്പ് ചെയ്യുന്ന മെഡിക്കൽ വിദ്യാർത്ഥികൾ, റസിഡന്റ് - സീനിയർ റസിഡന്റ് ഡോക്‌ടർമാർ, നഴ്സുമാർ.
ദൗത്യസംഘത്തിലെ
മറ്റ് അംഗങ്ങൾ
1.ഹൈദരാബാദിലെ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഗ്യാസ്ട്രോഎന്ററോളജിയുടെ ചെയർമാൻ ഡോ. ജി. നാഗേശ്വർ റെഡ്‌ഡി
2. ഡൽഹി എയിംസ് ഡയറക്‌ടർ ഡോ.എം. ശ്രീനിവാസ്
3. ബെംഗളൂരു നിംഹാൻസ് ഡയറക്‌ടർ ഡോ. പ്രതിമാ മൂർത്തി
4. ജോധ്പൂർ എയിംസ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഡോ. ഗോവർദ്ധൻ ദത്ത് പുരി
5. ഡൽഹി ഗംഗാറാം ആശുപത്രിയിലെ ഡോ. സൗമിത്ര റാവത്ത്
6. റോത്തക്ക് പണ്ഡിറ്റ് ഡി.ഡി. ശർമ്മ മെഡിക്കൽ യൂണിവേഴ്സിറ്റി വി.സി പ്രൊഫ. അനിത സക്‌സേന
7. മുംബയ് ഡീൻ ഗ്രാന്റ് മെഡിക്കൽ കോളേജിലെ ഡോ. പല്ലവി സാപ്ലെ
8 ഡൽഹി എയിംസിലെ മുൻ പ്രൊഫസർ ഡോ. പദ്മ ശ്രീവാസ്‌തവ്
എക്‌സ് ഒഫിഷ്യോ അംഗങ്ങൾ
കേന്ദ്ര കാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, ദേശീയ മെഡിക്കൽ കമ്മിഷൻ ചെയർപേഴ്സൺ,നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഷൻസ് പ്രസിഡന്റ്
മൂന്നാഴ്ചയ്ക്കകം
ഇടക്കാല റിപ്പോർട്ട്
# സുരക്ഷ, തൊഴിൽ സാഹചര്യം, മെഡിക്കൽ പ്രൊഫഷണലുകളുടെ ക്ഷേമം, അടിസ്ഥാന സൗകര്യവികസനം എന്നിവ വിലയിരുത്തി ശുപാർശ നൽകണം. നടപ്പാക്കാനുള്ള സമയപരിധി സമിതിക്ക് നിശ്ചയിക്കാം.
# ഇടക്കാല റിപ്പോർട്ട് മൂന്നാഴ്ചയ്‌ക്കകവും, അന്തിമ റിപ്പോർട്ട് രണ്ട് മാസത്തിനകവും നൽകണം മദ്യപന്മാർ അടക്കം ലഹരിക്കടിപ്പെട്ട് ആശുപത്രിയിൽ എത്തുന്നവരെ തടയുക തുടങ്ങിയവയും പദ്ധതിയിലുണ്ടാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |