സർക്കാരിന്റെ ഇച്ഛാശക്തിയാണ് ഹേമ കമ്മറ്റി റിപ്പോർട്ടിലൂടെ തെളിയുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കോടതിയിലെ സാങ്കേതിക പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടതോടെ റിപ്പോർട്ട് പൊതുജനങ്ങളുടെ മുന്നിലേക്ക് എത്തി.പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ മേഖലയും.പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ ജീർണ്ണത മുഴുവൻ പ്രതിഫലിക്കുന്നതാണ് റിപ്പോർട്ടിലെ വിവരങ്ങൾ. കേരളം ഏറ്റവും ശ്രദ്ധേയമായ രീതിയിൽ ഇക്കാര്യങ്ങളും കൈകാര്യം ചെയ്തു. സർക്കാരിന് ഇക്കാര്യത്തിൽ എന്തു നടപടിയെടുക്കണമെന്നത് സംബന്ധിച്ച് ഒരു സംശയവുമില്ല. തുല്യത, സമത്വം, സ്ത്രീകളെ ഉന്നതിയിൽ എത്തിക്കുക എന്നതാണ് സർക്കാർ നിലപാട്. സ്ത്രീ സമൂഹത്തിന്റെ ഉന്നതിക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുകയെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
സർക്കാർ ശ്രമം പീഡകരെ സംരക്ഷിക്കാൻ: കെ. സുധാകരൻ
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയമാണെന്ന് തെളിയിച്ചെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. സ്ത്രീകൾക്കെതിരായ അതിക്രമം ശ്രദ്ധയിൽപ്പെട്ടാലുടൻ കേസെടുക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ കഴിയില്ലെന്ന സർക്കാർ വാദം പീഡകരെ സംരക്ഷിക്കുന്നതാണ്.
സ്ത്രീകൾക്കെതിരായ അതിക്രമം നടത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. റിപ്പോർട്ടിലെ ശുപാർശകളുടെ പ്രായോഗികത സിനിമാമേഖലയുമായി ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് നടപ്പാക്കണം. ആഭ്യന്തര - സാംസ്കാരിക - തൊഴിൽ വകുപ്പുകൾ റിപ്പോർട്ടിന്റെ ഗൗരവം ഉൾക്കൊണ്ട് നടപടിയെടുക്കാത്തത് നിർഭാഗ്യകരമാണ്. ഇത് ആരെ സംരക്ഷിക്കാനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. നടപടിയെടുക്കാൻ സർക്കാർ മടിക്കുന്നതിലും ദുരൂഹതയുണ്ടെന്നും സുധാകരൻ പറഞ്ഞു.
മന്ത്രി സജിചെറിയാൻ രാജിവെക്കണം:വി.മുരളീധരൻ
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വെളിപ്പെടുത്തിയ പോക്സോ പരിധിയിൽ വരുന്ന കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചു വെച്ചുകൊണ്ട് സത്യപ്രതിജ്ഞ ലംഘനം നടത്തിയ സജി ചെറിയാന് മന്ത്രിയായി തുടരാൻ അർഹതയില്ലെന്നും രാജിവെക്കണമെന്നും മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ അഞ്ചുവർഷം അടയിരുന്നത് കുറ്റവാളികളെ സംരക്ഷിക്കാനെന്നും അദ്ദേഹം ആരോപിച്ചു.
പഠിക്കാതെ അഭിപ്രായം പറയാൻ കഴിയില്ല: ബ്ലെസി
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പഠിക്കാതെ അഭിപ്രായം പറയാൻ കഴിയില്ലെന്ന് സംവിധായകൻ ബ്ലെസി പറഞ്ഞു. റിപ്പോർട്ട് പഠിച്ചിട്ടില്ല. ഇക്കാര്യത്തിൽ വ്യക്തതയോടെ സംഘടനാ തലത്തിലാണ് പ്രതികരിക്കേണ്ടത്. റിപ്പോർട്ടിൽ പറയുന്നതുപോലെയുള്ള കാര്യങ്ങൾ തന്റെ അനുഭവത്തിൽ ഉണ്ടായിട്ടില്ല. തൊഴിൽ സാഹചര്യങ്ങളിൽ നിലവിൽ മാറ്റം വന്നിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. കമ്മിറ്റിയുടെ കണ്ടെത്തലുകളെ നിഷേധിക്കുന്നില്ലെന്നും ബ്ലെസി കൊച്ചിയിൽ പറഞ്ഞു.
മൊഴി നൽകിയവർ പരാതി നൽകിയാൽ കേസെടുക്കണം:കെ.കെ ശൈലജ
ജസ്റ്റിസ് ഹേമ കമ്മിഷന് രഹസ്യമൊഴി നൽകിയവർ പരാതി നൽകാൻ തയാറായാൽ കേസെടുക്കണമെന്ന് കെ.കെ. ശൈലജ എം.എൽ.എ പറഞ്ഞു. മൊഴികളുടെ അടിസ്ഥാനത്തിൽ മാത്രം കേസെടുക്കാൻ സാങ്കേതിക പ്രയാസമുണ്ടാകും. കോടതിയിൽ തെളിവുകളാണ് പ്രധാനം. സിനിമ രംഗത്ത് ശുദ്ധീകരണം വേണം. ജനം ആരാധിക്കുന്നവർ അതിന് മുൻകൈയെടുക്കണം. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്. സിനിമ മേഖല മുതലാളിത്വ മേഖലയായി മാറി. സമ്പത്തുള്ളവർ അധികാര ദുർവിനിയോഗം ചെയ്യുന്നു.ഇത് മാറ്റാൻ സിനിമാ രംഗത്ത് അടിമുടി പരിഷ്ക്കരണം ആവശ്യമാണ്. ഇത്തരത്തിലുള്ള അരാജകത്വം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാരിന് ഇപ്പോൾ സാധിക്കും. റിപ്പോർട്ട് പുറത്ത് വിടാതിരിക്കാൻ ആരും ശ്രമിച്ചിട്ടില്ല.പുറത്തുവിടുന്നത് ശരിയല്ല എന്ന് 2020ൽ വിവരാവകാശകമ്മീഷന്റെ ഉത്തരവുണ്ടായിരുന്നു. ശേഷം വന്ന കമ്മിഷൻ പുറത്ത് വിടുന്നതിൽ കുഴപ്പമില്ലെന്നും പറഞ്ഞു. അതാണ് റിപ്പോർട്ട് വരാൻ വൈകിയതെന്നും കെ.കെ.ശൈലജ വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |