വിനേഷ് ഫോഗാട്ട് ഹരിയാന സംസ്ഥാന തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും
ന്യൂഡൽഹി : 100 ഗ്രാം ശരീരഭാരം കൂടിപ്പോയതിന്റെ പേരിൽ ഒളിമ്പിക്സ് ഗുസ്തി ഫൈനലിൽ നിന്ന് അയോഗ്യയാക്കപ്പെട്ട വനിതാ താരം വിനേഷ് ഫോഗാട്ട് രാഷ്ട്രീയത്തിലിറങ്ങുന്നതായി റിപ്പോർട്ടുകൾ. വരുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ വിനേഷിനെ വട്ടമിട്ടിരിക്കുകയാണ്. എന്നാൽ വിനേഷ് ഇതിനോട് ഇതുവരെ സമ്മതം മൂളിയിട്ടില്ല എന്നാണ് അറിയുന്നത്.
അന്താരാഷ്ട്ര കായിക കോടതിയിൽ തന്റെ അപ്പീൽ തള്ളിയതിന് ശേഷം പാരീസിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ വിനേഷിന് ഗംഭീരസ്വീകരണമാണ് ലഭിച്ചത്. ന്യൂഡൽഹി അന്താരാഷ്ട്ര വിമാനത്താവളം മുതൽ ഹരിയാന സോണിപ്പത്തിലുള്ള വീടുവരെ 110 കിലോമീറ്റർ ദൂരത്ത് പതിനായിരങ്ങളാണ് വിനേഷിന് സ്വീകരണമർപ്പിക്കാൻ കാത്തുനിന്നത്. വിനേഷിന് ലഭിച്ച ഈ ജനപിന്തുണയാണ് അവരെ രാഷ്ട്രീയത്തിലിറക്കാൻ പാർട്ടികളെ പ്രേരിപ്പിക്കുന്നത്. കോൺഗ്രസാണ് ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്.
കോൺഗ്രസ് നേതാവും എം.പിയുമായ ദീപേന്ദ്ര ഹൂഡയുടെ നേതൃത്വത്തിലായിരുന്നു വിനേഷിന് സ്വീകരണം നൽകിയത്. ബി.ജെ.പി. നേതൃത്വവും വിനേഷിന് വരവേല്പൊരുക്കാനുള്ള പദ്ധതികൾ തയ്യാറാക്കിയിരുന്നെങ്കിലും ഹൂഡ അതിനെയൊക്കെ മറികടന്ന് ഡൽഹി വിമാനത്താവളത്തിൽ വെച്ച് വിനേഷിനെ സ്വീകരിച്ചു. ബംജ്റംഗ് പുനിയ, സാക്ഷി മാലി അടക്കമുള്ള താരങ്ങളും ദീപേന്ദ്ര ഹൂഡയ്ക്കൊപ്പം അണിനിരന്നു.മതിയായ അംഗ സംഖ്യ ഉണ്ടായിരുന്നെങ്കിൽ ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് വിനേഷിനെ കോൺഗ്രസ് ഇതിനകം നാമനിർദ്ദേശം ചെയ്തേനെയെന്ന് ഹരിയാന പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ പറഞ്ഞു.
ബബിതയ്ക്ക് എതിരെ മത്സരിക്കുമോ ?
മുൻ ഗുസ്തി താരവും തന്റെ ഗുരുവും അമ്മാവനുമായ മഹാവീർ ഫോഗാട്ടിന്റെ മകളുമായ ബബിത ഫോഗാട്ടിനെതിരെ വിനേഷ് നിയമസഭയിലേക്ക് മത്സരിക്കുമോ എന്നതാണ് ഹരിയാനയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. 2014ലെ കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡലിസ്റ്റായ ബബിത 2019ൽ ഒളിമ്പിക്സ് മെഡലിസ്റ്റായ ഗുസ്തി താരം യോഗേശ്വർ ദത്തിനൊപ്പം ബി.ജെ.പിയിൽ ചേർന്നിരുന്നു. ആ വർഷം നടന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോൽക്കുകയും ചെയ്തിരുന്നു. വിനേഷിന്റെയും സാക്ഷി മാലിക്കിന്റെയും ബജ്റംഗ് പൂനിയയുടെയും നേതൃത്വത്തിൽ നടന്ന ഗുസ്തി സമരത്തിന് ആദ്യം പിന്തുണ പ്രഖ്യാപിച്ച ബബിത പിന്നീട് രാഷ്ട്രീയ സമ്മർദ്ദം മൂലം പിന്മാറിയിരുന്നു. ഇക്കുറി ബബിത ബി.ജെ.പിക്ക് വേണ്ടി മത്സരിച്ചാൽ വിനേഷിനെ എതിർസ്ഥാനാർത്ഥിയാക്കാനാണ് കോൺഗ്രസ് നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |