തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം സ്വരൂപിക്കാൻ ഏർപ്പെടുത്തിയ സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് പുതിയ നീക്കവുമായി സർക്കാർ. സാലറി ചലഞ്ചിന് സമ്മതപത്രം നൽകാത്തവർക്ക് പ്രൊവിഡന്റ് ഫണ്ടിൽ നിന്ന് (പിഎഫ്) വായ്‌പയെടുക്കാൻ സാധിക്കില്ലെന്നാണ് മുന്നറിയിപ്പ്. സർക്കാർ ജീവനക്കാരുടെ മുഴുവൻ വിവരങ്ങളും നിയന്ത്രിക്കുന്ന സ്‌പാർക്ക് സോഫ്‌ട്ടവെയറിൽ ഇത് സംബന്ധിച്ച നടപടിയാരംഭിച്ചു.
സാലറി ചലഞ്ചിലൂടെ സംഭാവന നൽകാത്ത ജീവനക്കാരുടെ അപേക്ഷ പ്രോസസ് ചെയ്യില്ലെന്നാണ് മുന്നറിയിപ്പ്. പ്രതിപക്ഷ സർവീസ് സംഘടനകൾ ഉൾപ്പെടെ സാലറി ചലഞ്ചിനോട് നിസ്സഹരിക്കാൻ തീരുമാനിച്ചതോടെയാണ് സർക്കാർ നടപടി കടുപ്പിക്കുന്നത്.
സർക്കാർ നീക്കത്തിൽ സമരവുമായി മുന്നോട്ട് പോകുമെന്ന് കോൺഗ്രസ് അനുകൂല സംഘടന അറിയിച്ചിരിക്കുകയാണ്. ദുരിതബാധിതരെ സഹായിക്കാൻ സർക്കാർ ജീവനക്കാർ അഞ്ച് ദിവസത്തെ ശമ്പളം നൽകണമെന്നാണ് സർക്കാർ അഭ്യർത്ഥിച്ചത്. സാലറി ചലഞ്ച് നിർബന്ധമാക്കിയിട്ടില്ലെങ്കിലും ഒരാളും ഇതിൽ നിന്ന് വിട്ടുനിൽക്കരുതെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ചുരുങ്ങിയത് അഞ്ചുദിവസത്തെ വേതനമാണ് ജീവനക്കാർ നൽകേണ്ടത്. തുക ഈടാക്കുന്നതിനായി സമ്മതപത്രം ജീവനക്കാരിൽ നിന്നും ബന്ധപ്പെട്ട ഡിഡിഒമാർ വാങ്ങണം. ലഭിക്കുന്ന തുക പ്രത്യേകമായി തുറക്കുന്ന ട്രഷറി അക്കൗണ്ടിലേക്ക് വരവ് വയ്ക്കണം. ശമ്പളത്തുക കണക്കാക്കുന്നത് ഈ വർഷം ഓഗസ്റ്റ് മാസത്തെ മൊത്ത ശമ്പളത്തെ അടിസ്ഥാനമാക്കിയാണെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
അഞ്ചുദിവസമെന്ന നിബന്ധന ഒഴിവാക്കണമെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആവശ്യം. ഇതിനിടെ, സമ്മതപത്രം നൽകിയില്ലെങ്കിലും ശമ്പളം പിടിക്കുമെന്ന് വ്യക്തമാക്കി ഇൻസ്റ്റിട്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് സർക്കുലർ പുറത്തിറക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |