കൊച്ചി: ഇനി കുറഞ്ഞ ചെലവിൽ ഡയപ്പറുകളും നാപ്കിനുകളും സംസ്കരിക്കാം. ബ്രഹ്മപുരത്ത് ഇതിനായി പുതിയ ഇൻസിനറേറ്റർ സംവിധാനമൊരുക്കി കൊച്ചി കോർപ്പറേഷൻ. നഗരവാസികളുടെ തീരാതലവേദനയായിരുന്നു രോഗികളും കുഞ്ഞുങ്ങളും ഉപയോഗിക്കുന്ന ഡയപ്പറുകൾ നശിപ്പിക്കുക എന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്ഥാപനം ഡയപ്പറും നാപ്കിനും സംസ്കരിക്കുന്നതിനുള്ള യൂണിറ്റ് സജ്ജമാക്കുന്നത്. സെപ്തംബറോടെ പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യം. 80 ശതമാനം വിർമ്മാണം പൂർത്തിയായി. പ്രതിദിനം മൂന്ന് ടൺ സംസ്കരിക്കാൻ സാധിക്കും. ഒരേക്കർ സ്ഥലത്താണ് സംസ്കരണ യൂണീറ്റ് പ്രവർത്തിക്കുക. മൂന്നരക്കോടി രൂപയാണ് നിർമ്മാണ ചെലവ്. സർക്കാർ ഏജൻസിയായ റെയ്ഡ്‌കോയ്ക്കാണ് നിർമാണച്ചുമതല.
മലിനീകരണവും ദുർഗന്ധവുമില്ല
അത്യാധുനിക ഇൻസിനറേറ്ററിൽ സംസ്കരിക്കുമ്പോൾ പരിസ്ഥിതി മലിനീകരണമോ ദുർഗന്ധമോ ഉണ്ടാകില്ലെന്ന പ്രത്യേകതയുണ്ട്. പുകയും പുറന്തള്ളില്ല. ശാസ്ത്രീയ രീതിയിലായിരിക്കും സംസ്‌കരണം. സർക്കാർ അംഗീകൃത ഏജൻസികളായ അരവിന്ദ് അസോസിയേറ്റ്സും ഗ്രീൻ ഇവോടെക്കുമാണ് മാലിന്യം ശേഖരിക്കുന്നത്. ഇത് അമ്പലമേട്ടിലെ കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് (കെ.ഇ.ഐ.എൽ) കൈമാറും. സംസ്കരണ ഫീസായി 30 രൂപയും 18 ശതമാനം ജി.എസ്.ടിയും കെ.ഇ.ഐ.എല്ലിന് കോർപ്പറേഷൻ നൽകണം.
നിലവിൽ സംസ്ഥാനത്ത് ഐ.എം.എയുടെ കീഴിലുള്ള ഇമേജും (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഗോസ് എക്കോഫ്രണ്ട്ലി) കെ.ഇ.ആ.എല്ലും മാത്രമാണ് ഇത്തരത്തിൽ ഡയപ്പറും നാപ്കിനും സംസ്കരിക്കുന്നത്.
കിലോ 12 രൂപ
ഒരു കിലോ ഡയപ്പറിന് 12 രൂപ നിരക്കിലാണ് കൊച്ചി കോർപ്പറേഷൻ ശേഖരിക്കുക. ഇതിന് പ്രത്യേക സംവിധാനവും ഒരുക്കും. ചില സ്വകാര്യ ഏജൻസികൾ കിലോ 60രൂപ വരെ ഈടാക്കുന്നുണ്ട്. പ്രതിദിനം നഗരത്തിൽ നിന്ന് രണ്ട് ടണ്ണോളം സാനിറ്ററി വേസ്റ്റുകൾ ശേഖരിക്കുന്നുണ്ടെന്നാണ് കണക്ക്. ബ്രഹ്മപുരത്ത് പുതിയ കേന്ദ്രം ആരംഭിക്കുമ്പോൾ കൂടുതൽ സാനിറ്ററി നാപ്കിനുകൾ സംസ്കരിക്കാൻ കഴിയും.
സംസ്കരിക്കാവുന്ന മാലിന്യം- 3 ടൺ
കോർപ്പറേഷന് നൽകേണ്ട ഫീസ്- 12 രൂപ
കോർപ്പറേഷൻ കെ.ഇ.ഐ.എല്ലിന് നൽകേണ്ട ഫീസ്- 30 രൂപ + 18 ശതമാനം ജി.എസ്.ടി
പദ്ധതി ചെലവ്-3.5 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |