കോവളം : കോളേജിൽ സുഹൃത്തുക്കൾ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച വിദ്യാർത്ഥി സസ്‌പെൻഷനിലായ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തു. കോവളം വെള്ളാർ ജംഗ്ക്ഷന് സമീപം കൈതവിളയിൽ ബിജുവിന്റെയും ഡാലിമോളുടെയും മകൻ ബിജിത്ത് കുമാറാണ് (18) വീടിനുള്ളിലെ ബാത്തുറൂമിൽ തൂങ്ങിമരിച്ചത്.
തിരുവല്ലം വണ്ടിത്തടം എം.ജി കോളേജ് ഓഫ് എൻജിനിയറിംഗിൽ ഒന്നാം വർഷ കംപ്യൂട്ടർ ഇലക്ട്രിക്സ് എൻജിനിയറിംഗ് വിദ്യാർത്ഥിയായിരുന്നു. പതിവ് പോലെ കഴിഞ്ഞ ദിവസം രാവിലെ 8.30ന് ബിജിത്ത് വീട്ടിൽ നിന്ന് കോളേജിലേക്ക് പോയി. ഉച്ചഭക്ഷണ സമയം ക്ലാസിൽ പഠിക്കുന്ന മൂന്ന് പേരും മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥിയായ മറ്റൊരാളും ചേർന്ന് ബിജിത്തിനെ ആരോരുമില്ലാത്ത കോളേജ് പുരയിടത്തിലേക്ക് കൊണ്ടുപോയി. തുടർന്ന് സുഹൃത്തുകൾ മദ്യം നിർബന്ധിച്ച് കുടിപ്പിക്കുകയായിരുന്നു. അവശനായി ക്ലാസിലെത്തിയ ബിജിത്ത് ഛർദിച്ചു. ഇതോടെ സംഭവം സ്കൂൾ അധികൃതർ അറിഞ്ഞു. തുടർന്ന് ഉച്ചയ്ക്ക് 2.30ന് ബിജിത്തിനെയും ഒപ്പമുണ്ടായിരുന്ന നാലു പേരയും കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ബിജിത്ത് ഉൾപ്പെടെ എല്ലാ വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളെ വിളിച്ചു വരുത്തിയിരുന്നു. വീട്ടിലെത്തിയ ബിജിത്ത് കോളേജിലുണ്ടായ സംഭവം അമ്മയോടും അനുജത്തിയായ ബിജിത്രയോടും പറഞ്ഞു. തുടർന്ന് ടോയിലെറ്റിൽ കയറിയ കതകടച്ചു.കുറേ നേരം ബിജിത്തിനെ അമ്മ വിളിച്ചിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് സംശയം തോന്നി. തൊട്ടടുത്ത സ്ഥാപനത്തിൽ മരപ്പണി ജോലി ചെയ്തു കൊണ്ടിരുന്ന അച്ഛൻ ബിജുവും എത്തി ബാത്ത്റൂമിന്റെ കതക് പൊളിച്ചപ്പോഴാണ് മകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിവരം അറിയിച്ചതിനെ തുടർന്ന് തിരുവല്ലം പൊലീസ് സ്ഥലത്തെത്തി. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കോളേജിന് മുന്നിൽ പ്രതിഷേധം
മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ ബന്ധുക്കൾ ബിജിത്തിന്റെ മൃതദേഹവുമായി പഠിക്കുന്ന വണ്ടിത്തടത്തെ കോളേജിലെത്തി പ്രതിഷേധിച്ചു.സംഭവത്തിൽ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾക്കെതിരെ നടപടി വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണമുണ്ടാകുമെന്ന തിരുവല്ലം പൊലീസിന്റെ ഉറപ്പിൽ പ്രതിഷേധം അവസാനിച്ചു. വെള്ളാറിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടോടെ മുട്ടത്തറ മോക്ഷ കവാടത്തിൽ സംസ്കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |