കോവളം: മകന്റെ സൈക്കിൾ അലക്ഷ്യമായി പുറത്തിട്ടത് ചോദ്യം ചെയ്ത പിതാവിനെ, ടൂവീലർ വർക്ക്ഷോപ്പ് ഉടമ കുത്തിപ്പരിക്കേൽപ്പിച്ചു. തിരുവല്ലം കരിങ്കടമുകൾ ശാസ്താ ക്ഷേത്രത്തിനു സമീപം വിഷ്ണുവിനെയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പുഞ്ചക്കരി ചരുവിള പുത്തൻ വീട്ടിൽ മൈത്രി നഗർ പ്രമോദിനെ (36) തിരുവല്ലം പൊലീസ് അറസ്റ്റു ചെയ്തു.
ചൊവാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം.പട്ടികജാതി വികസന സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പ്രതി വർക്ക്‌ഷോപ്പ് നടത്തുന്നത്. കട മാറാൻ ഇയാൾക്ക് പലതവണ സൊസൈറ്റി ഭാരവാഹികൾ കത്ത് നൽകിയിരുന്നു. എന്നാൽ ഇയാൾ മാറാത്തതിനാൽ ഭാരവാഹികളെത്തി കടയ്ക്കുള്ളിലെ ചില സാധനങ്ങൾ പുറത്തിട്ടു. ഇതിൽ വിഷ്ണുവിന്റെ മകന്റെ സൈക്കിളുമുണ്ടായിരുന്നു. ഇതുകണ്ട വിഷ്ണുവിന്റെ ഭാര്യ സൈക്കിൾ പുറത്തേക്ക് അലക്ഷ്യമായി ഇട്ടതിന് പ്രതിയുമായി വഴക്കിട്ടു. തുടർന്ന് വിഷ്ണു സ്ഥലത്തെത്തുകയും പ്രതിയുമായി തർക്കത്തിലാവുകയും ചെയ്തു.ഇതിനുശേഷമാണ് പ്രമോദ്, വിഷ്ണുവിന്റെ കഴുത്തിലും ഇടത് തോളിലും മുതുകിലും തലയിലുമായി കുത്തിപ്പരിക്കേൽപ്പിച്ചത്. ഗുരുതര പരിക്കേറ്റ വിഷ്ണുവിനെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തതായും കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതായും തിരുവല്ലം പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |