കൽപ്പറ്റ: വയനാട് ജില്ലയിൽ മേപ്പാടി പഞ്ചായത്തിൽ ഒരു ഭാഗത്തെ മൂന്നു വാർഡുകളിൽ വരുന്ന മുണ്ടക്കൈ,ചൂരൽമല പ്രദേശങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായതെങ്കിലും വയനാട് ആകെ തകർന്നുവെന്ന പ്രതീതിയാണ് കേരളത്തിലും പുറത്തും ഇപ്പോഴും നിലനിൽക്കുന്നത്. വയനാട് ടൂറിസം മേഖലയ്ക്കാണ് പ്രചാരണം തിരിച്ചടിയായത്. എന്നാൽ അതിജീവനം അനിവാര്യമായതോടെ 'വിസിറ്റ് വയനാട് ' ക്യാമ്പയിനുമായി ഡി.ടി.പി.സിയും ടൂറിസം സംഘടനകളും സംരംഭകരും രംഗത്തെത്തി. സോഷ്യൽ മീഡിയയും ക്യാമ്പയിൻ ഏറ്റെടുത്തു.
ഉരുൾ ദുരന്തത്തെ തുടർന്ന് ജില്ലാഭരണകൂടം അടച്ചിട്ട ബാണാസുരസാഗർ കഴിഞ്ഞ ദിവസം തുറന്നു. സന്ദർശകർ കുറവായിരുന്നെങ്കിലും അത് പുതിയൊരു തുടക്കമായി. വയനാട്ടിലെ അടച്ചിട്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഒരാഴ്ച മുമ്പ് തുറക്കാൻ അധികൃതർ തയ്യാറായെങ്കിലും സന്ദർശകർ മടിച്ചുനിൽക്കുകയാണ്.
പ്രളയം, കൊവിഡ്, നിപ എന്നിവ വന്നപ്പോഴും തുടക്കത്തിൽ വയനാട്ടിൽ ഇതായിരുന്നു സ്ഥിതി. മുണ്ടക്കൈ,ചൂരൽമല ഉരുൾ പൊട്ടലിനെ തുടർന്ന് വയനാട് ജില്ലയുടെ ടൂറിസം മേഖല ആകെ പ്രതിസന്ധിയിലാണ്. ദിനംപ്രതി സ്വദേശികളും വിദേശികളും ഉൾപ്പെടെ ആയിരക്കണക്കിന് ടൂറിസ്റ്റുകൾ ചുരം കയറി വന്ന സ്ഥലത്താണ് ഈ നിശ്ചലാവസ്ഥ. ദുരിതബാധിതരെ സഹായിക്കാൻ കേരളത്തിൽനിന്നും പുറത്തുനിന്നും കടൽകടന്നും നാനാ തരത്തിലുളള സഹായങ്ങൾ വയനാട്ടിലേക്ക് പ്രവഹിക്കുന്നുണ്ട്. പുനരധിവാസമാണ് ഇപ്പോൾ മുന്നിലുളള മുഖ്യ പ്രശ്നം.അത് ഭരണകൂടം മുൻകൈയെടുത്ത് ചെയ്യുന്നുണ്ട്. പക്ഷേ, ടൂറിസത്തെ ആശ്രയിച്ച് കഴിഞ്ഞിരുന്ന ഈ മലയോര ജില്ലയെ വീണ്ടെടുക്കേണ്ടതുണ്ട്. കാർഷിക മേഖലയിലെ തകർച്ചയെ തുടർന്നാണ് 2000 ത്തോടെ വയനാട് ടൂറിസം മേഖലയിലേക്ക് കടന്നത്. വയനാട്ടിലെ മുറുക്കാൻ കടക്കാരൻ മുതൽ വൻകിട റിസോർട്ടുകൾ വരെ ഇന്ന് ആശ്രയിക്കുന്നത് ടൂറിസത്തെയാണ്. അയ്യായിരത്തോളം ചെറുതും വലുതുമായ റിസോർട്ടുകളും ഹോം സ്റ്റേകളും ഹോട്ടലുകളും എല്ലാമായി വയനാട്ടിലുണ്ട്. നേരത്തെ പുത്തുമലയിൽ ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ വയനാട് ടൂറിസത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. അതിൽനിന്ന് പതുക്കെ കരകയറാൻ തുടങ്ങിയപ്പോഴാണ് മുണ്ടക്കൈ -ചൂരൽമലയിലെ മഹാദുരന്തം.ഈ ദുരന്തം ഉണ്ടാക്കിയ ആഘാതം വയനാട്ടിലെ മൊത്തം ജനങ്ങളുടെ ജീവിതത്തെയാണ് ഉലച്ചത്. ടൂറിസ്റ്റുകൾ ചുരം കയറണം. വയനാട് ഉണരണം. അതിനുള്ള ശ്രമങ്ങളാണ് ഇനി വേണ്ടത്.
''വയനാട് ടൂറിസത്തെ തിരികെ കൊണ്ടുവരാൻ എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണം. വയനാടിനെ പഴയ പ്രതാപത്തിലേക്ക് കൈപിടിച്ച് ഉയർത്തണം.
കെ.ആർ.വാഞ്ചീശ്വരൻ,പ്രസിഡന്റ്,
വയനാട് ടൂറിസം ഓർഗനൈസേഷൻ
വയനാട്: കേന്ദ്രത്തിന് വിശദ റിപ്പോർട്ട് നൽകി
കൽപ്പറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം സംബന്ധിച്ച് കേന്ദ്ര സർക്കാരിന് വിശദമായ റിപ്പോർട്ട് (മെമ്മോറാണ്ടം) ഈമാസം 18 ന് നൽകിയിട്ടുണ്ടെന്ന് റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്ന് മാത്രം നേരിടാവുന്ന ദുരന്തമല്ല വയനാട് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |