കൊച്ചി:താരങ്ങളുടെ സംഘടനയായ അമ്മയുടെ ഭരണസമിതി രാജിവച്ചതിനു പിന്നാലെ സംവിധായകർ അടക്കമുള്ളവരുടെ സംഘടനയായ 'ഫെഫ്ക'യിലും അസ്വാരസ്യം. ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണനെ സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് ഒഴിവാക്കണമെന്ന് സംവിധായകൻ ആഷിഖ് അബുവും വിമതപക്ഷത്തുള്ള വിനയനും ആവശ്യപ്പെട്ടു. വിനയൻ മുഖ്യമന്ത്രിക്ക് കത്തയയ്‌ക്കുകയും ചെയ്തു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ചില സംവിധായകർക്കെതിരെ ഇരകൾ തുറന്നടിച്ചിരുന്നു. എന്നിട്ടും മൗനം പാലിച്ച ഫെഫ്ക പത്താംദിവസമായ ഇന്നലെയാണ് നിലപാട് വ്യക്തമാക്കി റിലീസ് ഇറക്കിയത്. തൊട്ടുപിന്നാലെ, റിലീസിൽ പറയുന്നത് ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന്റെ പ്രഖ്യാപനങ്ങളാണെന്നും സംഘടനയുടേതല്ലെന്നും അംഗമായ ആഷിക് അബു തുറന്നടിച്ചു.ഫെഫ്ക എന്നാൽ ഉണ്ണിക്കൃഷ്ണൻ അല്ലെന്നും ഇടതുപക്ഷക്കാരനെന്ന വ്യാജ പരിവേഷം അണിഞ്ഞ് സർക്കാരിനെ തെറ്റിദ്ധരിപ്പിക്കാൻ സാധിച്ചയാളാണെന്നും കുറ്റപ്പെടുത്തി. ഒളിച്ചിരുന്ന് പ്രതിലോമ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചെന്നും നട്ടെല്ലുണ്ടെങ്കിൽ പൊതുമദ്ധ്യത്തിൽ പ്രതികരിക്കട്ടെയെന്നും ആഷിഖ് അബു പറഞ്ഞു.
തൊഴിൽ നിഷേധത്തിന് ശിക്ഷ കിട്ടിയ സംവിധായകൻ
സിനിമയിലെ തൊഴിൽ നിഷേധത്തിനും രഹസ്യവിലക്കിനുമെതിരെ 2014ൽ താൻ നൽകിയ ഹർജിയിൽ കോംപറ്റീഷൻ കമ്മിഷൻ ഒഫ് ഇന്ത്യ ശിക്ഷിച്ച വ്യക്തിയാണ് ഉണ്ണിക്കൃഷ്ണനെന്ന് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ വിനയൻ ചൂണ്ടിക്കാട്ടി. അമ്മയ്ക്ക് 4,00,065 രൂപയും ഫെഫ്കയ്ക്ക് 85,594 രൂപയും പിഴയാണ് അന്ന് വിധിച്ചത്. സുപ്രീംകോടതിയും ഇതു ശരിവച്ചിരുന്നു.ഇപ്പോഴത്തെ നടപടികൾക്ക് കാരണമായ ഹേമ കമ്മിറ്റി റിപ്പോർട്ടിലും ഇക്കാര്യം പരാമർശിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് ഉണ്ണിക്കൃഷ്ണനെ ഒഴിവാക്കാൻ ആവശ്യപ്പെടുന്നതെന്ന് വിനയൻ കത്തിൽ വ്യക്തമാക്കി. തൊഴിലാളി സംഘടനയെ ഫ്യൂഡൽ തൊഴുത്തിൽ കെട്ടിയ ഉണ്ണിക്കൃഷ്ണൻ തൊഴിൽ നിഷേധത്തിന് കൂട്ടുനിന്നെന്ന് ആഷിക് അബുവും ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |