തിരുവനന്തപുരം:പരിധികൾ വിട്ട് പാർട്ടിക്ക് തലവേദനയുണ്ടാക്കുന്നുണ്ടെങ്കിലും സുരേഷ് ഗോപി വിഷയത്തിൽ കരുതലോടെയുള്ള സമീപനമെടുക്കാൻ ബി.ജെ.പി. അനാവശ്യമായി പ്രതികരിച്ച് വിഷയത്തിന് അമിത പ്രാധാന്യം നൽകേണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് നേതാക്കൾക്ക് നിർദ്ദേശം നൽകി.കേന്ദ്ര നേതൃത്വത്തിന്റെ നിലപാടും അതാണ്.
സിനിമാ മേഖലയിലെ ദുഷ്പ്രവണതകൾക്കെതിരായ ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തിൽ സർക്കാരിനെതിരെ രാഷ്ട്രീയ നീക്കം നടത്തുന്നതിനിടെ സി.പി.എം.എം.എൽ.എ.മുകേഷിനെ പിന്തുണച്ച സുരേഷ് ഗോപിയുടെ നടപടി ബി.ജെ.പി.യിൽ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്.എന്നാൽ പാർട്ടി എം.പിയാണെങ്കിലും അടിസ്ഥാനപരമായി അദ്ദേഹം പ്രൊഫഷണൽ സിനിമാക്കാരനാണെന്ന് അംഗീകരിക്കണമെന്നാണ് പാർട്ടി നേതൃത്വത്തിന് കിട്ടിയ കേന്ദ്ര ഉപദേശം. അദ്ദേഹത്തിന്റെ സെലിബ്രിറ്റി പദവിയും സ്വീകാര്യതയും തിരഞ്ഞെടുപ്പിൽ വിജയിച്ച എം.പി.യെന്ന നിലയും പാർട്ടിക്ക് സംസ്ഥാനത്ത് ഗുണം ചെയ്യും. അത് നിലനിറുത്താനുള്ള നടപടികളെടുക്കാനാണ് പാർട്ടി തീരുമാനം. സുരേഷ് ഗോപി ഇത്തരം വിഷയങ്ങളിൽ എന്ത് നിലപാട് എടുത്താലും അത് പാർട്ടി നിലപാടിനെ ബാധിക്കില്ല. പ്രവർത്തകർ അത് പാർട്ടി നിലപാടായി എടുക്കുകയുമില്ല.സിനിമയിലെ സഹപ്രവർത്തകനെ പൊതുവായി പിന്തുണയ്ക്കുന്ന നിലപാട് മാത്രമാണ് സുരേഷ് ഗോപി എടുത്തത്. . അതിന് കൂടുതൽ പ്രാധാന്യം നൽകാനും ബി.ജെ.പി.ഉദ്ദേശിക്കുന്നില്ല.പാർട്ടി നിലപാട് താൻ പറഞ്ഞതാണെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം, മാധ്യമങ്ങളെ അധിക്ഷേപിക്കുകയും തള്ളിമാറ്റുകയും ചെയ്തതു പോലുള്ള സുരേഷ് ഗോപിയുടെ നടപടികൾ നിയന്ത്രിക്കപ്പെടണമെന്ന് പാർട്ടിക്കകത്ത് അഭിപ്രായമുണ്ട്.അതിനായി സുരേഷ് ഗോപിയെ നിയന്ത്രിക്കുക എളുപ്പമല്ല. പകരം സുരേഷ് ഗോപിയിൽ നിന്ന് ഇത്തരം പ്രതികരണങ്ങൾ ഉണ്ടാകാനിടയുള്ള സാഹചര്യങ്ങൾ കുറയ്ക്കാനാണ് പാർട്ടി ആലോചിക്കുന്നത്.പാർട്ടി അനുമതി ഇല്ലെങ്കിലും അടുത്തമാസം ആറിന് സിനിമയിൽ അഭിനയിക്കാൻ പോകുമെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനത്തിൽ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് അറിയുന്നത്.
ചർച്ചയാക്കേണ്ട: സുരേന്ദ്രൻ
പത്തനംതിട്ട: ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണം ഇപ്പോൾ ചർച്ചയാക്കേണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. പാർട്ടി നിലപാട് വ്യക്തമാക്കിയ ശേഷം സുരേഷ് ഗോപി പ്രതികരിച്ചിട്ടില്ല. പുതിയ വിവാദങ്ങളുടെ മറവിൽ യഥാർത്ഥ പ്രശ്നത്തിൽനിന്ന് ഒളിച്ചോടാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിത്. സി.പി.ഐ. നേതാക്കൾ പോലും മുകേഷ് രാജിവയ്ക്കണമെന്ന് പരസ്യമായി ആവശ്യപ്പെടുകയാണ്. ചലച്ചിത്രകോൺക്ലേവ് നടത്താനുള്ള നീക്കം നിറുത്തിവയ്ക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |