കിഴക്കമ്പലം: ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപകമായ തട്ടിപ്പ് നടത്തി മുങ്ങി നടന്ന വിരുതനെ കൈയോടെ പിടികൂടി പൊലീസിന് കൈമാറി കുന്നത്തുനാട്ടിലെ വ്യാപാരികൾ. കാക്കനാട് മരോട്ടിചുവട് അല്ലേഡിയം ബംഗ്ളാവിൽ സന്ദീപ് മേനോൻ (30) ആണ് പിടിയിലായത്. തട്ടിപ്പിന് വിധേയരായവർ വ്യാപാരി വ്യവസായി സമിതിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ഇട്ട പോസ്റ്റാണ് ഇയാളെ പിടികൂടുന്നതിലേക്ക് നയിച്ചത്. വ്യാപാര സ്ഥാപനങ്ങളിലെത്തി വിവിധ ഉത്പന്നങ്ങൾ വാങ്ങാനുള്ള വലിയ ഓർഡർ നൽകിയ ശേഷം തൊട്ടടുത്ത കടയിൽ സാധനങ്ങൾ വാങ്ങി നില്ക്കുന്ന പിതാവിന്റെ ഗൂഗിൾ പേ തകരാറിലായെന്ന് പറഞ്ഞ് സ്ഥാപന ഉടമയോട് 1000 മുതൽ 25000 രൂപ വരെ വാങ്ങി മുങ്ങുകയാണ് രീതി. സ്ഥാപന ഉടമയുടെ വിശ്വാസ്യത നേടാൻ പിതാവിനെന്ന വ്യാജേന ഫോൺ ചെയ്ത് വിശ്വാസമാർജിച്ചാണ് തട്ടിപ്പ്. ചെറിയ തുക തട്ടിക്കുന്നതിനാൽ പരാതി നൽകാൻ പലരും മെനക്കെടാത്തതാണ് തട്ടിപ്പ് വ്യാപകമാക്കാൻ ഇടയായത്.
അപ്പന്റെ ഗൂഗിൾ പേ വർക്കാവുന്നില്ല
അടവ് ഒന്ന്, തുക പലത്
കഴിഞ്ഞ ദിവസം പള്ളിക്കരയിലെ ഹോട്ടലിലെത്തി പൊറോട്ടയും കറികളും ഓർഡർ ചെയ്ത് എടുത്ത വയ്ക്കുന്ന സമയത്തിനിടെ മീൻ കടയിൽ നില്ക്കുന്ന പിതാവിന്റെ ഗൂഗിൾ പേ തകരാറിലെന്ന് പറഞ്ഞ് 1500 രൂപ വാങ്ങി മുങ്ങിയിരുന്നു. മുളന്തുരുത്തിയിൽ പലവ്യഞ്ജനകടയിൽ അരിയും വെളിച്ചെണ്ണയും ഓർഡർ ചെയ്ത ശേഷം 2500 രൂപ തട്ടിയെടുത്തിരുന്നു. ഇന്നലെ കിഴക്കമ്പലത്ത് ഇലക്ട്രിക്കൽ ആൻഡ് സാനിട്ടറി ഷോപ്പിലെത്തി 25000 രൂപയുടെ സാധനങ്ങൾ വാങ്ങി സമാന തട്ടിപ്പിന് ശ്രമം നടത്തി, കടയുടമയുടെ കൈയിൽ തൽസമയം പണം ഉണ്ടാകാത്തതിനാൽ. തൊട്ടടുത്ത ഇറച്ചി കടയിലെത്തി 10 കിലോ ഇറച്ചി ഓർഡർ ചെയ്ത ശേഷം വീണ്ടും തട്ടിപ്പിന് ശ്രമം നടത്തി. അവരും തുക നൽകിയില്ല. വീണ്ടും കിഴക്കമ്പലത്തെ മെഡിക്കൽ ഷോപ്പിലെത്തി 3000 രൂപയുടെ മരുന്ന് വാങ്ങി അവിടെയും തട്ടിപ്പിന് ശ്രമിച്ചു. ഇവിടെ നിന്നും പണം കിട്ടാതെ വന്നതോടെ കിഴക്കമ്പലം ജംഗ്ഷനിലെ സൂപ്പർ മാർക്കറ്റിലെത്തി സമാന തട്ടിപ്പിന് കളമൊരുക്കുകയായിരുന്നു. ഇതിനിടെ വ്യാപാരി വ്യവസായി സമിതിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ഇയാൾക്കെതിരെയുള്ള തട്ടിപ്പ് സംഭവങ്ങളും ഫോട്ടോയും വന്നു. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട സമീപത്തെ വ്യാപാരികൾ തടഞ്ഞു വെച്ച് കുന്നത്തുനാട് പൊലീസിന് കൈമാറി. ഇയാളുടെ പ്രിവന്റീവ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നിലവിൽ തട്ടിപ്പ് സംബന്ധിച്ച് കേസുള്ള എറണാകുളം സെൻട്രൽ പൊലീസിന് കൈമാറി. ജില്ലയിൽ ഒട്ടു മിക്ക സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയതായി പ്രതി സമ്മതിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |