തൃശൂർ: ചെലവെല്ലാം കഴിഞ്ഞ് മാസം ശരാശരി 60,000 രൂപ കൃഷിയിലൂടെ നേടുകയാണ് ആമ്പല്ലൂർ അളഗപ്പനഗർ പുതിയമഠം വീട്ടിൽ സൗമ്യ. പതിനഞ്ച് കൊല്ലം മുമ്പ് മട്ടുപ്പാവിൽ തക്കാളിക്കൃഷി തുടങ്ങിയ ബിരുദധാരിയായ ഈ 44കാരിക്ക് ഇപ്പോൾ പാട്ടക്കൃഷി 15 ഏക്കറിൽ. മൂന്നേക്കറിലുള്ള കുറുന്തോട്ടിക്കൃഷിയിൽ നിന്ന് സീസണിൽ ഏക്കറിന് സബ്‌സിഡി ഉൾപ്പെടെ ഒന്നേകാൽ ലക്ഷത്തോളം കിട്ടും.
ഇതിന് പുറമെ 10 പശുക്കളുടെ പാൽവിറ്റും പച്ചക്കറിക്കൃഷിയിൽ നിന്നും വരുമാനമുണ്ടാക്കുന്നുണ്ട്.
സ്വന്തമായി 16 സെന്റ് സ്ഥലമുണ്ട്. ഔഷധക്കൃഷിയുടെ പ്രാധാന്യമറിഞ്ഞ് കുറുന്തോട്ടി, കച്ചോലം, മഞ്ഞൾ, ചിത്തിരട്ട എന്നിവ തുടങ്ങി. പച്ചക്കറിക്കൃഷിയിൽ മണിപ്പയറാണ് ലാഭം. കിലോയ്ക്ക് 50 രൂപ ലഭിക്കും. ചീരക്കൃഷിയും ലാഭകരമാണ്.
മഞ്ഞൾക്കൃഷി തുടങ്ങിയിട്ട് ആറും കുറുന്തോട്ടിക്കൃഷി തുടങ്ങിയിട്ട് നാലും വർഷമായി. കുറുന്തോട്ടിയും മറ്റും സഹകരണ സംഘങ്ങൾക്കാണ് വിൽക്കുന്നത്. വിലസ്ഥിരതയില്ലാത്തതിനാൽ വാഴക്കൃഷിയിൽ പ്രതീക്ഷിച്ചത്ര ലാഭമില്ല. സംരംഭത്തിൽ വിജയിച്ച വനിതയെന്ന നിലയിൽ ഡൽഹിയിൽ കഴിഞ്ഞ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്തു. സംസ്ഥാനത്തു നിന്നും തിരഞ്ഞെടുക്കപ്പെട്ട നാലുപേരിൽ ഒരാളായിരുന്നു. കാർപെന്ററായ ഭർത്താവ് ബിജു ഒഴിവുസമയങ്ങളിൽ സഹായിക്കും. മക്കൾ: വിദ്യാർത്ഥികളായ നിത്യ (നഴ്‌സിംഗ്), നിതിൻ (പ്ലസ് ടു).
കുറുന്തോട്ടിയിൽ നേട്ടം
ഒരു ഹെക്ടറിൽ കുറുന്തോട്ടി കൃഷിയിറക്കിയാൽ അരലക്ഷം സബ്‌സിഡിയുണ്ട്. കിലോയ്ക്ക് 85 രൂപ കിട്ടും. ഏക്കറിൽ 600 കിലോയോളം ഉണക്ക കുറുന്തോട്ടിയും കുറഞ്ഞത് 12 കിലോ വിത്തും കിട്ടും. നിലമൊരുക്കാനും കളപറിക്കാനും മറ്റുമുള്ള ചെലവേയുള്ളൂ. വാരംകോരാനുള്ള ചെലവ് ആദ്യവർഷത്തിലേ വേണ്ടൂ. വിത്ത് വീണുണ്ടാകുന്ന ചെടികൾ പറിച്ചുനടാവുന്നതിനാൽ തുടർന്നുള്ള വർഷങ്ങളിൽ ചെടി വാങ്ങാനുള്ള ചെലവ് കുറയും. ചാണകവും ആട്ടിൻകാഷ്ഠവും ഉൾപ്പെടെ ജൈവവളം മതി.
ആദ്യം തയ്യലായിരുന്നു. പിന്നീടാണ് പശുവളർത്തലും കൃഷിയും തുടങ്ങിയത്.
- സൗമ്യ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |